പാറ്റ്‌ന: ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ പൊലീസ് സംഘത്തിന്റെ മുന്നില്‍പ്പെട്ട അമ്പതുവയസ്സുകാരനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന് ഒടുവില്‍ കൊലപാതക കേസില്‍ നിന്നും തലയൂരാനായതിന്റെ ആശ്വാസത്തിലാണ് ബിഹാറില്‍ പ്രതി ചേര്‍ക്കപ്പെട്ട നാല് ബന്ധുക്കള്‍. ജാന്‍സിയില്‍ പതിവ് പട്രോളിങ് നടത്തുകയായിരുന്ന ഒരു സംഘം പൊലീസുകാര്‍ക്ക് മുന്നില്‍ വന്നുപെട്ടയാളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണമാണ് 16 വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത കൊലക്കേസിന് അപ്രതീക്ഷിത വിരാമമിട്ടത്.

സ്വത്തിനായി ബന്ധുക്കള്‍ കൊലപ്പെടുത്തിയെന്ന് കരുതപ്പെട്ടിരുന്ന ആളാണ് തങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന അമ്പതുകാരനെന്ന് പൊലീസുകാര്‍ ആദ്യം കണ്ടപ്പോള്‍ അറിഞ്ഞതുമില്ല. അന്വേഷണത്തിന് ഒടുവില്‍ കാര്യങ്ങള്‍ വ്യക്തമായപ്പോള്‍ കൊലക്കേസില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് ബിഹാറില്‍ പ്രതിചേര്‍ക്കപ്പെട്ട ബന്ധുക്കള്‍.

ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ കഴിഞ്ഞ ദിവസം പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാര്‍ക്ക് മുന്നില്‍ 50 വയസ് തോന്നിക്കുന്ന ഒരാള്‍ പ്രത്യക്ഷപ്പെട്ടു. ചോദിച്ചപ്പോള്‍ ആറ് മാസമായി ഗ്രാമത്തില്‍ താമസിക്കുകയാണെന്നും പേര് നാഥുനി പാല്‍ എന്നാണെന്നും പറഞ്ഞു. സ്വദേശം ബിഹാറിലെ ഡിയോറിയ.

ഒറ്റയ്ക്കാണ് താമസമെന്നും ആറ് മാസം മുമ്പാണ് ജാന്‍സിയിലെത്തിയതെന്നും വ്യക്തമായി. ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും മരിച്ചു, വളരെക്കാലം മുമ്പ് ഭാര്യ ഉപേക്ഷിച്ചുപോയി. 16 വര്‍ഷമായി ബിഹാറിലേക്ക് പോയിട്ടെന്നും ഇയാള്‍ പറഞ്ഞു. എന്തോ സംശയം തോന്നി വിശദമായി അന്വേഷിച്ച പൊലീസ് സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

2009ല്‍ നാഥുനിയെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. അമ്മയുടെ സഹോദരന്‍ പൊലീസില്‍ പരാതിയും നല്‍കി. നാഥുനിയുടെ മൂന്ന് സഹോദരങ്ങളും ഒരു അമ്മാവനും കൂടിച്ചേര്‍ന്ന് സ്വത്ത് തട്ടിയെടുക്കാനായി ഇയാളെ കൊന്നുവെന്നായിരുന്നു പരാതി. പിന്നാലെ കുറ്റം ആരോപിക്കപ്പെട്ട നാല് പേരും അറസ്റ്റിലായി.

സഹോദരന്മാരില്‍ ഒരാള്‍ പൊലീസുകാരനായിരുന്നു. ഇയാളുടെ പേരിലും കേസെടുത്തിരുന്നെങ്കിലും പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. നാല് പേരും എട്ട് മാസം ജയിലില്‍ കിടന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. അമ്മാവന്‍ പിന്നീട് മരിക്കുകയും ചെയ്തു. ഇതിനിടെയാണ് കൊല്ലപ്പെട്ടെന്ന് കരുതിയ ആളെ കണ്ടെത്തിയ വാര്‍ത്ത ഇവരെ തേടിയെത്തുന്നത്.

വിവരമറിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിച്ച സഹോദരന്മാരില്‍ ഒരാള്‍ കരഞ്ഞു കൊണ്ട് പറഞ്ഞത് ഇനിയെങ്കിലും കൊലക്കേസില്‍ നിന്ന് തങ്ങള്‍ ഒഴിവാകുമല്ലോ എന്നായിരുന്നു. കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. നാഥുനിയെ ബിഹാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.