ഗുരുഗ്രാം: പ്രണയിച്ചു വിവാഹം കഴിച്ച് നാലാം മാസം നഴ്‌സായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. നഴ്‌സായ കാജലിനെ (24) ആണ് റേഡിയോളജിസ്റ്റായ ഭര്‍ത്താവ് അരുണ്‍ ശര്‍മ്മ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണയിച്ചു വിവാഹിതരായ ഇവര്‍ക്കിടിയില്‍ കുറച്ചുകാലമായി നിരന്തരം പ്രശ്‌നങ്ങളായിരുന്നു. ഭര്‍ത്താവ് കാജലിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് പതിവു സംഭവമായിരുന്നു.

നഴ്‌സിങ് ഹോമിലെ ജോലിക്കിടയിലുണ്ടായ പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ വിവാഹത്തിന്റെ മധുവിധു കാലം കഴിയും മുന്‍പേ അരുണ്‍ കാജലിനെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു. ലഹരിക്ക് അടിമയായ അരുണ്‍ നിസ്സാര കാര്യങ്ങള്‍ക്കുപോലും കാജലിനെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു.

ഹാളി ആഘോഷങ്ങള്‍ക്കായി ഗഡി ഹര്‍സരുവിലെ കാജലിന്റെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. മാര്‍ച്ച് 17-ന് രാത്രി മദ്യപിച്ചെത്തിയ അരുണ്‍ കാജലുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാജലിനെ താഴത്തെ നിലയിലേക്ക് വിളിച്ചുകൊണ്ടുപോയി. മിനിറ്റുകള്‍ക്ക് ശേഷം മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ അബോധാവസ്ഥയിലാണ് കാജലിനെ വീട്ടുകാര്‍ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയ സിറിഞ്ചാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയം ബലപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍, കാജലിന് വിഷം കുത്തിവെച്ചതായി അരുണ്‍ സമ്മതിച്ചു. ഗാസിയാബാദ് സ്വദേശിയായ ഇയാള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിടിയിലായത്. അരുണിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കാജലിന്റെ മൃതദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലവും വന്നാലേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.