ലഖ്നൗ: ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം 25 കിലോമീറ്റർ ദൂരം ബൈക്കിൽ കൊണ്ടുപോയി അപകട മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് സ്വദേശിയായ നാഗേശ്വർ റൗനിയാണ് ക്രൂരമായ കൊലപാതകത്തിനിരയായത്. ഭാര്യ നേഹയും കാമുകൻ ജിതേന്ദ്രയുമാണ് സംഭവത്തിൽ അറസ്റ്റിലായത്.

നാഗേശ്വറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി അമിതമായി മദ്യം നൽകി നേഹ അബോധാവസ്ഥയിലാക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് കാമുകനായ ജിതേന്ദ്രയുടെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബൈക്കിൽ 25 കിലോമീറ്റർ ദൂരം കൊണ്ടുപോയി റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. ഈ യാത്രയിൽ നേഹയുടെ കുഞ്ഞും കൂടെയുണ്ടായിരുന്നു.

കുഞ്ഞിനെ ജിതേന്ദ്ര ബൈക്കിന്റെ മുന്നിൽ ഇരുത്തിയപ്പോൾ, നേഹ ഭർത്താവിന്റെ മൃതദേഹം പിടിച്ചിരുന്നു. റോഡിലൂടെ വലിച്ചിഴച്ചതിനെ തുടർന്ന് നാഗേശ്വറിന്റെ കാൽപ്പാദങ്ങളിൽ പരിക്കേറ്റിരുന്നു. മൃതദേഹം ഉപേക്ഷിച്ച ശേഷം അപകടമരണമാണെന്ന് വരുത്തി മുംബൈയിലേക്ക് രക്ഷപ്പെടാനാണ് പ്രതികൾ പദ്ധതിയിട്ടത്.

നാഗേശ്വറിന്‍റെ പിതാവ് നൽകിയ വിവരങ്ങളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതികളെ പാർതാവലിനടുത്ത് വെച്ച് പിടികൂടിയത്. ശനിയാഴ്ച രാവിലെയാണ് പ്രദേശവാസികൾ നാഗേശ്വറിന്‍റെ മൃതദേഹം റോഡരികിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ ബൈക്കിൽ വീട്ടിൽ നിന്നുപോയ മകൻ പിന്നീട് തിരികെ വന്നില്ലെന്ന് നാഗേശ്വറിന്റെ പിതാവ് കേശവ് രാജ് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കി. അടുത്ത ദിവസം രാവിലെയാണ് കുടുംബം മരണവിവരമറിയുന്നത്. മരുമകൾക്ക് ജിതേന്ദ്രയുമായി ബന്ധമുണ്ടായിരുന്നെന്നും ഇരുവരും ചേർന്ന് മകനെ കൊലപ്പെടുത്തിയതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

നേരത്തെ എൻഡിപിഎസ് നിയമപ്രകാരം മയക്കുമരുന്ന് കേസിൽ നാഗേശ്വർ ജയിലിലായിരുന്നു. ഈ സമയത്താണ് ജിതേന്ദ്ര നേഹയുമായി അടുപ്പത്തിലായത്. നാഗേശ്വർ ജയിൽ മോചിതനായ ശേഷം ഇരുവരുടെയും ബന്ധത്തെ എതിർത്തിരുന്നുവെങ്കിലും ബന്ധം ഉപേക്ഷിക്കാൻ തയ്യാറായില്ല. നagéeശ്വറിനെ ഉപേക്ഷിക്കാൻ നേഹ തീരുമാനിക്കുകയും വീട് വിട്ടിറങ്ങുകയും ചെയ്തു. എന്നാൽ വിവാഹമോചനത്തിന് നാഗേശ്വർ സമ്മതിച്ചില്ല. നാഗേശ്വർ തന്നെ ക്രൂരമായി മർദിച്ചിരുന്നെന്നും വീട് വിട്ടിറങ്ങിയപ്പോഴും നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും നേഹ പൊലീസിനോട് പറഞ്ഞു. ഇതെല്ലാം കൊലപാതകം ആസൂത്രണം ചെയ്യാൻ കാരണമായെന്ന് പ്രതികൾ സമ്മതിച്ചു.