പട്ന: പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതിന്റെ പകയില്‍ അധ്യാപകനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വിവാഹം നടത്തി യുവതിയുടെ ബന്ധുക്കള്‍. ബിഹാറിലാണ് സംഭവം. അധ്യാപകനായ അവ്നിഷ് കുമാറിനെ സ്‌കൂളിലേക്ക് പോകുവഴി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം ബലം പ്രയോഗിച്ച് വിവാഹം നടത്തുകയായിരുന്നു. നാലു വര്‍ഷമായുള്ള പ്രണയം ബന്ധം ഉപേക്ഷിച്ചതോടെയാണ് യുവതിയുടെ ബന്ധുക്കള്‍ ഇത്തരമൊരു കൃത്യത്തിലേക്ക് നീങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഹാറിലെ ബേഗുസരായ് ജില്ലയിലെ രാജൗര സ്വദേശിയായ അവ്‌നിഷ് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്. ലഖിസരായ് സ്വദേശിയായ

ഗുഞ്ചന്‍ എന്ന യുവതിയുമായി അവ്‌നിഷ് കുമാര്‍ പ്രണയത്തിലായിരുന്നുവെന്നും സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായതോടെ വര്‍ഷങ്ങളായുള്ള പ്രണയ ബന്ധം ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് ആരോപണം. ഇടയ്ക്കിടെ ഹോട്ടലുകളിലും കതിഹാറിലെ അവ്നിഷിന്റെ വസതിയിലും ഒരുമിച്ച് താമസിച്ചിരുന്നതായി ഗുഞ്ചന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ യുവാവ് ഇത് നിഷേധിച്ചതായാണ് വിവരം.

അവ്നിഷിനെ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തില്‍ വെച്ച് ബലം പ്രയോഗിച്ച് വിവാഹം കഴിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു. അവ്‌നിഷിനെ നിരവധി പേര്‍ ബലമായി പിടിച്ചുനിര്‍ത്തിയിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് നിര്‍ബന്ധിതമായി വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

പെണ്‍കുട്ടിയോട് ഒരു സ്‌നേഹവും ഉണ്ടായിരുന്നില്ലെന്നും തന്നെ പെണ്‍കുട്ടി നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയായിരുന്നുവെന്നും യുവാവ് ആരോപിച്ചു. സംഭവദിവസം സ്‌കൂളിലേക്ക് പോകുമ്പോള്‍ സ്‌കോര്‍പ്പിയോ വാഹനത്തില്‍ ചിലര്‍ തട്ടിക്കൊണ്ടുപോയി. നിര്‍ബന്ധിതമായി വിവാഹ ചടങ്ങുകള്‍ നടത്തുകയായിരുന്നുവെന്നും യുവാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വിവാഹശേഷം യുവതിയുമായി ബന്ധുക്കള്‍ അവ്നിഷിന്റെ വീട്ടിലേക്ക് പുറപ്പെട്ടെങ്കിലും യുവാവ് ഇവരില്‍ നിന്നും രക്ഷപ്പെട്ടുവെന്നാണ് വിവരം. തുടര്‍ന്ന് അവ്നിഷിന്റെ വീട്ടിലെത്തിയെങ്കിലും മാതാപിതാക്കള്‍ സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്ന് ഗുഞ്ചന്‍, പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അവിവാഹിതരായ സര്‍ക്കാര്‍ ജോലിയുള്ള യുവാക്കളെ തട്ടിക്കൊണ്ട് പോയി ബലമായി വിവാഹം കഴിപ്പിക്കുന്നതിനെ 'പകഡ്വ വിവാഹ്' എന്നാണ് ഉത്തരന്ത്യയിലറിയപ്പെടുന്നത്. ഇതിന്റെ ഭാഗമായി നടന്ന വിവാഹമാണോ ഇതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.