- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് ജോലി നഷ്ടമായത് കാരണമാണ് വായ്പ തിരിച്ചടവ് മുടങ്ങിയതെന്ന ന്യായം വിലപ്പോവില്ല; കുവൈറ്റില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പ എടുത്തുമുങ്ങിയ മലയാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടികളുമായി കുവൈറ്റിലെ ബാങ്കുകള്‍; അല്‍ ആലി ബാങ്ക് ഓഫ് കുവൈറ്റ് അധികൃതര്‍ നേരിട്ടെത്തി പരാതി നല്‍കിയതോടെ നിരവധി കേസുകള്‍; 86 ലക്ഷത്തോളം തിരിച്ചടയ്ക്കാത്ത വൈക്കം സ്വദേശിനിയുടെ പേരിലും കേസ്
കുവൈറ്റില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പ എടുത്തുമുങ്ങിയ മലയാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടികളുമായി കുവൈറ്റിലെ ബാങ്കുകള്‍
കൊച്ചി: വന്‍തുകകള്‍ ബാങ്ക് വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ മലയാളികള്‍ക്കെതിരെ, ശക്തമായ ക്രിമിനല്‍ നടപടികളുമായി കുവൈറ്റിലെ ബാങ്കുകള്‍. അല്‍ ആലി ബാങ്ക് ഓഫ് കുവൈറ്റ് നടപടികള്‍ക്ക് തുടക്കമിട്ടതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. ബാങ്ക് നിയോഗിച്ച ഉന്നത ഓഫീസര്‍മാരുടെ സംഘം നേരിട്ടെത്തി നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ പോലീസ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടുകള്‍ FIR രജിസ്റ്റര്‍ ചെയ്തു.
വൈക്കം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു എഫ്‌ഐആര്‍ പ്രകാരം ആരോഗ്യ മന്ത്രാലയത്തിലെ ഡെന്റല്‍ വകുപ്പിന് കീഴിലുള്ള അല്‍ ജഹ്‌റ സ്‌പെഷ്യലൈസ്ഡ് ഡെന്റര്‍ സെന്ററില്‍ ജോലി ചെയ്ത് വരവേ വൈക്കം സ്വദേശിനിയായ ജിഷ വര്‍ഗ്ഗീസ് എന്ന നഴ്‌സ് അല്‍ അഹ്ലി ബാങ്ക് ഓഫ് കുവൈറ്റില്‍ നിന്ന് 2020 ഡിസംബര്‍ 29,500 ദിനാര്‍ വായ്പ കൈവശപ്പെടുത്തിയ ശേഷം അവശേഷിക്കുന്ന തുകയായ 86 ലക്ഷത്തി അറുപത്തിയെണ്ണായിരക്കി 338 രൂപ തിരിച്ചടയ്ക്കാതെ ബാങ്കിനെ അറിയിക്കാതെ കുവൈറ്റ് വിട്ട് നാട്ടിലേക്ക് കടന്നുഎന്നാണ് കേസ്.
വിദേശ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാതെ ഇന്ത്യയിലേക്ക് മടങ്ങുന്നത് ഒട്ടും ആശാസ്യകരമല്ലെന്ന് കേരള ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 316, 318 പ്രകാരം ക്രിമിനല്‍ വിശ്വാസ വഞ്ചന ഉള്‍പ്പെടുന്ന ഈ കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാത്തതാണ്.
പ്രതികളില്‍ പലരും ഇതിനകം ഇന്ത്യ വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് പോയിട്ടുള്ളതായാണ് ബാങ്കുകള്‍ക്കു ലഭ്യമായ വിവരം. ഇവര്‍ ഇന്ത്യയില്‍ കടുത്ത ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടേണ്ടിവരുമെന്ന് നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് അവരുടെ കുടിയേറ്റ സാധ്യതകളെ തടസ്സപ്പെടുത്തും. വിദേശത്ത് പുതിയ കുടിയേറ്റക്കാര്‍ എന്ന നിലയില്‍ വിശ്വാസ്യത ദുര്‍ബലപ്പെടുന്നതും വിഷമങ്ങള്‍ക്കിടയാക്കും. കൂടാതെ, സ്വന്തം രാജ്യത്ത് നിന്ന് പോലീസ് ക്ലിയറന്‍സ് ഇല്ലാതെ മറ്റ് രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം സാധ്യമാകില്ല. മറ്റ് വിദേശ രാജ്യങ്ങളിലേക്കു പോയി അവിടെ റെസിഡന്‍സി കിട്ടിയവര്‍ക്കെതിരെയും ക്രമിനല്‍ കേസിന്റെ പേരില്‍ ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ വഴി തെളിയും. ഇന്ത്യയിലേക്കും പുറത്തേക്കും യാത്ര ചെയ്യുമ്പോള്‍ ഇതോടെ അവര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലാകും.
