മുംബൈ: മഹാരാഷ്ട്രയിലെ ലോണോവാലയില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍പ്പെട്ട് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒന്‍പതു വയസ്സുകാരിയുടെ മൃതദേഹമാണു കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ നാലായി. അപകടത്തില്‍പ്പെട്ടു കാണാതായ നാലു വയസ്സുകാരിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മൂന്ന് മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപത്തുവച്ചാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. മുംബൈയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ സ്റ്റേഷനില്‍ അവധിയാഘോഷിക്കാന്‍ എത്തിയതായിരുന്നു കുടുംബം. മേഖലയില്‍ പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് അപ്രതീക്ഷിതമായി കൂടിയതാണ് അപകടകാരണം.

വെള്ളച്ചാട്ടത്തിനു നടുവിലെ പാറയില്‍ കുടുങ്ങിയ കുടുംബത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സഹായത്തിനായി നിലവിളിച്ച കുടുംബാംഗങ്ങള്‍ അവിടെനിന്നു കരയിലേക്കെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കില്‍പെട്ടത്. പൂണെ സ്വദേശികളായ 17 അംഗ സംഘമാണ് വിനോദസഞ്ചാരത്തിനായി ലോണാവാലയില്‍ എത്തിയത്.

വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുതിച്ചെത്തിയ വെള്ളം ഇവരെ ഒഴുക്കിക്കൊണ്ടു പോകുകയായിരുന്നു. വെള്ളം കുതിച്ചുവരുന്നതും അതിന് നടുവില്‍ കുഞ്ഞുങ്ങളുള്‍പ്പെടെ 10 പേര്‍ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ ഭീതിപ്പെടുത്തുന്നതായിരുന്നു. രക്ഷപ്പെടുത്താന്‍ കരയിലുള്ളവര്‍ ശ്രമം നടത്തേവ അവരുടെ കണ്‍മുന്നിലൂടെ ഈ കുടുംബം ഒലിച്ചു പോയത്.

ഇവരില്‍ 5 പേര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചു. നാലുപേര്‍ സ്വയം നീന്തി രക്ഷപ്പെട്ടപ്പോള്‍ ഒരാളെ വിനോദസഞ്ചാരികളും രക്ഷപ്പെടുത്തി. അപകടം നടന്ന സ്ഥലത്തുനിന്നും ഏതാണ്ട് 100 മീറ്റര്‍ മാത്രമേയുള്ളൂ ബുഷി ഡാമിലേക്ക്. അവിടെ നിന്നാണ് 4 മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

മുപ്പത്തിയാറുകാരി ഷഹിസ്ത അന്‍സാരി, പതിമൂന്നുകാരി ആമിന, ഒന്‍പതുവയസുള്ള ഉമേര, ഒന്‍പതുകാരി മറിയ സെയിന്‍ എന്നിവരാണ് മരിച്ചത്. നാലുവയസുകാരിക്കു വേണ്ടി നാവികസേനയുടെ മുങ്ങല്‍ വിദഗ്ഗര്‍ അടക്കമുള്ള സംഘം ഡാമില്‍ തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും പൊലീസും സംഭവസ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും രക്ഷാശ്രമം വിഫലമാകുകയായിരുന്നു. വിനോദസഞ്ചാരികള്‍ അപകടമേഖലയിലേക്കു പോകുന്നതു തടയാനുള്ള ക്രമീകരണങ്ങള്‍ ഇവിടെയില്ല.

ഇനിയും അപകടം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട് റെയില്‍വേ വനം വകുപ്പ് ജലസേചന വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.