തിരുവനന്തപുരം: തനിക്കൊപ്പം കുഞ്ഞ് ഉറങ്ങിക്കിടക്കുകയായിരുന്നു എന്നാണ് അമ്മ ശ്രീതു അയല്‍വാസികളോടു പറഞ്ഞത് ആരേയും വിശ്വസിക്കും വിധം. തിരച്ചലിന് സഹോദരന്‍ ഹരികുമാറും തേടി. കുഞ്ഞിനായി തിരച്ചില്‍ നടക്കുമ്പോഴും ശ്രീതു നിസ്സംഗയായി ഇരിക്കുകയായിരുന്നു. എല്ലാം അപ്പോള്‍ തന്നെ ആ അമ്മയ്ക്ക് അറിയാമായിരുന്നു. സംഭവസമയം അമ്മ ശ്രീതു, അച്ഛന്‍ ശ്രീജിത്ത്, മൂത്തകുട്ടി പൂര്‍ണേന്ദു (ഏഴ് വയസ്സ്), അമ്മാവന്‍ ഹരികുമാര്‍, അമ്മൂമ്മ ശ്രീകല എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ അച്ഛനെ ആരും സംശയിച്ചില്ല. ശ്രീതുവിന്റെ അച്ഛന്റെ മരണത്തിന്റെ 16-ാംദിന ചടങ്ങുകള്‍ നടക്കാനിരുന്ന വ്യാഴാഴ്ചയാണ് ദുരന്തമുണ്ടായത്. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞതോടെ ആ നാട് മുഴുവന്‍ പരിശോധനയ്ക്ക് ഇറങ്ങി. പോലീസിനേയും അറിയിച്ചു.

വീടിനുസമീപത്തെ സ്ഥാപനങ്ങളിലെ മൂന്ന് സി.സി.ടി.വി.കളടക്കം പരിശോധിച്ചു. ഡിവൈ.എസ്.പി. ഷാജി അതിവേഗം സ്ഥലത്തെത്തി. കിണര്‍ മൂടിയിരുന്ന പഴന്തുണികള്‍ ഒരുവശത്ത് നീങ്ങി കിടക്കുന്നതു കണ്ടത് ഡിവൈഎസ് പിയാണ്. ഇവിടെ മാത്രം എന്താണെന്ന് ചോദിച്ചപ്പോള്‍ ഇവിടെ തുണി കഴുകിയിടാറുണ്ടെന്നായിരുന്നു ശ്രീതുവിന്റെ അമ്മ പറഞ്ഞത്. സംശയംതോന്നിയ ഡിവൈ.എസ്.പി. ഉടന്‍ ഫയര്‍ഫോഴ്സിനെ വിളിച്ചു. പിന്നെ അരമണിക്കൂറിനകം മൃതദേഹം പുറത്തെടുത്തു. മൃതദേഹം കിണറ്റില്‍നിന്നു പുറത്തെടുത്തപ്പോഴും ശ്രീതുവും സഹോദരന്‍ ഹരികുമാറും ഞെട്ടിയില്ല. ഇതെല്ലാം ഡിവൈഎസ് പി ശ്രദ്ധിച്ചു. സംശയംതോന്നിയ പോലീസ് വീട്ടുകാരെയെല്ലാം സ്റ്റേഷനിലേക്കു കൊണ്ടുപോയി. വീടിനുള്ളില്‍ വസ്ത്രങ്ങള്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയതും ദുരൂഹത വര്‍ധിപ്പിച്ചു. ചോദ്യംചെയ്യലില്‍ ഓരോരുത്തരും പറഞ്ഞ കാര്യങ്ങള്‍ പരസ്പരം പൊരുത്തപ്പെട്ടില്ല.

