ബംഗളുരു: ഒരു വ്യത്യസ്തമായ രീതിയിൽ ബംഗളുരുവിലെ ഐടി ജീവനക്കാരൻ തട്ടിപ്പിന് ഇരയായ വാർത്തയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഒരു വിധത്തിലും ഓൺലൈൻ തട്ടിപ്പുകാർ ജീവിക്കാൻ സമ്മതിക്കില്ല എന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ. ആരും പ്രതീക്ഷിക്കാത്തതും ഇതുവരെ കേട്ടിട്ടില്ലാത്തതുമായ തട്ടിപ്പുകളാണ് ഇപ്പോൾ നടക്കുന്നത്.

ബംഗളുരുലെ ഒരു ഐടി ജീവനക്കാരന്റെ അക്കൗണ്ടിൽ നിന്നാണ് 2.8 കോടി രൂപ നഷ്ടമായത് അയാൾ മനസിലാക്കിയത് തന്നെ ദിവസങ്ങൾ കഴിഞ്ഞായിരുന്നു. വൈറ്റ് ഫീൽഡിൽ താമസിക്കുന്ന 60കാരനാണ് കഴി‌ഞ്ഞ ദിവസം വൈറ്റ്ഫീൽഡ് സിഇഎൻ പോലീസിൽ പരാതി നൽകിയത്.

ഒന്നര മാസം മുമ്പ് ഇയാളെ തേടി ഒരു ഫോൺ കോൾ എത്തിയത്. രോഹിത് ജെയിൻ എന്നാണഅ പേര് പറഞ്ഞ് പരിചയപ്പെടുത്തിയത്. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞു. പ്രൊഫഷണലായി സംസാരിച്ച് വിശ്വാസം നേടി. താങ്കൾക്ക് ക്രെഡിറ്റ് കാർഡ് അപ്രൂവ് ആയിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇടപാടുകൾ നന്നായി നടത്തുന്നത് കാരണം റിവാർഡ് പോയിന്റുകൾ കുറേയുണ്ടെന്നും അതിൽ നിന്നും ബാങ്ക് നിങ്ങൾക്ക് ഒരു മൊബൈൽ ഫോൺ സമ്മാനിക്കുകയാണെന്നും വിളിച്ചയാൾ അറിയിച്ചു.

നാലാം ദിവസം വീട്ടിൽ ഒരു കൊറിയർ എത്തി. ബാങ്കിന്റെ ലോഗോയും മുകളിൽ അക്കൗണ്ട് ഉടമയുടെ പേരുമൊക്കെ ഉണ്ടായിരുന്ന ബോക്സിൽ നേരത്തെ പറഞ്ഞിരുന്നതു പോലെ തന്നെ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. തന്റെ സിം അതിൽ ഇട്ട് ഉപയോഗിക്കാൻ നിർദേശം കിട്ടിയതോടെ അതുപോലെ തന്ന ചെയ്യുകയും ചെയ്തു. അഞ്ച് ദിവസം കഴിഞ്ഞ് പരിശോധിച്ചപ്പോഴാണ് ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി ഇട്ടിരുന്ന 2.8 കോടി രൂപ കാണാനില്ലെന്ന് മനസിലായത്. എന്താണ് സംഭവിച്ചതെന്ന് അറിയാതെ പോലീസിൽ പരാതി നൽകി.

മൊബൈൽ ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷമാണ് സമ്മാനമായി പരാതിക്കാരന് നൽകിയതെന്ന് പൊലീസ് കണ്ടെത്തി. ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അതിൽ നിന്നുള്ള എല്ലാ വിവരങ്ങളും തട്ടിപ്പുകാർക്ക് കിട്ടി. ആദ്യം ബാങ്കിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ മാറ്റി. പിന്നീട് സ്ഥിര നിക്ഷേപമായി ഇട്ടിരുന്ന പണം മുഴുവൻ പിൻവലിച്ച് എടുത്തത്. ചില നിർണായക സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടനെ തട്ടിപ്പുകാർ വലയിലാവുമെന്നും പോലീസ് വ്യക്തമാക്കുന്നു.