കോഴിക്കോട്: കോഴിക്കോട്ടെ വ്യവസായിയും റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരനുമായ മാമിയുടെ ദുരൂഹമായ തിരോധാന കേസ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് വിശദമായ പരിശോധനക്ക് ഒരുങ്ങുകയാണ്. സംസ്ഥാന പോലീസ് മേധാവി ഇതുസംബന്ധിച്ച് ഉത്തരവിറക്കി. പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം നടത്താനുള്ള നിര്‍ദേശമാണ് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് നല്‍കിയിരിക്കുന്നത്.

കേസ് സിബി.ഐ.ക്ക് വിടാനുള്ള ശുപാര്‍ശയ്ക്ക് പിന്നാലെയാണ് ഇപ്പോഴത്തെ നടപടികള്‍. കേസ് അന്വേഷിക്കുന്ന മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍ കഴിഞ്ഞദിവസം സി.ബി.ഐ അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ഡി.ജി.പി.ക്ക് നല്‍കിയിരുന്നു. മാമിയുടെ കുടുംബത്തിന്റെ അഭ്യര്‍ഥനമാനിച്ചാണ് ശുപാര്‍ശയെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു.

മാമിയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് നേരത്തെ കുടുംബം മുഖ്യമന്ത്രിയെ ഉള്‍പ്പടെ അറിയിച്ചിരുന്നു. എന്നാല്‍, എ.ഡി.ജി.പി എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പട്ട സംഘത്തെയാണ് അന്വേഷണം ഏല്‍പ്പിച്ചത്. പി.വി അന്‍വര്‍ എം.എല്‍.എ.യുടെ ആരോപണങ്ങള്‍ വന്നതോടെയാണ് കേസ് നിര്‍ബന്ധമായും സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തുവന്നത്. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാതായതോടെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി ഹൈക്കോടതി അടുത്തമാസം പരിഗണിക്കും.

2023 ഓഗസ്റ്റ് 22-നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. കോഴിക്കോട് വൈ.എം.സി.എ. ക്രോസ് റോഡിലുള്ള നക്ഷത്ര അപ്പാര്‍ട്ട്മെന്റില്‍നിന്ന് ഓഗസ്റ്റ് 21-ന് ഇറങ്ങിയ മുഹമ്മദ് ആട്ടൂരിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ 22-ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗത്ത് ഉള്ളതായി കണ്ടെത്തിയിരുന്നു. പിന്നീട് ഇദ്ദേഹം എവിടേക്ക് പോയെന്ന് ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല.

അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ പോലീസ് മൊബൈല്‍ ടവര്‍ ഡംപ് പരിശോധനയും നടത്തിയിരുന്നു. മുഹമ്മദ് അട്ടൂരിനെ കാണാതായ സ്ഥലത്തെയും മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കാണിച്ച മറ്റുസ്ഥലങ്ങളിലെയും ടവറുകളിലൂടെ കടന്നുപോയ ഫോണ്‍വിളികളാണ് പരിശോധിച്ചത്. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ വന്‍കിട വ്യാപാര-വ്യവസായ പ്രമുഖര്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേരെ ചോദ്യംചെയ്തിരുന്നു.

ഇതുകൂടാതെ, 180 പേരുടെ മൊഴി രേഖപ്പെടുത്തി. മുഹമ്മദിന്റെ ബാങ്ക് ഇടപാടുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് പി.വി. അന്‍വര്‍ എം.എല്‍.എ. മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ നടത്തിയ വെളിപ്പെടുത്തലുകളിലാണ് മാമിയുടെ തിരോധാനവും എം.എല്‍.എ. പരാമര്‍ശിച്ചിരുന്നത്.

മാമി എന്ന പ്രഹേളിക

ആരായിരുന്നു മാമി, എന്തായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍ എന്നത് ഇപ്പോഴും പ്രഹേളികയായി പൊലീസിന് മുന്നില്‍ തുടരുകയാണ്്. പുറമേ നിന്ന് നോക്കുമ്പോള്‍ ഒരു സാധാരണ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മാത്രമായിരുന്നു അദ്ദേഹം. അധികം ആരോടും സംസാരിക്കാതെ സ്വന്തംകാര്യം നോക്കിപ്പോവുന്ന ഒരു മനുഷ്യന്‍ എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. പക്ഷേ മാമിക്ക് ഉന്നത തലത്തിലുള്ള പല ബന്ധങ്ങളും ഉണ്ടായിരുന്നു. അദ്ദേഹമറിയാതെ കോഴിക്കോട്ട് ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസും നടക്കില്ല എന്നാണ് പറയുന്നത്. ആഡംബര വാഹനങ്ങളുടെ വില്‍പ്പന, ഹോള്‍സെയിലായി കടപ്പ- മാര്‍ബിള്‍ കച്ചവടം, സ്വര്‍ണ്ണവ്യാപാരം, തുടങ്ങിയ നിരവധി കാര്യങ്ങളിയായി കോഴിക്കോട് മുതല്‍ മുബൈവരെ നീണ്ടുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ ശൃംഖല എന്നാണ് പറയുന്നത്.

