- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൈക്കൂലിപ്പണം കൈപ്പറ്റി കാറില്‍ തലശേരിയിലുള്ള വീട്ടിലേക്ക് പോകും വഴി തയ്യില്‍ വച്ച് വിജിലന്‍സ് കൈകാട്ടി; കണ്ണൂര്‍ ആര്‍ടി ഓഫീസ് സീനിയര്‍ സൂപ്രണ്ട് മഹേഷ് വിജിലന്‍സ് പിടിയില്‍
കണ്ണൂര്‍: കൈക്കൂലിയായി വാങ്ങിയ പണവുമായി കണ്ണൂര്‍ ആര്‍ടി ഓഫീസ് സീനിയര്‍ സൂപ്രണ്ട് മഹേഷ് വിജിലന്‍സ് പിടിയില്‍. ബുധനാഴ്ച രാത്രിയാണ് അറസ്റ്റ്. പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ ആര്‍ടി ഓഫീസിലും പരിശോധന നടത്തി.
വാഹന രജിസ്‌ട്രേഷന്‍, റീ രജിസ്‌ട്രേഷന്‍, ഹൈപ്പോത്തിക്കേഷന്‍ ക്യാന്‍സലേഷന്‍, പെര്‍മിറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി വരുന്ന അപേക്ഷകരില്‍നിന്ന് ഏജന്റുവഴി മഹേഷ് കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. മഹേഷ് ഡ്യൂട്ടി കഴിഞ്ഞ് ആര്‍ടി ഓഫീസില്‍നിന്ന് പോകുമ്പോള്‍ ഇടനിലക്കാരന്‍ കൈക്കൂലിപ്പണം കൈമാറുന്നതായാണ് വിവരം ലഭിച്ചത്. ദിവസങ്ങളായി ഇൗ ഉദ്യോഗസ്ഥനെ വിജിലന്‍സ് നിരീക്ഷിച്ചു.
കോഴിക്കോട് സ്പെഷ്യല്‍ സെല്ലില്‍നിന്നുള്ള വിജിലന്‍സ് സംഘം വ്യാഴാഴ്ച രാത്രിയാണ് മിന്നല്‍ പരിശോധന നടത്തിയത്. ജോലി കഴിഞ്ഞ് കൈക്കൂലിപ്പണം കൈപ്പറ്റിയശേഷം രാത്രി എട്ടോടെ കാറില്‍ തലശേരിയിലുള്ള വീട്ടിലേക്ക് പോകുംവഴി കണ്ണൂര്‍ തയ്യില്‍വച്ചാണ് വിജിലന്‍സിന്റെ പടിയിലായത്. കാര്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. കാറില്‍നിന്ന് കണക്കില്‍പ്പെടാത്ത 32,200 രൂപ പിടിച്ചെടുത്തു. തുടര്‍ന്നാണ് ആര്‍ടി ഓഫീസിലും പരിശോധന നടത്തിയത്. രാത്രി 8.30ന് ആരംഭിച്ച പരിശോധന പത്തിനാണ് അവസാനിച്ചത്.
ഏജന്റുമാര്‍ കൈമാറിയ ലിസ്റ്റും മഹേഷില്‍നിന്ന് വിജിലന്‍സ് പിടികൂടി. ഓരോരുത്തരില്‍നിന്നും വാങ്ങിയ പണത്തിന്റെ വിവരങ്ങളാണ് ലിസ്റ്റിലുള്ളത്. ഓഫീസില്‍ പണം കൈമാറേണ്ടവരുടെ പേരുമുണ്ട്. ഓഫീസിലെ മറ്റുള്ളവര്‍ക്ക് നല്‍കാനുള്ള കൈക്കൂലിയും സീനിയര്‍ സൂപ്രണ്ട് വാങ്ങി വീതിച്ചു നല്‍കുകയായിരുന്നുവെന്നും വ്യക്തമായി. ഓഫീസില്‍ നടത്തിയ പരിശോധനയിലും പണം കൈപ്പറ്റുന്നതിന്റെ രേഖകള്‍ ലഭിച്ചതായാണ് സൂചന. ഏജന്റുമാരുടെ പേര് അടയാളപ്പെടുത്തിയ അപേക്ഷകളും കണ്ടെടുത്തിട്ടുണ്ട്. കൈക്കൂലി നല്‍കിയവരുടെ ലിസ്റ്റില്‍ പേരുള്ള അപേക്ഷകരുടെ ഫയല്‍ ഏത് ഉദ്യോഗസ്ഥനാണ് കൈകാര്യംചെയ്തതെന്ന് വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അതിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും വിജിലന്‍സ് അറിയിച്ചു.
തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