ആലപ്പുഴ: ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളെ കബളിപ്പിച്ച് 7.60 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളിലൊരാളെ കര്‍ണാടകത്തില്‍ നിന്നും പോലിസ് പിടികൂടി. കര്‍ണാടക തുമകുരു ജില്ലയിലെ മധുഗിരി സ്വദേശി ഭഗവാന്‍ റാം ഡി.പട്ടേല്‍ (22) ആണ് അറസ്റ്റിലായത്. ഈ യുവാവാണ് ഓഹരി വിപണിയില്‍ നിക്ഷേപിക്കാനെന്ന പേരില്‍ വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്ത് ദമ്പതികളെ കെണിയില്‍ വീഴ്ത്തിയത്.

ബെംഗളൂരു യെലഹങ്കയില്‍ നിന്നു ജില്ലാ ക്രൈംബ്രാഞ്ചാണ് റാമിനെ പിടികൂടിയത്. റാമാണ് വാട്‌സാപ് വഴി ചാറ്റ് ചെയ്തു പണം തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. തട്ടിപ്പു സംഘത്തിലെ മൂന്നു പേരെ ജൂലൈ ആദ്യം ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പാണിത്. ചേര്‍ത്തല പൊലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീടു ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് നാല്‍പതോളം ഇടപാടുകളിലായി പണം സ്വീകരിച്ച അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ പൊലീസ് അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ദമ്പതികളുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്ത വ്യക്തിയിലേക്കു സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് എത്തുകയായിരുന്നു. കേസില്‍ വലിയ സംഘത്തിനു പങ്കുണ്ടെന്നും കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഡോക്ടര്‍ ദമ്പതികളെ വാട്‌സാപ് വഴി ലിങ്ക് അയച്ചുനല്‍കി ഗ്രൂപ്പില്‍ ചേര്‍ത്താണു നിക്ഷേപവും ലാഭവും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറിയിരുന്നത്. വാട്‌സാപ്പില്‍ ചാറ്റ് ചെയ്തത് റാം ആയിരുന്നു. എന്നാല്‍ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടതോടെ രണ്ടു കോടി രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി. ഇതോടെയാണു പൊലീസില്‍ പരാതി നല്‍കിയത്.

ഭഗവാന്‍ റാം പട്ടേല്‍ പ്ലസ്ടു വരെയേ പഠിച്ചിട്ടുള്ളൂവെങ്കിലും ഇംഗ്ലിഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനില്‍രാജ്, എസ്‌ഐ അഗസ്റ്റിന്‍ വര്‍ഗീസ്, എഎസ്‌ഐമാരായ വി.വി. വിനോദ്, ഹരികുമാര്‍ എന്നിവരാണു ബെംഗളൂരുവിലെത്തി പ്രതിയെ പിടികൂടിയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ബെംഗളൂരുവില്‍ അഞ്ചു ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണു പ്രതിയെ പിടികൂടാനായത്. ഇന്‍സ്‌പെക്ടര്‍ ജി.അരുണ്‍, എസ്‌ഐമാരായ സജികുമാര്‍, എസ്.സുധീര്‍, സിപിഒമാരായ ബൈജുമോന്‍, ആന്റണി ജോസഫ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

കൊടുവള്ളി കൊടകുന്നുമ്മേല്‍ കുന്നയേര്‍ വീട്ടില്‍ മുഹമ്മദ് അനസ് (25), ഓമശ്ശേരി പുത്തൂര്‍ ഉള്ളാട്ടന്‍ പ്രായില്‍ പ്രവീഷ് (35), ചേവായൂര്‍ ഈസ്റ്റ് വാലി അപ്പാര്‍ട്‌മെന്റില്‍ അബ്ദുല്‍ സമദ് (39) എന്നിവരാണ് കേസില്‍ നേരത്തെ പിടിയിലായത്.