മൈസൂരു: കര്‍ണ്ണാടകയിലും 'ലൗ ജിഹാദ്' വിവാദം. കോതമംഗലത്തെ യുവതിയുടെ ആത്മഹത്യയില്‍ വിവാദം കൊഴുക്കുമ്പോഴാണ് ഇത്. ചിക്കമഗളൂരു ജില്ലയിലെ മുഡിഗരെയിലെ ബങ്കല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ലവ്ജിഹാദ് ആരോപിച്ച് പ്രാദേശിക ഹിന്ദുസംഘടനാ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സംഘര്‍ഷവുമുണ്ടായി.

ബങ്കല്‍ സ്റ്റേഷന്‍ പരിധിയിലുള്ള ഒരു ഗ്രാമത്തില്‍നിന്ന് വിവാഹിതയായ സ്ത്രീ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍നിന്നുള്ള ഇതര മതത്തില്‍നിന്നുള്ള യുവാവിനൊപ്പം വീടുവിട്ടിറിങ്ങിയിരുന്നു. തുടര്‍ന്ന് സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ കേരളത്തില്‍നിന്ന് കണ്ടെത്തി. ഇതിന് പിന്നില്‍ ലൗ ജിഹാദ് ആണെന്നാണ് ആരോപണം. ഹിന്ദുസംഘടനാ നേതാക്കള്‍ സ്ത്രീയോടൊപ്പം പോയ ആള്‍ക്കെതിരേ മുദ്രാവാക്യംവിളിച്ച് സ്റ്റേഷന്‍ വളപ്പിലേക്ക് കടക്കാന്‍ ശ്രമിച്ചു. പോലീസ് ഗേറ്റ് അടച്ചതോടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ രൂക്ഷമായ തര്‍ക്കമുണ്ടായി.

തുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ ദേശീയപാത ഉപരോധിച്ചു. പിന്നീട് രണ്ട് ദിസവത്തിനുള്ളില്‍ പരാതിക്കാരോട് സംസാരിച്ച് നടപടി സ്വീകരിക്കുമെന്ന് പോലീസ് ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിച്ചത്.