കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന വിരണ്ടതു വെടിക്കെട്ടിന്റെ ശബ്ദം കേട്ടാണെന്നാണു പ്രാഥമിക നിഗമനമെന്നു വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. അപകടമുണ്ടായ മണക്കുളങ്ങര ക്ഷേത്രം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടിക്കെട്ടിന്റെ ശബ്ദം കേട്ടതോടെ ആനകള്‍ വിരണ്ടു. തുടര്‍ന്ന് ആളുകള്‍ ഓടുകയാണുണ്ടായത്. 32 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

കാര്യക്ഷമമായ അന്വേഷണത്തിലൂടെ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. വീഴ്ചയുണ്ടെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പടക്കം പൊട്ടിച്ചതുള്‍പ്പെടെയുള്ള കാര്യത്തില്‍ വീഴ്ചയുണ്ടായെന്നാണ് വനംവകുപ്പും പൊലീസും നടത്തിയ അന്വേഷണത്തിലെ പ്രാഥമിക വിലയിരുത്തല്‍.

അതേ സമയം എല്ലാ നിബന്ധനകളും പാലിച്ചാണ് ഉത്സവം നടത്തിയതെന്നു ക്ഷേത്ര കമ്മിറ്റി അംഗം സി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. മാലപ്പടക്കമാണ് പൊട്ടിച്ചത്. കതിന പോലെ വലിയ ശബ്ദമുള്ളവ പൊട്ടിച്ചിട്ടില്ല. 100 മീറ്റര്‍ അകലെ വച്ചാണ് പൊട്ടിച്ചത്. ആളുകളെ കൃത്യമായ അകലം പാലിച്ചാണ് നിര്‍ത്തിയതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അതേ സമയം നാട്ടാന പരിപാല ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍.കീര്‍ത്തി വ്യക്തമാക്കി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനംമന്ത്രിക്ക് നല്‍കിയെന്നും അവര്‍ പ്രതികരിച്ചു. ക്ഷേത്രം ഭാരവാഹികള്‍ നേരത്തെ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് അവിടെ ചട്ടലംഘനം ഉണ്ടായില്ലെന്നാണ്. ഇതിനെ അസാധുവാക്കുന്നതാണ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്.

പടക്കം പൊട്ടിച്ച സംഭവം, രണ്ട് ആനകളെ എഴുന്നള്ളിപ്പിക്കുമ്പോള്‍ പാലിക്കേണ്ട അകലം ഇതൊക്കെ സംബന്ധിച്ച് റിപ്പോര്‍ട്ടിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതല്‍ കാര്യങ്ങള്‍ ഫോറസ്റ്റ് ആര്‍.കീര്‍ത്തി വ്യക്തമാക്കിയിട്ടില്ലെങ്കിലും നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ലംഘനം നടന്നിട്ടുണ്ടെന്നും അവര്‍ പ്രതികരിച്ചു. വനം മന്ത്രി കാര്യങ്ങള്‍ വിശദമാക്കുമെന്നും അവര്‍ പറഞ്ഞു.

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആനകള്‍ വിരണ്ടുണ്ടായ അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. തൊട്ടടുത്ത് വന്‍ശബ്ദത്തോടെ പടക്കം പൊട്ടിയതോടെയാണ് ആനകള്‍ വിരണ്ടത്. കുറുവങ്ങാട് വട്ടാങ്കണ്ടി താഴ ലീല (68), താഴത്തേടത്ത് അമ്മുക്കുട്ടി അമ്മ (78), വടക്കയില്‍ രാജന്‍ (68) എന്നിവരാണ് മരിച്ചത്. ഉത്സവത്തിനെത്തിച്ച പീതാംബരന്‍ എന്ന ആന വിരണ്ട് ഗോകുല്‍ എന്ന ആനയെ കുത്തുകയും ആ ആന കമ്മിറ്റി ഓഫീസിനുമുകളിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു.

ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച അമ്മുക്കുട്ടി അമ്മ, ലീല, രാജന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി കൊയിലാണ്ടിയിലേക്ക് കൊണ്ടുപോയി. ദുഃഖസൂചകമായി കൊയിലാണ്ടിയിലെ 9 വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താലാണ്.