കുഞ്ഞിനെ കാണാനില്ല എന്ന് അമ്മ ശ്രീതു അയല്‍ക്കാരോടു പറഞ്ഞ് നിമിഷങ്ങള്‍ക്കകം കോട്ടുകാല്‍ക്കോണം എന്ന ഗ്രാമം തിരച്ചില്‍ തുടങ്ങിയിരുന്നു. രാവിലെ അഞ്ചരയ്ക്കായിരുന്നു ഇതെല്ലാം. കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന ധാരണയില്‍ പ്രദേശത്തെ സി.സി.ടി.വി.കളും വാഹനങ്ങളുമൊക്കെ പരിശോധിച്ചു.കിണറ്റിലേക്ക് ഡിവൈഎസ് പിയുടെ നിര്‍ദ്ദേശ പ്രകാരം ഇറങ്ങിയ ഫയര്‍ ഫോഴസ് വലയിറക്കി വട്ടംപിടിച്ച് കുഞ്ഞി കിണറ്റിലുണ്ടെന്ന് ഉറപ്പിച്ചു. 'കുഞ്ഞ് കിണറ്റിലുണ്ട്' അവര്‍ അപ്പോള്‍ തന്നെ വിളിച്ചു പറഞ്ഞു. അങ്ങനെ ഡിവൈഎസ് പി ഷാജിയുടെ ആ സംശയം നിര്‍ണ്ണായക വഴിത്തിരിവായി മാറി. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞപ്പോള്‍ തന്നെ അതിന്റെ പ്രാധാന്യം ഡിവൈഎസ്പി തിരിച്ചറിഞ്ഞു. പുലര്‍ച്ചെ ആയിട്ടും സ്ഥലത്തേക്ക് അദ്ദേഹം കുതിച്ചെത്തുകയും ചെയ്തു. ഇതോടെ കുട്ടിയുടെ തിരച്ചലിന് വേഗതയും ഗൗരവവും വന്നു. സഹോദരനെ അടക്കം രക്ഷപ്പെടാന്‍ അനുവദിക്കാത്ത നിരീക്ഷണവും പോലീസ് ഉറപ്പിച്ചു.

കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മാവന്‍ കുറ്റം സമ്മതിച്ചെങ്കിലും ദുരൂഹത ഇനിയും നീങ്ങാനുണ്ട്. പുലര്‍ച്ചെ 5 മണിയോടെയാണ് മകളെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി ബാലരാമപുരം പൊലീസിന് ലഭിക്കുന്നത്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലിസ് സംഘം എത്തി വീടും പരിസരവും അതിവേഗം പരിശോധിച്ചു. വീടിന് പിറകുവശത്തെ കിണര്‍ മറച്ചിരിക്കുന്ന നെറ്റ് ഒരു ഭാഗത്ത് നീങ്ങിയിരിക്കുന്നതിലെ സംശയം നിര്‍ണ്ണായകമായി. നെറ്റിനൊപ്പം കീറിയ ഭാഗത്ത് പഴംതുണിയും ഇട്ടിരുന്നു.

തുടര്‍ന്ന് കുഞ്ഞിന്റെ അച്ഛന്‍, അമ്മ, അമ്മൂമ്മ, അമ്മാവന്‍ ഹരികുമാര്‍ എന്നിവരെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പുലര്‍ച്ചെ മൂന്ന് മണിക്ക് ശേഷം അമ്മാവന്‍ ഹരികുമാര്‍ കിടന്ന മുറിയില്‍ തീപിടുത്തം ഉണ്ടായി. തനിക്കൊപ്പം കിടന്ന കുഞ്ഞിനെ പുലര്‍ച്ചെ അഞ്ചുമണിയോടെ അച്ഛനൊപ്പം കിടത്തി ശുചിമുറിയില്‍ പോയി എന്നും തിരിച്ച് വന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ല എന്നും അമ്മയും അമ്മൂമ്മയും പറഞ്ഞതായി നാട്ടുകാരും വെളിപ്പെടുത്തി. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ ഇത് നിഷേധിച്ചു. കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ കിണറിന് അടുത്തുള്ള ഷെഡില്‍ കുരുക്കിട്ട മൂന്ന് കയറുകള്‍ കണ്ടെത്തി. ഇതോടെ ഡിവൈഎസ് പിയ്ക്ക് കാര്യങ്ങള്‍ പിടികിട്ടുകയും ചെയ്തു.

ചോദ്യം ചെയ്യലില്‍ ശ്രീതുവിന്റൈയും ശ്രീജിത്തിന്റെയും ഹരികുമാറിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ശ്രീതുവിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് സഹോദരന്‍ ഹരികുമാറുമായുള്ള ചാറ്റുകളില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയത് ഹരികുമാറാണെന്ന നി?ഗമനത്തിലേക്കെത്തുമ്പോഴും കൃത്യത്തിലേക്ക് നയിച്ച കാരണമെന്തെന്നതില്‍ വ്യക്തതയില്ല. സാമ്പത്തിക ബാധ്യതക്ക് അപ്പുറം മറ്റെന്തൊക്കെയോ കുട്ടിയുടെ കൊലപാതകത്തിന് പിന്നിലുണ്ടെന്ന സംശയത്തിലാണ് പോലീസ്. അവിഹിതവും സംശയത്തിലാണ്. ശ്രീതുവും സഹോദരനും തമ്മിലെ ബന്ധവും പോലീസ് പരിശോധിക്കും.