- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബെംഗളൂരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; കരിങ്കല്ലു കൊണ്ടുള്ള ഏറില്‍ അഞ്ചു വയസ്സുകാരന് തലയ്ക്ക് പരിക്ക്; ആസൂത്രിത ആക്രമണം; ഒത്തുതീര്‍പ്പിനെന്ന് പറഞ്ഞെത്തിയ ഒരാള്‍ പിടിയില്‍
ബെംഗളൂരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം
ബെംഗളൂരു: ബെംഗളൂരുവില്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന മലയാളി കുടുംബത്തിന് നേരേ ആക്രമണം. കാറിന്റെ ചില്ലു തകര്‍ത്തുള്ള കല്ലേറില്‍ പിന്‍സീറ്റിലിരുന്ന അഞ്ചു വയസ്സുകാരന് തലയ്ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി ഒന്‍പതരയ്ക്ക് കസവനഹള്ളിക്കു സമീപം ചൂഡസാന്ദ്രയിലാണ് സംഭവം. ബെംഗളൂരുവില്‍ സോഫ്‌റ്റ്വേര്‍ എന്‍ജിനിയറായ കോട്ടയം പാലാ സ്വദേശി അനൂപ് ജോര്‍ജിന്റെ കാറാണ് ആക്രമിക്കപ്പെട്ടത്. പരപ്പന അഗ്രഹാര പോലീസ് സംഭവത്തില്‍ കേസെടുത്തു.
അനൂപും കുടുംബവും ബുധനാഴ്ച രാത്രി നഗരത്തിലിറങ്ങിയശേഷം മടങ്ങുന്നതിനിടെ വീടിന്റെ രണ്ടു കിലോമീറ്റര്‍ അകലെനിന്നായിരുന്നു സംഭവം. ഭാര്യ ജിസ്, മക്കളായ സെലെസ്റ്റെ (11), സ്റ്റീവ് (5) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. കാര്‍ ചൂഡസാന്ദ്രയിലെത്തിയപ്പോള്‍ രണ്ടുപേര്‍ ബൈക്കില്‍ മറികടന്നെത്തി മുന്‍പിലുണ്ടായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി. ഈ കാറിലുണ്ടായിരുന്നവരോട് ഗ്ലാസ് താഴ്ത്താന്‍ അക്രമികള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഗ്ലാസ് താഴ്ത്താന്‍ അവര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് അക്രമികള്‍ കല്ലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്‍ വേഗത്തില്‍ ഓടിച്ചുപോയി. പെട്ടെന്ന് സംഘം അനൂപിന്റെ കാറിന് നേരേവന്ന് ഗ്ലാസ് താഴ്ത്താനും പുറത്തേക്ക് ഇറങ്ങാനും ആവശ്യപ്പെട്ടു.
എന്നാല്‍, അപകടസാധ്യതയുള്ളതിനാല്‍ ഗ്ലാസ് താഴ്ത്താനോ പുറത്തേക്കിറങ്ങാനോ തയ്യാറായില്ല. ഇടതുവശത്ത് കുറച്ച് സ്ഥലമുണ്ടായിരുന്നതിനാല്‍ കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അക്രമികളിലൊരാള്‍ കൈയിലുണ്ടായിരുന്ന കരിങ്കല്ല് പിന്‍വശത്തെ ഗ്ലാസിലേക്ക് എറിഞ്ഞു. ഗ്ലാസിന്റെ കഷണങ്ങളും കല്ലും കൂടി പിന്‍സീറ്റിലിരുന്ന മകന്‍ സ്റ്റീവിന്റെ തലയില്‍ കൊള്ളുകയായിരുന്നു. ഇതേത്തുടര്‍ന്ന് പരിഭ്രമിച്ചു പോയ അനൂപും ഭാര്യയും കാറില്‍ നിന്നിറങ്ങിയപ്പോള്‍ അക്രമികള്‍ ബൈക്കെടുത്ത് പോയി.
മകനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സ്റ്റീവിന്റെ തലയില്‍ തുന്നിക്കെട്ടുകളുണ്ട്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജായി വീട്ടില്‍ നിരീക്ഷണത്തിലാണിപ്പോള്‍. ആസൂത്രിതമായ ആക്രമണമാണോയെന്ന് സംശയമുണ്ടെന്ന് അനൂപ് പറഞ്ഞു.
ആശുപത്രിയിലെത്തിയപ്പോള്‍ രണ്ടുപേര്‍ പിന്തുടര്‍ന്നെത്തി ഒത്തുതീര്‍പ്പാക്കാമെന്ന് പറഞ്ഞു. എന്നാല്‍, നിയമനടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് അനൂപ് പറയുകയായിരുന്നു. പോലീസ് രാത്രിതന്നെ ഒരാളെ കസ്റ്റഡിയിലെടുത്തു. രണ്ടാമത്തെയാളെയും അന്വേഷിച്ചു വരുകയാണ്.
രാത്രി നഗരത്തിലൂടെ യാത്ര ചെയ്യുന്ന കുടുംബങ്ങള്‍ക്കു നേരെ അതിക്രമങ്ങള്‍ പതിവാകുന്നു. ആളൊഴിഞ്ഞ ഇടങ്ങളില്‍ കാര്‍ തടഞ്ഞുനിര്‍ത്തി പണവും ആഭരണങ്ങളും ആവശ്യപ്പെടുകയാണു കവര്‍ച്ചാസംഘങ്ങള്‍ ചെയ്യുന്നത്. നല്‍കിയില്ലെങ്കില്‍ ആക്രമിക്കും. മനഃപൂര്‍വം അപകടങ്ങള്‍ സൃഷ്ടിച്ചു പണം തട്ടുന്ന സംഭവങ്ങളും കുറവല്ല. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ജാപുര റോഡില്‍ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ബൈക്കിടിപ്പിച്ചു കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.