- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുസാറ്റിൽ ദുരന്തത്തിൽ മരിച്ച നാലാമനെയും തിരിച്ചറിഞ്ഞു; തിരക്കിൽപ്പെട്ട് മരിച്ചത് പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ്; സംഗീത നിശയ്ക്കായി സുഹൃത്തുക്കൾക്കൊപ്പം എത്തിയതെന്ന് സൂചന; മറ്റ് മൂന്ന് പേർ എൻജിയറിങ് വിദ്യാർത്ഥികൾ; വീണ് കിടന്നവരുടെ മുകളിലേക്ക് ആൾക്കൂട്ടം വീണു; എൻട്രിയും എക്സിറ്റുമായി ഉണ്ടായത് ഒരു ഗേറ്റ് മാത്രം
കൊച്ചി: കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. നോർത്ത് പറവൂർ സ്വദേശി ആൻ റുഫ്ത, കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, കോഴിക്കോട് താമരശേരി സ്വദേശി സാറാ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് പേർ കുസാറ്റിലെ രണ്ടാം വർഷം എൻജിനീയറിങ് വിദ്യാർത്ഥികളാണ്. ആൽവിൻ ജോസഫ് വിദ്യാർത്ഥിയല്ല. പരിപാടി കാണാൻ സുഹൃത്തുക്കൾക്കൊപ്പം ആൽവിൻ എത്തിയതാകാം എന്നാണ് സൂചനകൾ.
അപകടത്തിൽ പരുക്കേറ്റവർ കളമശേരി മെഡിക്കൽ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലാണ്. രണ്ടു പെൺകുട്ടികളുടെ നില അതീവഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹം കളമേശരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്താൻ നടപടികൾ തുടങ്ങി. മരിച്ചവരുടെ ബന്ധുക്കൾ അടക്കം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ വിട്ടുകൊടുക്കും.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ക്യാംപസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ സംഗീതനിശ ആരംഭിക്കുന്നതിനു തൊട്ടുമുൻപായിരുന്നു ദുരന്തം. സ്കൂൾ ഓഫ് എൻജിനീയറിങ് ആണ് പരിപാടി സംഘടിപ്പിച്ചത്. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഉൾപ്പെടെ നിരവധി ആളുകൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറി. ഇതിനിടെ തിരക്കിൽപ്പെട്ട് പടിക്കെട്ടിൽ വീണ വിദ്യാർത്ഥികളുടെ മുകളിലേക്ക് മറ്റുള്ളവരും വീഴുകയായിരുന്നു.
ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്, പ്രശസ്ത ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയാണ് സംഘടിപ്പിച്ചിരുന്നത്. പരിപാടി നടന്ന ഓഡിറ്റോറിയത്തിൽ നിരവധി വിദ്യാർത്ഥിളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർത്ഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്യുകയും നിരവധി ആളുകൾ കൂട്ടമായി ഇവിടേയ്ക്ക് എത്തുകയും ചെയ്തു. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റത്.
ക്യാംപസിനുള്ളിലുള്ള മറ്റു വിദ്യാർത്ഥികളെ പൊലീസിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. മന്ത്രിമാരായ പി.രാജീവും ആർ.ബിന്ദുവും സംഭവസ്ഥലത്തേയ്ക്കു തിരിച്ചു. ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ കളമശേരി മെഡിക്കൽ കോളജിലും എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചേർന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കൂടുതൽ ക്രമീകരണങ്ങളൊരുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികൾക്കും സജ്ജമാകാൻ നിർദ്ദേശം നൽകി. മതിയായ കനിവ് 108 ആംബുലൻസുകൾ സജ്ജമാക്കാനും നിർദ്ദേശം നൽകി. ഹെൽപ് ഡെസ്ക് നമ്പർ: 8590886080, 9778479529.
കുസാറ്റിൽ അപകടം നടന്നതിനു പിന്നാലെ ആളുകൾ ഓടിക്കൂടി വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിച്ചതു മൂലമാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതെന്നു കളമശേരി നഗരസഭയിലെ ആരോഗ്യ സ്റ്റാൻഡിങ് കൗൺസിലർ നിഷാദ പ്രതികരിച്ചു. കുസാറ്റിലെ ടെക് ഫെസ്റ്റിനിടെ മഴ പെയ്തതോടെ കുട്ടികൾ ഓഡിറ്റോറിയത്തിനകത്തു കയറുകയായിരുന്നു. ഒറ്റ വഴി മാത്രമാണ് ഓഡിറ്റോറിയത്തിന് ഉള്ളത്. അടിയന്തിര അവസ്ഥയുണ്ടായൽ പുറത്തേക്ക് പോകാനുള്ള സംവിധാനങ്ങൾ ഓഡിറ്റോറിയത്തിലില്ല. ആളുകൾക്ക് ഓടിക്കൂടി വിദ്യാർത്ഥികളെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതുമൂലമാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞതെന്നു കളമശേരി നഗരസഭയിലെ ആരോഗ്യ സ്റ്റാൻഡിങ് കൗൺസിലർ നിഷാദ് പറഞ്ഞു.
''ഹാളിൽ ഒരു എക്സിറ്റ് സംവിധാനമുണ്ടായിരുന്നില്ല. എൻട്രി ഗേറ്റ് മാത്രമാണുള്ളത്. മഴ വന്നപ്പോൾ കുട്ടികളുടെ ഐഡി കാർഡ് ചെക്ക് ചെയ്തു ഉള്ളിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ തള്ളിക്കയറ്റമുണ്ടായി. തള്ളിക്കയറ്റത്തിനിടെ വീണവരുടെ മുകളിലൂടെയാണു പോകുന്നതെന്നു കുട്ടികൾക്കു മനസിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അത്ര തിരക്കുണ്ടായിരുന്നു. ഹാളിൽ ഉൾക്കൊള്ളാൻ പറ്റുന്നതിൽ അധികം ആളുകളുണ്ടായിരുന്നു. പരിപാടി ക്രമീകരിച്ചതിൽ വീഴ്ചയുണ്ടായി'' സംഭവസ്ഥലത്തുണ്ടായിരുന്ന ആൾ പറഞ്ഞു.
ക്രമീകരണത്തിലെ പാളിച്ചകളാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ഓഡിറ്റോറിയത്തിൽ 700-800 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. പുറത്ത് നിന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ കൂടി ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ടെ വിദ്യാർത്ഥികൾ വീഴുകയായിരുന്നു. പിൻനിരയിൽ നിന്നവരും വോളന്റിയർമാർക്കുമാണ് ഗുരുതര പരിക്കുകൾ സംഭവിച്ചത്. 13 പടികൾ താഴ്ച്ചായിലേക്കാണ് വിദ്യാർത്ഥികൾ വീണത്.
64 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. 46 പേരെ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 15 പേരെ കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.




