മലപ്പുറം: ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ചയാളുടെ സുഹൃത്തായ തമിഴ്‌നാട് സ്വദേശി വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശി തന്നെയായ ബല്‍റാമാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ്, മോങ്ങം ഹില്‍ടോപ്പിലെ ലോഡ്ജ് മുറിയില്‍ ബല്‍റാം മരിച്ചു കിടക്കുന്നതായി കണ്ടത്. പോലീസ് എത്തി നടത്തിയ പരിശോധനയില്‍ തലയ്ക്ക് മുറിവുള്ളതായി കണ്ടത്തി.

പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വാസു പിടിയിലായത്. ലോഡ്ജ് മുറിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ബല്‍റാം കൊല്ലപ്പെട്ടതെന്ന് വാസു മൊഴി നല്‍കി. മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. വാസു ബലമായി തള്ളിയതിനെത്തുടര്‍ന്ന് ബല്‍റാം മുറിയുടെ ഭിത്തിയില്‍ തലയടിച്ച് വീണു. ഇതോടെ പരിഭ്രാന്തനായ താന്‍ ലോഡ്ജില്‍ നിന്ന് ഓടി രക്ഷപ്പെട്ടെന്നാണ് വാസുവിന്റെ മൊഴി. 20 വര്‍ഷമായി മോങ്ങത്ത് കല്‍പ്പണിക്കാരാണ് ബല്‍റാമും വാസുവും.