കറാച്ചി: വളര്‍ത്തുന്ന പാമ്പുകള്‍ തന്നെ തിരിച്ചുകൊത്തുന്ന അവസ്ഥയിലാണ് ഇപ്പോള്‍ പാകിസ്ഥാന്‍. ലഷ്‌കര്‍-ഇ-തൊയ്ബ എന്ന ഭീകര സംഘടനയുടെ കരുത്തനായ കമാന്‍ഡര്‍ ബിലാല്‍ ആരിഫ് സറാഫി സ്വന്തം കുടുംബാംഗങ്ങളുടെ വെടിയേറ്റും കുത്തേറ്റും കൊല്ലപ്പെട്ട വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈദ് പ്രാര്‍ത്ഥനകള്‍ക്ക് പിന്നാലെയായിരുന്നു നാടകീയമായ ഈ കൊലപാതകം. ഭീകരതയുടെ വിത്തുപാകി നടന്ന സറാഫിയുടെ അന്ത്യം സ്വന്തം രക്തത്തില്‍ പിറന്നവരാല്‍ തന്നെയായത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

മുരിദ്കെയിലെ മര്‍കസിന് സമീപമുള്ള ലഷ്‌കര്‍-ഇ-തൊയ്ബയുടെ പഴയ ആസ്ഥാനത്തിന് തൊട്ടടുത്താണ് സംഭവം നടന്നത്. കുടുംബതര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെ പ്രാഥമിക കാരണമെന്നാണ് സൂചന. ഈദ് ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ വാക്കേറ്റം വെടിവെപ്പിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. സംഭവത്തില്‍ സറാഫിയുടെ കുടുംബാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന സറാഫിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനിരിക്കുന്നതേയുള്ളൂ.

വെറുമൊരു ഭീകരനായിരുന്നില്ല ബിലാല്‍. ലഷ്‌കറിന്റെ റിക്രൂട്ട്മെന്റ് വിഭാഗത്തിലെ തലച്ചോറായിരുന്നു ഇയാള്‍. മുരിദ്കെ സെന്ററിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനും അവരെ ചാവേറുകളാക്കി മാറ്റാനുമുള്ള പ്രത്യേക കഴിവ് ഇയാള്‍ക്കുണ്ടായിരുന്നു. മതപരമായ ആശയങ്ങളെ വളച്ചൊടിച്ച് യുവാക്കള്‍ക്ക് തീവ്രവാദ പരിശീലനം നല്‍കുന്നതില്‍ ഇയാള്‍ കുപ്രസിദ്ധനായിരുന്നു. അങ്ങനെ കുപ്രസിദ്ധനായ ആളാണ് കൊല്ലപപെട്ടിരിക്കുന്നത്.

അയല്‍രാജ്യങ്ങളെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ നട്ടുനനച്ചു വളര്‍ത്തിയ ഭീകരവാദമെന്ന വിഷവൃക്ഷം ഇപ്പോള്‍ അവര്‍ക്ക് തന്നെ ഭീഷണിയായിരിക്കുകയാണ്. 2026-ലെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ദക്ഷിണേഷ്യയില്‍ 2025-നെ അപേക്ഷിച്ച് സ്ഥിതിഗതികള്‍ മോശമായ ഒരേയൊരു രാജ്യം പാകിസ്ഥാന്‍ മാത്രമാണ്.

ഖൈബര്‍ പഖ്തൂണ്‍ഖ്വയും ബലൂചിസ്ഥാനും ഇന്ന് ചോരക്കളമായി മാറിയിരിക്കുന്നു. രാജ്യത്തെ ഭീകരാക്രമണങ്ങളുടെ 74 ശതമാനവും മരണങ്ങളുടെ 67 ശതമാനവും നടക്കുന്നത് ഈ രണ്ട് മേഖലകളിലാണ്. ഭീകരതയെ വിദേശനയത്തിന്റെ ആയുധമാക്കിയ ഭരണകൂടത്തിന്, സ്വന്തം കമാന്‍ഡര്‍മാര്‍ തെരുവില്‍ കൊല്ലപ്പെടുന്നത് നോക്കിനില്‍ക്കാന്‍ മാത്രമേ ഇപ്പോള്‍ സാധിക്കുന്നുള്ളൂ. തീവ്രവാദം വളര്‍ത്തിയ പാകിസ്ഥാന്റെ പതനം പൂര്‍ണ്ണമാവുകയാണോ എന്ന ചോദ്യമാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ ഉയര്‍ത്തുന്നത്.