കോട്ടയം: നാളെയുടെ മാലാഖമാര്‍ ആകേണ്ടവരാണ് കണ്ണില്‍ ചോരയില്ലാത്ത വിധത്തില്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ് ചെയ്തത്. ്അതിക്രൂരമായി വിദ്യാര്‍ഥികളെ പീഡിപ്പിച്ചു ആനന്ദം കണ്ടെത്തുന്ന സൈക്കോകളായി മാറിയിരുന്നു കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ്ങ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍. ഇവര്‍ എങ്ങനെയാണ് ജൂനിയര്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച് എന്ന വിവരം അറിഞ്ഞാല്‍ ആരും ഞെട്ടും.

കട്ടിലില്‍ ബലമായി കിടത്തിയിട്ട് കയ്യും കാലും തോര്‍ത്തുകൊണ്ട് കെട്ടി. പിന്നെ ശരീരമാസകലം ലോഷന്‍ ഒഴിച്ചു. തുടര്‍ന്ന് ദേഹത്തു കയറിയിരുന്ന് ശരീരം മുഴുവന്‍ വരഞ്ഞു മുറിവേല്‍പിച്ചു. വേദനിച്ചു കരഞ്ഞവരുടെ വായില്‍ ലോഷന്‍ ഒഴിച്ചു. ശബ്ദം പുറത്തുവന്നാല്‍ അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. റാഗിങ്ങിന് ഇരയായ വിദ്യാര്‍ഥികള്‍ തങ്ങള്‍ നേരിടേണ്ടി കൊടിയ പീഡനങ്ങളെ കുറിച്ചു പറയുമ്പോള്‍ അതു കേട്ട പോലീസ് ഉദ്യോഗസ്ഥര്‍ പോലും തലമരച്ചു നിന്നു.

ഒരുകാലത്തെ കാമ്പസിനെ അടക്കിവാണ റാഗിങ് ക്രൂരന്‍മാര്‍ തിരിച്ചു വരികയാണ്. സിനിമകളിലെ സൈക്കോ വില്ലന്മാര്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ ജൂനിയര്‍ വിദ്യാര്‍ഥികളോടു കാട്ടാന്‍ പ്രതികള്‍ക്കു മടിയുണ്ടായില്ല. പണത്തിനു വേണ്ടിയാണു ക്രൂരത ആരംഭിച്ചത്. ശനിയാഴ്ചകളില്‍ സീനിയേഴ്‌സിന് മദ്യപിക്കാന്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ പണം നല്‍കണം. 800 രൂപയാണ് ജൂനിയേഴ്‌സ് നല്‍കേണ്ട ആഴ്ചപ്പടി. ഈ ക്രൂരത പരിധി വിട്ടു പോകുന്ന അവസ്ഥയിലേക്കാണ് എത്തിയത്.

രാത്രി കാലങ്ങളിലാണ് മര്‍ദനവും ക്രൂരതകളും അരങ്ങേറിയത്. നഗ്‌നരാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ ജിംനേഷ്യത്തില്‍ ഉപയോഗിക്കുന്ന ഡംബല്‍ കെട്ടിത്തൂക്കുക, ശരീരത്ത് സൂചി ഉപയോഗിച്ചു മുറിവേല്‍പിക്കുക, മുഖത്ത് തേക്കുന്ന ക്രീം വായില്‍ ഒഴിക്കുക തുടങ്ങിയ ക്രൂരതകളുടെ ദൃശ്യങ്ങള്‍ ഗാന്ധിനഗര്‍ പൊലീസിനു ലഭിച്ചു. ഇത്തരം ക്രൂരതകള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് മറ്റു ജൂനിയര്‍ വിദ്യാര്‍ഥികളെ കാണിക്കുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നു. തങ്ങളോടു ബഹുമാനം കാണിക്കുന്നില്ലെന്നു പറഞ്ഞു സീനിയേഴ്‌സ് കഴുത്തില്‍ കത്തിവയ്ക്കും. കഴുത്ത് അറക്കുമെന്നായിരുന്നു ഭീഷണി.

അതേസമയം റാഗിങ്ങില്‍ പൊലീസ് ,അന്വേഷണം വ്യാപിപ്പിക്കാനും ഒരുങ്ങുകയാണ്. കോളേജ് ഹോസ്റ്റലിലെ കൂടുതല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചു.

തുടര്‍ച്ചയായി മൂന്ന് മാസത്തിലധികം വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന് ഇരായായിട്ടും ഹോസ്റ്റല്‍ അധികൃതരോ അധ്യാപകരോ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതാണ് ഇപ്പോഴും ദുരൂഹം. കോളേജിന്റെ പ്രിന്‍സിപ്പാള്‍ തന്നെയാണ് ഹോസ്റ്റല്‍ വാര്‍ഡന്‍. അസിസ്റ്റന്റ് വാര്‍ഡനായ മറ്റൊരു അധ്യാപകനാണ് ഹോസ്റ്റലിന്റെ പൂര്‍ണചുമതല. വളരെ കുറച്ച് കുട്ടികള്‍ മാത്രമുളള ഹോസ്റ്റലില്‍ സ്ഥിരമായി മദ്യം അടക്കം എത്തിച്ചിട്ടും നടപടികളുണ്ടായിട്ടില്ല എന്നതും പൊലീസ് സംശയത്തിന്റെ ആക്കം കൂട്ടുന്നു.

സീനിയര്‍ വിദ്യാര്‍ത്ഥികളെ പേടിച്ചിട്ടാണ് ഇതുവരെ ഒന്നും പുറത്ത് പറയാതിരുന്നതെന്നാണ് പരാതിക്കാരായ വിദ്യാര്‍ത്ഥികള്‍ നല്‍കിയ മൊഴി. കോളേജിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ആരെങ്കിലും ക്രൂരമായ റാഗിങ്ങിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. നിലവില്‍ കേസെടുത്തതും പ്രതികള്‍ റിമാന്റിലായതും കണക്കിലെടുത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങ് സംബന്ധിച്ച് തുറന്ന് പറയുമെന്നാണ് പൊലീസ് കണക്ക്കൂട്ടല്‍. ഈ സാഹചര്യത്തിലാണ് കോളേജും ഹോസ്റ്റലും കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നത്.

ഹോസ്റ്റലിലെ അസിസ്റ്റന്റ് വാര്‍ഡനായ അധ്യാപകനെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. അഞ്ച് പ്രതികളുടേയും മൊബൈല്‍ ഫോണുകള്‍ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. പരാതിക്കാരായ വിദ്യാര്‍ത്ഥികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളുള്ള ഫോണുകള്‍ ശാസ്ത്രീയ പരിശോധനയക്ക് അയക്കും. പ്രതികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. നിലവില്‍ റിമാന്റിലുളള പ്രതികളെ ആവശ്യമെങ്കില്‍ മാത്രമെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയുളളു. അതേസമയം ഉയര്‍ന്ന് വന്ന പരാതികള്‍ അന്വേഷിക്കാനാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗസമിതിയെ നിയോഗിച്ചത്. അതിവേഗത്തില്‍ റിപ്പോര്‍ട്ട് സര്‍പ്പിക്കാനാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം.