- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നാവികസേനാ ഉദ്യോഗസ്ഥരുടെ സമാനമായ യൂണിഫോം ധരിച്ചെത്തി; നാവികസേനയുടെ ക്വിക്ക് റെസ്പോണ്‍സ് ടീമിലെ അംഗമാണെന്ന് പരിചയപ്പെടുത്തി; അഗ്നിവീറില്‍ നിന്നും തോക്കുകളും വെടിയുണ്ടകളും കവര്‍ന്ന് രക്ഷപെട്ടു അജ്ഞാതന്‍; ആള്‍മാറാട്ടക്കാരനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി പോലീസ്
നാവികസേനാ ഉദ്യോഗസ്ഥരുടെ സമാനമായ യൂണിഫോം ധരിച്ചെത്തി;
മുംബൈ: നാവികസേനാ ഉദ്യോഗസ്ഥനായി വേഷംമാറിയ ആള്‍ നേവല്‍ റെസിഡന്‍ഷ്യല്‍ ഏരിയയില്‍നിന്ന് ആയുധങ്ങളുമായി കടന്നുകളഞ്ഞു. മുംബൈയിലാണ് സംഭവം. നാവികസേനാ ഉദ്യോഗസ്ഥരുടെ സമാനമായ യൂണിഫോം ധരിച്ചെത്തിയയാള്‍ നേവി ഉദ്യോഗസ്ഥരുടെ പാര്‍പ്പിട സമുച്ചയ മേഖലയില്‍ കയറി തോക്കും മറ്റായുധങ്ങളുമായി മടങ്ങുകയായിരുന്നു. ഇന്‍സാസ് റൈഫിളും വെടിയുണ്ടകളുമാണ് നഷ്ടപ്പെട്ടത്.
ശനിയാഴ്ച രാത്രിയാണ് സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്തത്. കാവല്‍ ജോലിയിലുണ്ടായിരുന്ന നാവികനെ കബളിപ്പിച്ചാണ് ആയുധം കൈവശപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്. എപി ടവര്‍ റഡാറില്‍ വാച്ചറായി നിയോഗിക്കപ്പെട്ട 20 വയസ്സുള്ള അഗ്‌നിവീര്‍ സൈനികനെയാണ് കബളിപ്പിച്ചത്.
ശനിയാഴ്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ബാലനായ നാവികന്റെ മുന്നില്‍ യൂണിഫോം ധരിച്ചെത്തി ഡ്യൂട്ടി ചെയ്ഞ്ചിന് വന്നു എന്ന് അറിയിച്ചാണ് ആയുധങ്ങള്‍ കൈവശപ്പെടുത്തിയത്. യുണിഫോം ഉള്‍പ്പെടെ കണ്ട് തോക്കും വെടിയുണ്ടകളും കൈമാറുകയും ചെയ്തു. നാവികസേനയുടെ ക്വിക്ക് റെസ്പോണ്‍സ് ടീമിലെ (ക്യുആര്‍ടി) അംഗമാണെന്ന് പരിചയപ്പെടുത്തിയാണ് അഗ്‌നിവീര്‍ ആലോകിനെ വിശ്വസിപ്പിച്ചത്. തത്കാലം ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് നിര്‍ദ്ദേശിച്ചു. ആലോകിനോട് തന്റെ ഹോസ്റ്റലിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു. കൈവശമുണ്ടായിരുന്ന ഇന്‍സാസ് റൈഫിളും മൂന്ന് മാഗസിനുകളും കസ്റ്റഡിയില്‍ വാങ്ങിക്കയും ചെയ്തു.
അഗ്‌നിവീര്‍ കാവല്‍പ്പുരയില്‍ വെച്ച് മറന്ന വാച്ച് തിരിച്ചെടുക്കാന്‍ എത്തിയപ്പോള്‍ കാവല്‍ക്കാരനെ കാണാതായതോടെയാണ് അബദ്ധം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വിവരം അറിയിച്ചു. പരിസരങ്ങളില്‍ തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താനായില്ല. നാവികസേനയും മുംബൈ പോലീസും അന്വേഷണമാരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു.
കഫെ പരേഡ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എടിഎസ്, മുംബൈ ക്രൈം ബ്രാഞ്ചിന്റെ സിഐയു, ലോക്കല്‍ പോലീസ് എന്നിവര്‍ സംയുക്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോക്ക് കണ്ടെത്താനും ആള്‍മാറാട്ടക്കാരനെ പിടികൂടാനുമായി വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്. മോഷണംപോയ ആയുധവും വെടിക്കോപ്പുകളും കണ്ടെത്താനായി പ്രദേശം അരിച്ചുപൊറുക്കുന്നുണ്ടെന്നും നാവികസേന അറിയിച്ചു.
ഇതിന്റെ ഭാഗമായി ആയുധം കൈമാറിയ നാവികോദ്യോഗസ്ഥനെയും ചോദ്യംചെയ്തു വരികയാണ്. സംഭവിച്ചത് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് അധികൃതരുടെ പക്ഷം. ആള്‍മാറാട്ടക്കാരന്‍ റസിഡന്‍ഷ്യല്‍ കോംപ്ലക്സില്‍ പ്രവേശിക്കാനിടയായതിലെ വീഴ്ചയും പരിശോധിക്കുന്നുണ്ട്.