ചെങ്ങന്നൂര്‍: മഹാകുംഭമേളയില്‍ പങ്കെടുത്തു മടങ്ങിയ ചെങ്ങന്നൂര്‍ സ്വദേശി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ നാട്ടില്‍ എത്തിയില്ലെന്നു പരാതി. മുളക്കുഴ പഞ്ചായത്ത് കൊഴുവല്ലൂര്‍ വാത്തിയുടെ മേലേതില്‍ വി.എസ്. ജോജു (42) കാണാതായത്. കുടുംബം പോലീസില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ അയല്‍ക്കാനായ കുടുംബസുഹൃത്തിനൊപ്പം കഴിഞ്ഞ ഒന്‍പതിനാണ് ചെങ്ങന്നൂരില്‍ നിന്നു ട്രെയിന്‍ മാര്‍ഗം ജോജു പോയത്.

അന്നു രാത്രിയും പിറ്റേന്നും ജോജുവിന്റെ മക്കളും സ ഹോദരിയും പല തവണ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. 12 ന് ജോജു ഒപ്പം പോയ ആളുടെ ഫോണില്‍ നിന്ന് വീട്ടിലേക്കു വിളിച്ചു. തന്റെ ഫോണ്‍ തറയില്‍ വീണു പൊട്ടിയെന്നും ഒപ്പമുള്ള അയല്‍ക്കാരന്റെ ഫോണിലാണ് വിളിക്കുന്നതെന്നും പറഞ്ഞു. തങ്ങള്‍ കുംഭമേളയിലെത്തി നദിയില്‍ സ്നാനം ചെയ്ത് ചടങ്ങുകള്‍ നിര്‍വഹിച്ചെന്നും 14 നു മടങ്ങിയെത്തുമെന്നും അറിയിച്ചു. 14 ന് അയല്‍വാസി മടങ്ങിയെത്തിയെങ്കിലും ജോജു ഒപ്പമില്ലായിരുന്നു. അന്വേഷിച്ചപ്പോള്‍ തൃ പ്തികരമായ മറുപടി ലഭിച്ചില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

ജോജുവും താനും ഒരുമിച്ച് കുംഭമേളയില്‍ പങ്കെടുത്ത ശേഷം കുറച്ചകലെയുള്ള ഇറ്റാര്‍സിയിലെ താമസസ്ഥലത്തു തിരിച്ചെത്തിയിരുന്നതായി അയല്‍വാസി പറഞ്ഞു. എന്നാല്‍, അതിനിടെ തന്റെ ചില ബന്ധുക്കള്‍ നാട്ടില്‍ നിന്നു കുംഭമേളയ്ക്ക് എത്തിയിരുന്നതായും അവരെ കൂട്ടി താന്‍ പ്രയാഗ് രാജില്‍ പോയി തിരിച്ചു വരുമ്പോള്‍ ജോജുവിനെ താമസസ്ഥലത്തു കണ്ടില്ലെ ന്നുമാണ് അയല്‍വാസി കുടുംബാംഗങ്ങളെ അറിയിച്ചത്. കുംഭമേളയുടെ ഭാഗമായി നദിയില്‍ ഇരുവരും മുങ്ങിക്കുളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അയല്‍വാസിയുടെ ഫോണില്‍ നിന്നു സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു.

പോലീസില്‍ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും േേഅന്വഷണത്തില്‍ യാതൊരു പുരോഗതിയുമില്ലെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ചെങ്ങന്നൂര്‍ പോലീസ് എഫ്ഐആര്‍ ഇട്ടതല്ലാതെ ഒരു അന്വേഷണവും നടത്തുന്നില്ലെന്ന് ജോജുവിന്റെ സഹോദരിയും കെ-റെയില്‍ വിരുദ്ധ സമര സമിതി നേതാവുമായ സിന്ധു ജയിംസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ കേന്ദ്ര,സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങള്‍ക്കും ഉന്നത പൊലിസ് ഉദ്യാഗസ്ഥര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.