തിരുവനന്തപുരം: സഹോദരങ്ങളായ ഒന്‍പതു വയസ്സുകാരിയേയും ആറു വയസ്സുകാരിയേയും പീഡിപ്പിച്ച 63കാരന് രണ്ട് ഇരട്ട ജീവപര്യന്തം തടവ് വിധിച്ച് കോടതി. കുട്ടികളുടെ അമ്മുമ്മയുടെ കാമുകനെയാണ് കോടതി ശിക്ഷിച്ചത്. കുട്ടികളുടെ ബാല്യം നഷ്ടപ്പെടുത്തിയ പ്രതി ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. പ്രത്യേക പോക്‌സോ കോടതി ജഡ്ജി ആര്‍.രേഖയാണ് പ്രതി വിക്രമന് ശിക്ഷ വിധിച്ചത്. ഒരു പ്രതിക്ക് രണ്ട് കേസുകളില്‍ ഇരട്ട ജീവപര്യന്തം കിട്ടുന്നത് അപൂര്‍വമാണ്.

ഒന്‍പതു വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടതി വിവിധ വകുപ്പുകളിലായി രണ്ട് ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഈ കുട്ടിയുടെ അനുജത്തിയായ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് ഇയാള്‍ക്ക് കഴിഞ്ഞ ബുധനാഴ്ച ഇതേ കോടതി സമാനശിക്ഷ വിധിക്കുക ആയിരുന്നു.

പിഴത്തുക ഒടുക്കിയാല്‍ കുട്ടിക്കു നല്‍കണം. ഒടുക്കിയില്ലെങ്കില്‍ ആറ് മാസം അധിക തടവും അനുഭവിക്കണമെന്നാണ് ഉത്തരവ്. രണ്ട് കുട്ടികളെയും ഒരേസമയമാണ് ഇയാള്‍ ഉപദ്രവിച്ചിരുന്നത്. ഇരുവരുടെയും വാ പൊത്തിപ്പിടിച്ചു കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അതിക്രമം. ആറ് മാസത്തോളം തടവറയ്ക്ക് സമാനമായ ജീവിതമാണ് കുഞ്ഞുങ്ങള്‍ അനുഭവിച്ചത്

അച്ഛനും അമ്മയും ഉപേക്ഷിച്ച പെണ്‍കുട്ടികള്‍ അമ്മൂമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. അമ്മൂമ്മയുടെ കാമുകനാണ് പ്രതി. 2020-2021 കാലഘട്ടത്തിലായിരുന്നു പീഡനം. അമ്മൂമ്മ വീട്ടില്‍ ഇല്ലാതിരിക്കുന്ന സമയത്താണ് കുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയും പീഡിപ്പിക്കുകയും ചെയ്തത്. പീഡിപ്പിക്കുന്ന സമയം കുട്ടികള്‍ ഉറക്കെ കരയുമായിരുന്നു. ഒരു ദിവസം വാതില്‍ അടയ്ക്കാതെ പ്രതി കുട്ടികളെ പീഡിപ്പിക്കുന്നത് അയല്‍വാസി കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

കേസ് വിസ്താരവേളയില്‍ ഇരു കുട്ടികളും കരഞ്ഞതിനാല്‍ വിസ്താരം പലതവണ നിര്‍ത്തി വെച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. മംഗലപുരം പോലീസ് സ്റ്റേഷനിലെ എ.അന്‍സാരി, കെ.പി.തോംസണ്‍, എച്ച്.എല്‍.സജീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.