അതേസമയം ബിസിനസില്‍ അങ്ങേയറ്റം സത്യസന്ധനുമായിരുന്ന മാമി എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കോഴിക്കോട്ടെ ഒരു ഷോപ്പിങ് മാളിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട്, കോടികളുടെ ഇടപാട് മാമി നടത്തിയതായി പറയുന്നുണ്ട്. ഇതിന്റെ ഭാഗമായ കമ്മീഷന്‍ തര്‍ക്കത്തിന്റെ പേരില്‍ ചില ശത്രുക്കളും മാമിക്ക് ഉണ്ടായിരുന്നു എന്ന് പറയുന്നു. ഇവരാണോ അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നില്‍ എന്ന് സംശയം ഉയര്‍ന്നതിനാല്‍ പൊലീസ് ആദ്യം ആ വഴിക്ക് അന്വേഷണം നടത്തിയിരുന്നു. പക്ഷേ കാര്യമായ വിവരം കിട്ടിയില്ല. അതുപോലെ മറ്റുപലരുടെയും ബിനാമിയാണോ മാമി എന്നും സംശയമുണ്ട്. പക്ഷേ ഇതിനൊന്നും കൃത്യമായ തെളിവുകള്‍ ഇല്ല. സുഹൃത്തുക്കളും, പരിചയക്കാരും, ഇടപാടുകാരുമൊക്കെ പല രീതിയിലാണ് മാമിയെക്കുറിച്ച് മൊഴി കൊടുത്തിട്ടുള്ളത്.

മാമിക്ക് ബിസിനസ് ശത്രുക്കളുണ്ടായിരുന്നോ എന്നതിലേക്ക് അന്വേഷണം നീണ്ടെങ്കിലും, പൊലീസിന് സൂചനകളൊന്നും കിട്ടിയില്ല. അതിനിടെ, ചില പണമിടപാടുകളെ പറ്റിയും സംശയങ്ങളുയര്‍ന്നു. തുടക്കത്തില്‍ മാമി തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്ന ചിലര്‍ പിന്നീട് അഭിപ്രായ ഭിന്നതകളുന്നയിച്ചു. ആദ്യം കേസ് അന്വേഷിച്ച നടക്കാവ് പൊലീസ് എസ്.എച്ച്.ഒയെ വീണ്ടും കൊണ്ടുവരണമെന്നും വേണ്ടെന്നും പറഞ്ഞായിരുന്നു ഭിന്നത. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥലം മാറിപ്പോയ ഈ ഉദ്യോഗസ്ഥന്‍ തിരിച്ചെത്തിയപ്പോള്‍ ആദ്യം അന്വേഷണ സംഘത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും പുതിയ അന്വേഷണ സംഘത്തില്‍ ഇദ്ദേഹം ഉള്‍പ്പെട്ടതില്‍ കുടുംബം പിന്നീട് ദുരൂഹത ഉന്നയിച്ചു. അങ്ങനെ പോലീസ് ഇടപെടലുകളും വിവാദത്തിലായി.

ജ്വല്ലറികള്‍ക്ക് സ്വര്‍ണ്ണം സപ്ലെ ചെയ്യുന്ന, കമ്മീഷന്‍ ഏജന്റായും മാമി പ്രവര്‍ത്തിച്ചതായി പറയുന്നു. ഇതുവഴിയാണ് അദ്ദേഹത്തിന് പി വി അന്‍വര്‍ പറയുന്നതുപോലെ സ്വര്‍ണ്ണക്കടത്തുസംഘവുമായി ബന്ധം വരുന്നത് എന്നും പറഞ്ഞുകേള്‍ക്കുന്നു. സ്വര്‍ണ്ണബിസിനസിനിടയിലെ പല തര്‍ക്കങ്ങളും മാമി ഇടപെട്ടാണ് പരിഹരിച്ചതത്രേ. അതിനിടെയാണ് കോഴിക്കോട്ട് ഒരു നൂറുകിലോ സ്വര്‍ണ്ണം കാണാതായതായി അഭ്യൂഹം പരക്കുന്നത്. ഇതുസംബന്ധിച്ച പ്രശ്‌നമാണോ മാമിയുടെ തിരോധാനത്തിന് പിന്നിലെന്നും അറിയില്ല.