കോട്ടയം: കോട്ടയം ഗവണ്‍മെന്റ് കോളജിലെ റാഗിങ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിക്രൂരമായി മാര്‍ദ്ദിച്ചത് പിറന്നാള്‍ ദിനത്തില്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിന്. മദ്യമടക്കം വാങ്ങാന്‍ പരാതിക്കാരനായ വിദ്യാര്‍ഥിയോട് പണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണം കൊടുക്കാന്‍ കുട്ടി തയ്യാറാകാഞ്ഞതോടെ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കോമ്പസ് ഉപയോഗിച്ച് കുത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ പകര്‍ത്തുകയും ചെയ്തു.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കോളേജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും. നിലവില്‍ കേസില്‍ അഞ്ച് പ്രതികള്‍ മാത്രമാണെന്നാണ് പൊലീസ് നിഗമനം. വിശദമായ പരിശോധനയില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോ എന്നതില്‍ വ്യക്തത വരും. ഇപ്പോഴത്തെ പരാതി പ്രകാരം ഇരയാക്കപ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വിശദമായ മൊഴി പൊലീസ് രേഖപ്പെടത്തിയിട്ടുണ്ട്.

പുറത്ത് വന്ന ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടും. പ്രതികളുടെ ഫോണില്‍ മറ്റെന്തെങ്കിലും ദൃശ്യങ്ങളുണ്ടോയെന്ന് അറിയുന്നതിനായി മൊബൈല്‍ ഫോണുകള്‍ ശാസ്ത്രിയ പരിശോധനയ്ക്ക് അയച്ചു. നിലവില്‍ റിമാന്റിലുള്ള പ്രതികളെ പൊലീസ് ഉടന്‍ കസ്റ്റിയില്‍ വാങ്ങില്ല. വിശദമായി അന്വേഷണത്തിന് ശേഷമായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുന്നത്.

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഭീഷണി ഭയന്നാണ് പീഡന വിവരം ആരും പുറത്ത് പറയാതിരുന്നത്. എതിര്‍ക്കുന്നവരെ ഈ ദൃശ്യങ്ങള്‍ കാണിച്ച് പേടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ നിന്ന് മൊഴിയെടുത്ത പൊലീസ്, കോളേജ് പ്രിന്‍സിപ്പാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടി. നിലവില്‍ കേസെടുത്തിരിക്കുന്നത് റാഗിങ് നിരോധന നിയമ പ്രകാരമാണ്. ആരെയും റാഗ് ചെയ്യില്ലെന്നും ചെയ്താല്‍ നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാമെന്നും രേഖപ്പെടുത്തിയ ബോണ്ടില്‍ ഒപ്പുവച്ച് പ്രവേശനം നേടിയവരാണ് റാഗിങ് കേസില്‍ അറസ്റ്റിലായവര്‍. 2009ലെ യുജിസി റാഗിങ് റഗുലേഷന്‍ അനുസരിച്ചുള്ളതാണ് ഈ ബോണ്ട്. സ്ത്രീധനം വാങ്ങില്ലെന്നും ഇവര്‍ എഴുതിക്കൊടുത്തിട്ടുണ്ട്.റാഗിങ് പരാതികളും അതില്‍ എടുത്ത നടപടികളും വ്യക്തമാക്കി സാധാരണ കോളജ് പ്രിന്‍സിപ്പല്‍മാര്‍ ഓരോ മാസവും അഞ്ചാം തീയതിക്കു മുന്‍പായി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം എന്നാണു ചട്ടം.

90 ദിവസമായി ക്രൂരമായി പീഡിപ്പിച്ചിട്ടും വിവരം പുറത്തു പറയാതിരുന്നതെന്ത് എന്ന പൊലീസിന്റെ ചോദ്യത്തിന് 'പുറത്തറിഞ്ഞാല്‍ തട്ടിക്കളയും' എന്ന പ്രതികളുടെ ഭീഷണി ഭയന്നാണെന്നായിരുന്നു നഴ്സിങ് വിദ്യാര്‍ഥികള്‍ പൊലീസിനോട് പറഞ്ഞത്. വീട്ടില്‍പോലും പറയാന്‍ ധൈര്യമില്ലായിരുന്നു.ശനിയാഴ്ചകള്‍ വരുമ്പോള്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്കു പേടി തുടങ്ങും. മദ്യപിക്കാന്‍ പണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ സീനിയേഴ്സിന്റെ ക്രൂരപീഡനം അനുഭവിക്കേണ്ടി വരും. റൂമിലേക്കു കയറിവന്നു കവിളത്ത് ആഞ്ഞടിക്കും. സഹിച്ച് അനങ്ങാതിരിക്കണം. രാത്രി 11 മണി മുതലാണ് റാഗിങ്. കരഞ്ഞാല്‍ വായിലേക്കു ഫെയ്സ് ക്രീം ഒഴിക്കും. റാഗിങ് സംബന്ധിച്ചു കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടതോടെയാണു കൂടുതല്‍ വിവരങ്ങള്‍ വീട്ടുകാരോടും പൊലീസിനോടും പറയാന്‍ ധൈര്യപ്പെട്ടത്.