തൃശ്ശൂര്‍: മാള കുഴൂരിലെ ആറു വയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം, പോക്‌സോ, തട്ടിക്കൊണ്ട് പോകല്‍ വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വീടിനടുത്തുള്ള കുളത്തിലാണ് കഴിഞ്ഞ ദിവസം കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് ആറോടെ വീടിന് സമീപത്തുനിന്നാണ് ആറുവയസുകാരനെ കാണാതായത്.

കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയത് തെളിവെടുപ്പിനിടെ പോലീസിന് മുന്നില്‍ കൂസലില്ലാതെ പ്രതി ജോജോ വിവരിച്ചു. നാട്ടുകാരുടെ കനത്ത രോഷത്തിനിടെയായിരുന്നു തെളിവെടുപ്പ്. കൊല്ലപ്പെട്ട 6 വയസ്സുകാരന്റെ മൃതദേഹം വൈകിട്ടോടെ കുഴൂരിലെ ഇടവക പള്ളിയില്‍ സംസ്്കരിക്കും.

പ്രതി ജോജോയെ തെളിവെടുപ്പിന് എത്തിച്ച ഓരോ ഘട്ടത്തിലും നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചു. ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് പ്രതിയുമായുള്ള പോലീസ് സംഘം ആറു വയസ്സുകാരന്റെ വീടും കടന്ന് കൊലപാതകം നടന്ന ജാതി തോട്ടത്തിനോട് ചേര്‍ന്ന് കുളക്കരയിലേക്ക് എത്തിയത്. നാട്ടുകാരെ വകഞ്ഞു മാറ്റി വഴിയൊരുക്കി പോലീസ് സംഘം കുളക്കരയില്‍ എത്തിയപ്പോള്‍ കൂസലേതും കൂടാതെ നടന്ന കുറ്റകൃത്യം പ്രതി വിവരിച്ചു.

ചാമ്പക്ക നല്‍കാമെന്ന് പറഞ്ഞാണ് കുളക്കരയിലേക്ക് കൊണ്ടുപോയത്. പ്രകൃതിവിരുദ്ധ പീഡനത്തിന് തുനിഞ്ഞപ്പോള്‍ ആറു വയസ്സുകാരന്‍ ചെറുത്തു. വീട്ടില്‍ പറയുമെന്ന് ആയപ്പോള്‍ വായപൊത്തി കുളത്തിലേക്ക് തള്ളിയിട്ടു. മൂന്നുതവണ ആ പിഞ്ചുകുഞ്ഞ് കരയില്‍ കയറാന്‍ ശ്രമിച്ചു. മൂന്നാമത്തെ തവണ പ്രതി അതിശക്തമായി ആഴത്തിലേക്ക് വലിച്ചിട്ടു. എന്നിട്ട് ഒന്നുമറിയാതെ കുട്ടിയെ തിരയുന്നവര്‍ക്കൊപ്പം പാടത്തിന്റെ കരയില്‍ ആകെ തെരച്ചില്‍ നടത്തി.

കഴിഞ്ഞമാസം കുട്ടിയുടെ പിതാവ് വിദേശത്തേക്ക് മടങ്ങുന്നതിനു തൊട്ടുമുമ്പാണ് വീട്ടില്‍ സിസിടിവി സ്ഥാപിച്ചത്. അതില്‍ നിന്നാണ് പ്രതിക്കൊപ്പം കുട്ടി പോകുന്ന നിര്‍ണായക ദൃശ്യങ്ങള്‍ കിട്ടിയത്. മൃതദേഹം കുളത്തിലുണ്ടെന്ന് വ്യക്തമായതോടെ നാട്ടുകാരും പോലീസും ചേര്‍ന്ന് രാത്രി 9 മണിയോടെ പുറത്തെടുത്തു.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ നൂറുകണക്കിനാളുകളാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ കാത്തുനിന്നത്. നേരത്തെ ബൈക്ക് മോഷണത്തിന് പിടിയിലായി ദുര്‍ഗുണ പരിഹാര കേന്ദ്രത്തില്‍ കഴിഞ്ഞിട്ടുണ്ട് ഇരുപതുകാരനായ ജോജോ. സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയതിന് പിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള പോലീസ് നീക്കമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കേസിന്റെ ചുരുളഴിച്ചത്.