കൊച്ചി: കളമശേരി കൂനംതൈയില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍. കാക്കനാട് സ്വദേശിയായ ഗിരീഷ് ബാബുവാണ് പിടിയിലായിരിക്കുന്നത്. പെരുമ്പാവൂര്‍ ചൂണ്ടക്കുഴി കോരോത്തുകുടി വീട്ടില്‍ ജെയ്സി എബ്രഹാമിനെയാണ് (50) അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ നടത്തിയ അരുംകൊലയാണ് നടന്നതെന്നാണ് പോലീസ് വ്യ്ക്തമാക്കിയത്.

ജെയ്‌സിയുടെ സ്വര്‍ണ്ണവും പണവും മോഷ്ടിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ജെയ്‌സി എബ്രഹാമിന്റെ പരിചയക്കാരന്‍ കൂടിയാണ് ഗിരീഷ്. ജെയ്‌സിയുടെ പക്കല്‍ സ്വര്‍ണവും പണവും ഉണ്ടെന്നറിഞ്ഞാണ് ഇയാള്‍ കൊലപാതകം പ്ലാന്‍ ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. നേരത്തെ ഹെല്‍മെറ്റ് ധരിച്ച് അപ്പാര്‍ട്‌മെന്റില്‍ എത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഈ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലാകുന്നത്.

കൊലപാതകം നടന്ന ദിവസം ഇയാള്‍ അപ്പാര്‍ട്ട്‌മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ജെയ്‌സിയുടെ ആഭരണങ്ങളും 2 മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിരുന്നു. തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

അപ്പാര്‍ട്ട്മെന്റിന്റെ മുന്നിലെ വീട്ടില്‍ നിന്നാണ് നിര്‍ണായകമായ സി.സി ടി.വി ദൃശ്യം ലഭിച്ചത്. ഹെല്‍മെറ്റ് ധരിച്ചാണ് എത്തിയതെങ്കിലും ഇയാളുടെ ബൈക്ക് സമീപത്തെ സി.സി ടി.വിയിലൊന്നും പതിഞ്ഞിട്ടില്ല. ബൈക്ക് മറ്റെവിടെയെങ്കിലും ഒളിപ്പിച്ച ശേഷമാകാം അപ്പാര്‍ട്ട്മെന്റില്‍ എത്തിയതെന്ന് സംശയിച്ചിരുന്നു. ഇയാള്‍ വന്നുപോയ സമയത്താണ് ജെയ്സി കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.

പത്തോളം മുറിവുകളാണ് ദേഹത്തുണ്ടായിരുന്നത്. നെറുകയില്‍ ആഴത്തില്‍ പല മുറിവുകളുണ്ട്. ഇവയാണ് മരണകാരണം. തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മുഖം വികൃതമാക്കി ശുചിമുറിയില്‍ ഉപേക്ഷിച്ചതാകാമെന്ന് പൊലീസ് സംശയിക്കുന്നു.ജെയ്സിയുടെ മൊബൈല്‍ ഫോണുകളുടെ കോള്‍ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. യുവാവിന് പുറമെ മറ്റു പലരും മുന്‍ ദിവസങ്ങളില്‍ വന്നുപോയിരുന്നു. ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു പോലീസ്. ഇതിനെല്ലാം ഒടുവിലാണ് ഗിരീഷിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന ജെയ്‌സി ഒരു വര്‍ഷമായി കളമശ്ശേരിയിലെ ഈ അപ്പാര്‍ട്ടമെന്റിലാണ് താമസം. കാനഡയില്‍ ജോലിയുള്ള ഏക മകള്‍ അമ്മയെ ഫോണില്‍ വിളിച്ചു കിട്ടാതായപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹംകണ്ടെത്തിയത്.