- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രണ്ടു വയസ്സുകാരന്റെ വാരിയെല്ല് പൊട്ടി; ആന്തരികാവയവങ്ങള്‍ തകര്‍ന്നു: ഇത്രയും പൈശാചികവും ക്രൂരവുമായ പീഡനം ഏറ്റുവാങ്ങിയ ശരീരം മുമ്പ് പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടില്ലെന്ന ഡോക്ടറും; ഏകലവ്യന്‍ കൊലക്കേസില്‍ അമ്മ ഉത്തരയ്ക്കും കാമുകനും ജീവപര്യന്തം
ഏകലവ്യന്‍ കൊലക്കേസില്‍ അമ്മ ഉത്തരയ്ക്കും കാമുകനും ജീവപര്യന്തം
തിരുവനന്തപുരം: വര്‍ക്കലയില്‍ രണ്ടു വയസുകാരനെ അതിക്രൂരമായി മര്‍ദിച്ചും അടിച്ചും കൊലപ്പെടുത്തിയ കേസില്‍ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും ജീവപര്യന്തം തടവിന് വിധിച്ച് കോടതി. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി 27കാരി ഉത്തരക്കും കാമുകന്‍ രജീഷിനുമാണ് കോടതി ശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി കെ വിഷ്ണുവാണ് ഇരുവരെയും ശിക്ഷിച്ചത്. 2018 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഏകലവ്യന്‍ എന്ന രണ്ട് വയസ്സുകാരനായ മകനെ അമ്മ ഉത്തര കാമുകനുമായി ചേര്‍ന്ന് അതിക്രൂരവും പൈശാചികവുമായി കൊലപ്പെടുത്തുക ആയിരുന്നു. കാമുകനൊപ്പം താമസിക്കാന്‍ കുഞ്ഞ് തടസ്സമാണെന്ന് കണ്ടെത്തിയതോടെയാണ് ഇരുവരും കുഞ്ഞിനെ അതിക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയത്. 2018 ഡിസംബര്‍ 15 നാണ് രണ്ട് വയസ്സുകാരന്‍ ഏകലവ്യന്‍ അമ്മയുടെയും കാമുകന്റെയും കൈകളാല്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മനുവുമായി പിണങ്ങിയ ഉത്തര കാമുകന്‍ രജീഷുമായി വര്‍ക്കലയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. മിക്ക ദിവസങ്ങളിലും മകനെ ഉത്തര മാരകമായി മര്‍ദ്ദിച്ചിരുന്നു.
സംഭവദിവസം രാവിലെ ശ്വാസതടസ്സവും ശാരീരിക അസ്സസ്ഥകളുമായി ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതായും വാരിയെല്ല് പൊട്ടിയതായും കണ്ടെത്തിയിരുന്നു. കുട്ടിയുടെ ശരീരമാസകലം ക്ഷതവും കണ്ടെത്തിയിരുന്നു. ഇത്രയും പൈശാചികവും ക്രൂരവുമായ പീഡനം ഏറ്റുവാങ്ങിയ ശരീരം മുമ്പ് പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടില്ലെന്ന ഡോക്ടറുടെ മൊഴിയും കേസില്‍ വഴിത്തിരിവായി. ഇതോടെ ഇരുവരേയും പോലിസ് കസ്റ്റഡിയില്‍ എടുത്തു.
തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാനായി കുട്ടിയെ ഒഴിവാക്കുന്നതിനു വേണ്ടി കൊലപ്പെടുത്തുകയായിരുന്നു വെന്ന് ഇവര്‍ പിന്നീട് പൊലീസിനോട് സമ്മതിച്ചു. കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവും 50000 രൂപ പിഴയും, കുട്ടിയെ ഉപദ്രവിച്ച കുറ്റത്തിന് ജെ ജെ ആക്ട് പ്രകാരം രണ്ടു വര്‍ഷം തടവും 50000 രൂപ പിഴയുമാണ് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജ് കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്.