ചെന്നൈ: ഹോട്ടല്‍ മുറിയില്‍ വച്ച് മലയാളി യുവനടിയെ യുവാവ് കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പരാതി. കേടായ ഫോണ്‍ നന്നാക്കാനെത്തിയ ഹോട്ടല്‍ ജീവനക്കാരനാണ് യുവനടിയെ കടന്നുപിടിച്ചു ലൈംഗിക അതിക്രമം നടത്തിയത്. ഇതേതുടര്‍ന്ന് നടി ബഹളം വച്ചപ്പോള്‍ യുവാവ് മുറിയില്‍ നിന്ന് ഇറങ്ങിയോടി.

സംഭവത്തില്‍ നാഗപട്ടണം സ്വദേശിയായ സയ്യിദ് അഫ്രീദിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ടി നഗറിലെ ഹോട്ടലില്‍ പാര്‍ട്ട് ടൈം ആയി ജോലി ചെയ്യുകയാണ് ഇയാള്‍. പൊലീസ് ചോദ്യം ചെയ്യലില്‍ ആരോപണം നിഷേധിച്ച യുവാവ് മുറിയില്‍ ഭക്ഷണത്തിന്റെ ഓര്‍ഡര്‍ എടുക്കാനാണു പോയതെന്ന് മൊഴി നല്‍കി.

സംഭവസമയം യുവനടി മാത്രമാണ് മുറിയില്‍ ഉണ്ടായിരുന്നത്. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് നടി ചെന്നൈയിലെത്തിയത്. മുറിയിലെത്തിയ ജീവനക്കാരന്‍ തന്നെ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും പുറത്തു പോകാന്‍ ആവശ്യപ്പെട്ടിട്ടും മുറിയില്‍ തുടര്‍ന്നെന്നും നടി പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

മുറിയിലെ ഫോണ്‍ കേടായത് റിസപ്ഷനില്‍ അറിയിച്ചപ്പോഴാണ് ജീവനക്കാരന്‍ മുറിയിലെത്തിയതെന്നാണ് നടിയുടെ പരാതിയിലുള്ളത്. ഹോട്ടലിലെ സിസിടിവി അടക്കമുള്ള തെളിവുകള്‍ പൊലീസ് പരിശോധിച്ചാണ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തത്.