- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
23കാരി ജീവനൊടുക്കിയതില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ പല വകുപ്പുകള്‍ പോലീസ് ചുമത്തിയില്ല; തീവ്രവാദബന്ധമുള്ള പാനായിക്കുളവുമായി ബന്ധം; യുവതിയുടെ മരണത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് സിറോ മലബാര്‍ സഭ; പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിത ലോബിയെന്ന് കത്തോലിക്കാ കോണ്‍ഗ്രസും
23കാരി ജീവനൊടുക്കിയതില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ പല വകുപ്പുകള്‍ പോലീസ് ചുമത്തിയില്ല
കോതമംഗലം: കോതമംഗലത്തെ 23കാരി ജീവനൊടുക്കിയതില്‍ എന്‍ഐഎ അന്വേഷണ ആവശ്യം ശക്തമാകുന്നു. കേസില്‍ മതപരിവര്‍ത്തന ആരോപണം ഉയര്‍ന്നിട്ടും പോലീസ് ആ വകുപ്പു ചുമത്താന്‍ തയ്യാറാകാത്തതാണ് എന്‍ഐഎ അന്വേഷണ ആവശ്യം ശക്തമാകാന്‍ ഇടയാക്കുന്നത്. സിറോ മലബാര്‍ സഭയാണ് കേസില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ ആവശ്യം ഉന്നയിച്ചത്. തീവ്രവാദ ബന്ധമുള്ള പാനായിക്കുളവുമായി കേസിന് ബന്ധമുണ്ട്. വിഷയത്തെ വളരെ ഗൗരവത്തോടെയാണ് സഭ കാണുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ലെന്നും സിറോ മലബാര്‍ സഭാ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജെയിംസ് കൊക്കാവയലില്‍ പറഞ്ഞു.
യാക്കോബായ സഭ അംഗമായതുകൊണ്ടാണ് കൂടുതല്‍ പ്രതികരണങ്ങളിലേക്ക് കടക്കാത്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനം പോലെ പല വകുപ്പുകളും പൊലീസ് ചുമത്തിയിട്ടില്ല. കൃത്യമായ വകുപ്പ് ചുമത്തി കേസ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. ഈ വിഷയം തമസ്‌കരിക്കാന്‍ മറ്റു വിവാദങ്ങള്‍ ഉണ്ടാക്കുന്നു.
ഛത്തീസ്ഗഡ് വിഷയത്തില്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയത് രാജീവ് ചന്ദ്രശേഖരും ഷോണ്‍ ജോര്‍ജുമാണ്. കേന്ദ്രസര്‍ക്കാരില്‍ ബന്ധമുള്ളവര്‍ എന്ന നിലയില്‍ അവര്‍ക്കായിരുന്നു ഇടപെടാന്‍ സാധിച്ചത്. അതുകൊണ്ടാണ് ആ നേതാക്കളുടെ പേര് പറഞ്ഞ് പാംപ്ലാനി പിതാവ് നന്ദി പറഞ്ഞത്. അവര്‍ക്ക് നന്ദി പറയേണ്ടത് സഭയുടെ കടമ. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആ വിഷയത്തില്‍ ഇടപെട്ടു. അതിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ശരിയല്ലെന്നും ജെയിംസ് കൊക്കാവയലില്‍ പറഞ്ഞു.
അതേസമയം 23കാരിയുടെ മരണവും അതിലേക്ക് നയിച്ച സാഹചര്യവും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസും ആവശ്യപ്പെട്ടും. യുവതിയുടെ കത്തിലെ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. പ്രണയം നടിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്ന സംഘടിതലോബി കേരളത്തില്‍ ഉണ്ട് എന്ന വാദത്തിന് ശക്തി പകരുന്നതാണ് കത്ത്.
വിവാഹ വാഗ്ദാനം നല്‍കിയും പ്രേരിപ്പിച്ചും ഭീഷണിപ്പെടുത്തിയും മതം മാറ്റാന്‍ ശ്രമിച്ചു എന്ന കത്തിലെ വെളിപ്പെടുത്തല്‍ ഇതിന്റെ പുറകില്‍ സംഘടിതമായ സംവിധാനങ്ങള്‍ ഉണ്ട് എന്ന സൂചനയാണ് നല്‍കുന്നത്. ഇത് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണം. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും വോട്ട്ബാങ്ക് പ്രീണനത്തിനായി വിഷയത്തെ താമസ്‌കരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. അതുകൊണ്ടാണ് ഇത്തരം ഹീനകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. ഒറ്റപ്പെട്ട സംഭവമായും ചില വ്യക്തികളുടെ മാത്രം കാര്യമായും ഈ വിഷയത്തെ നിസാരവല്‍ക്കരിക്കാതെ ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ ഫാ ഡോ ഫിലിപ്പ് കവിയില്‍, ജന. സെക്രട്ടറി ഡോ ജോസ്‌കുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഭാരവാഹികളായ പ്രൊഫ കെ എം ഫ്രാന്‍സിസ്, രാജേഷ് ജോണ്‍, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യന്‍, തോമസ് ആന്റണി, തമ്പി എരുമേലിക്കര, ജോമി ഡോമിനിക്, ഡോ കെ പി സാജു, അഡ്വ മനു വരാപ്പള്ളി എന്നിവര്‍ സംസാരിച്ചു.
നേരത്തെ സംഭവത്തില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തയച്ചിരുന്നു. മകള്‍ ജീവനൊടുക്കിയത് മതപരിവര്‍ത്തന ശ്രമം മൂലമാണെന്നും പൊലീസ് കേസെടുത്തിരിക്കുന്നത് ദുര്‍ബല വകുപ്പുകള്‍ മാത്രം ചുമത്തിയാണെന്നും കുടുംബം കത്തില്‍ പരാമര്‍ശിച്ചു.
എന്നാല്‍, അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി. മകളുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് പെണ്‍കുട്ടിയുടെ മാതാവ് ആവശ്യപ്പെടുന്നത്. മതപരിവര്‍ത്തനമാണ് പ്രതിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഇതില്‍ വിദേശത്തുനിന്ന് അടക്കമുള്ളവര്‍ ഇടപെട്ടിട്ടുണ്ടോ എന്ന് സംശയമുണ്ട്. ഈ വിഷയത്തില്‍ പോലീസ് അന്വേഷണം പര്യാപ്തമല്ല. അതുകൊണ്ടാണ് എന്‍ഐഎ അന്വേഷണം ആവശ്യപ്പെടുന്നതെന്നും കത്തില്‍ പറയുന്നു.
പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് ആണ്‍ സുഹൃത്ത് റമീസില്‍ നിന്നുണ്ടായ കടുത്ത അവഗണനയെ തുടര്‍ന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. മതം മാറിയും റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തന്നെയായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ഇവര്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കങ്ങളും സംശയങ്ങളും റമീസില്‍ നിന്ന് നേരിട്ട കടുത്ത അവഗണനയും പെണ്‍കുട്ടിയെ മരണത്തിന്റെ വക്കിലെത്തിച്ചുവെന്നാണ് പോലീസിന്റെ കണ്ടത്തല്‍.