കോട്ടയം: ബാംഗ്ളൂരില്‍ യുവാവിന്റെ മരണം ചുരളഴിഞ്ഞത് ക്രൂരമായ കൊലപാതകത്തിലേയ്ക്ക്. ബാംഗ്ളൂരില്‍ ജോലി ചെയ്യുന്ന തൊടുപുഴ ചിറ്റൂര്‍ സ്വദേശി ലിബിന്‍ ബേബി (32) യുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് എബിനെ കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ നിന്നും കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ എബിനെ കര്‍ണാടക പോലീസ് തെരയുന്നതിനിടയില്‍ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ലിബിന്‍ മരിച്ചത്. ലിബിനും എബിനും ഒരുമിച്ചായിരുന്നു താമസം. ഇരുവരും തമ്മിലുണ്ടായ വാക്ക്തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അവശനായ ലിബിനെ ആശുപത്രിയിലെത്തിച്ചത് എബിനാണ്. കുളിമുറിയില്‍ വീണ് പരുക്കേറ്റതായാണ് ആശുപത്രിയില്‍ എബിന്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. എന്നാല്‍ ശരീരത്തിലെ മുറിപാടുകള്‍ കണ്ട ഡോാക്ടര്‍മാര്‍ക്ക് സംശയം തോന്നി. വിശദമായ പരിശോധനയില്‍ വീഴ്ച്ചയില്‍ സംഭവിച്ച മുറിവല്ലെന്ന് കണ്ടെത്തി. തലയില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം.

ലിബിന്‍െ ആരോഗ്യ നില മോശമാണെന്ന് അറിഞ്ഞതോടെ എബിന്‍ അവിടെ നിന്നും മുങ്ങി. തുടര്‍ന്ന് ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ലിബിന്റെ ബന്ധുക്കളെ വിവരം അറിയിച്ചു. ലിബിനും എബിനും തമ്മില്‍ കയ്യേറ്റമുണ്ടായതായും ബന്ധുക്കളെ സൃഹൃത്തുക്കള്‍ അറിയിച്ചു. അമ്മയും സഹോദരിയും ഉള്‍പ്പെടെ ആശുപത്രിയിലെത്തിയിരുന്നു. ഇതെ തുടര്‍ന്ന് മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

പോലീസ് ഇക്കാര്യം അന്വേഷിച്ച് കൊലപാതകമെന്ന് ഉറപ്പു വരുത്തി. കാഞ്ഞിരപ്പള്ളി പോലീസ് കര്‍ണാടക പോലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷമേ സംഭവത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകു. ശനിയാഴ്ച്ച രാത്രിയാണ് ലിബിന് പരുക്കേറ്റതായി വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്. കര്‍ണാടക നിഹാംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം സംഭവിക്കുന്നത്. സംഭവത്തില്‍ ഹെബ്ബ ഗുഡി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു.

മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ആന്തരികാവയവങ്ങള്‍ 8 പേര്‍ക്ക് ദാനം ചെയ്തു. 6 വര്‍ഷമായി ലിബിന്‍ ബാംഗ്ളൂരുവില്‍ ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. മലയാളികളായ 3 സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മുറിയിലാണ് താമസിച്ചത്. ഈ മുറിയില്‍ എബിന് താമസിക്കാന്‍ സൗകര്യം നല്‍കുകയായിരുന്നു. ചിറ്റൂര്‍ പുത്തന്‍പുരയില്‍ ബേബിയുടെയും മേരിക്കുട്ടിയുടെയും മകനാണ് ലിബിന്‍. സഹോദരി ലിന്റു. സംസ്‌ക്കാരം നടത്തി.