ഇന്ത്യന്‍ നിയമവ്യവസ്ഥ പ്രകാരം, വിദേശത്ത് സാമ്പത്തികമായോ അല്ലാതെയോ എന്തെങ്കിലും കുറ്റകൃത്യം ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ഇന്ത്യയിലും നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. വിദേശ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത ഇത്തരം വ്യക്തികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി നിരസിച്ചിരുന്നു. എഫ്ഐആറുകള്‍ പ്രകാരം, കുടിശ്ശിക വരുത്തിയവരില്‍ പലരും ബാങ്കിന് ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ നല്‍കാനുണ്ട്. കടങ്ങള്‍ തിരിച്ചടയ്ക്കാതെ കുവൈറ്റ് വിട്ട നൂറുകണക്കിന് ഇന്ത്യക്കാരില്‍ ഭൂരിഭാഗവും കേരളീയരാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന അവരില്‍ പലരും ഇപ്പോള്‍ അയര്‍ലന്‍ഡ്, യു.കെ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണു താമസം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചതോടെ, കുവൈറ്റ് ബാങ്കുകള്‍ കേരളീയര്‍ക്കുള്ള വായ്പാ നയങ്ങള്‍ പുനര്‍നിര്‍ണയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കുവൈറ്റ് ഇന്ത്യന്‍ സമൂഹത്തിലെ ഒരു ചെറിയ വിഭാഗം നടത്തുന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആയിരക്കണക്കിനു പേരെ ബാധിക്കുന്ന കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് കാരണമായി മാറുന്നു. വിശാലമായ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശസ്തിക്കും വിശ്വാസ്യതയ്ക്കും അത് കോട്ടം വരുത്തുമെന്നും, ഇതു മൂലം വിദേശ അവസരങ്ങള്‍ പരിമിതപ്പെടുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും നിരവധി ക്രിമിനല്‍ പരാതികള്‍ ഫയല്‍ ചെയ്യുന്നുണ്ടെന്ന് ബാങ്ക് ഓഫീസര്‍മാര്‍ സ്ഥിരീകരിച്ചു. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും ക്രമിനല്‍ കേസ് നടപടികള്‍ വ്യാപിപ്പിക്കാന്‍ തങ്ങള്‍ തയ്യാറെടുക്കുന്നതായി അവര്‍ പറഞ്ഞു.
പ്രവാസി വായ്പ്പാ തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മെയ് മാസത്തില്‍ കുവൈറ്റിലെ ഗള്‍ഫ് ബാങ്കിന് അനുകൂലമായി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു. കേരളത്തില്‍ ഫയല്‍ ചെയ്തിട്ടുള്ള അത്തരം കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ ഉത്തരവ് വേണമെന്നതായിരുന്നു ഹര്‍ജിയിലെ ആവശ്യം. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ 'മെറിറ്റ് ഇല്ലാത്തത്' എന്ന നിരീക്ഷണത്തോടെയാണ് കോടതി തള്ളിയത്. ഈ കേസുകളിലെ പ്രതികളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നും അവരില്‍ പലരും ആരോഗ്യ സംരക്ഷണ മേഖലയില്‍ ജോലി ചെയ്യുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഗള്‍ഫ് ബാങ്ക് കുവൈറ്റിന്റെ 700 കോടി തട്ടിയതായി പരാതി
ഗള്‍ഫ് ബാങ്ക് കുവൈറ്റിന്റെ 700 കോടിയോളം രൂപ മലയാളികള്‍ തട്ടിയെന്ന പരാതിയില്‍ 1425 മലയാളികള്‍ക്കെതിരേ കഴിഞ്ഞ വര്‍ഷം അന്വേഷണം തുടങ്ങിയിരുന്നു. ബാങ്കില്‍നിന്ന് ലോണെടുത്ത ശേഷം മറ്റു രാജ്യങ്ങളിലേക്ക് കടന്നെന്നാണ് പരാതി. സംഭവത്തില്‍ കേരളത്തില്‍ പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് വിവരം.
അന്‍പത് ലക്ഷം മുതല്‍ രണ്ടു കോടി വരെയാണ് ലോണെടുത്തിരിക്കുന്നത്. ആദ്യം ചെറിയ ലോണുകളെടുത്ത് കൃത്യമായി തിരിച്ചടച്ച ശേഷം വലിയ ലോണുകള്‍ എടുക്കുകയായിരുന്നു. പിന്നീട് ഇംഗ്ലണ്ട്, കാനഡ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി.
തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം തുടങ്ങിയത്. അപ്പോഴാണ് 1425 മലയാളികള്‍ തങ്ങളെ പറ്റിച്ചുവെന്ന് ബാങ്കിന് മനസിലായത്. ഇതോടെ ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കണ്ടു. തട്ടിപ്പ് നടത്തിയവരുടെ വിലാസമടക്കം നല്‍കി. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേര്‍ കുറ്റം ആരോപിക്കപ്പെട്ടവരില്‍ ഉണ്ട്. ആദ്യം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിച്ചുവെന്നാണ് ബാങ്ക് മനസിലാക്കുന്നത്. ഇതിന് പിന്നില്‍ ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടോയെന്നും സംശയിക്കുന്നുണ്ട്. ദക്ഷിണ മേഖലാ ഐജിയാണ് അന്വേഷണം നടത്തുന്നത്. നിലവില്‍ എറണാകുളം കോട്ടയം ജില്ലകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജോലി നഷ്ടമായത് കാരണമാണെന്ന് പ്രതികളായ മലയാളികള്‍
കുവൈറ്റില്‍ ബാങ്കിനെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പിന് ഇരയാക്കിയ കേസില്‍ പ്രതികളായ മലയാളികള്‍ വിശദീകരണവുമായി രംഗത്ത് എത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് ജോലി നഷ്ടപ്പെട്ടതാണ് വായ്പ തിരിച്ചടവ് മുടങ്ങാന്‍ കാരണമെന്നും, ബാങ്കിനെ കബളിപ്പിക്കാന്‍ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും പ്രതികള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രതികരിച്ചിരുന്നു.2020-22 കാലഘട്ടത്തില്‍ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എഴുനൂറോളം മലയാളികള്‍ ഉള്‍പ്പെടെയാണ് ഈ തട്ടിപ്പ് നടത്തിയത്.