- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അടിപിടി കേസില്‍ പോലിസ് അറസ്റ്റ് ചെയ്തു; ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ സ്റ്റേഷന് വളപ്പില്‍ കിടന്ന പിക്കപ്പ് വാന്‍ തീയിട്ട് നശിപ്പിച്ച് പ്രതികാരം: 50കാരനെ അറസ്റ്റ് ചെയ്ത് പോലിസ്
അടിപിടി കേസിൽ പിടികൂടിയതിന് പ്രതികാരം; സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാൻ തീയിട്ട് നശിപ്പിച്ചു
വാളയാര്‍: അടിപിടി കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി രാത്രിയിലെത്തി പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട പിക്കപ് വാന്‍ തീയിട്ടു നശിപ്പിച്ചു. മാലിന്യം തള്ളിയ കേസില്‍ പോലിസ് കസ്റ്റഡിയിലെടുത്ത വാഹനമാണ് മറ്റൊരു കേസിലെ പ്രതി തീയിട്ട് നശിപ്പിച്ചത്. ഇന്നലെ രാത്രി നടന്ന സംഭവത്തില്‍ ചുള്ളിമട സ്വദേശി പോള്‍രാജിനെ (50) പൊലീസ് അറസ്റ്റു ചെയ്തു. വാളയാര്‍ പൊലീസ് സ്റ്റേഷനു മുന്നിലെ ദേശീയപാതയിലെ സര്‍വീസ് റോഡില്‍ പാര്‍ക് ചെയ്തിരുന്ന വാഹനത്തിനാണ് പ്രതി തീയിട്ടത്.
തീയിട്ട ശേഷം സ്ഥലത്തു നിന്നു ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതിയെ പൊലീസ് പിന്തുടര്ന്നു പിടികൂടി. ബുധന്‍ രാത്രി 8.10ഓടെയാണ് സംഭവം. മദ്യപിച്ചു അടിപിടിയുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ടോടെയാണ് പോള്‍ രാജിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈകിട്ടോടെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഇതിന്റെ പ്രതികാരത്തിലാണ് രാത്രിയോടെ സ്റ്റേഷനു സമീപത്തെത്തി സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ട പിക്കപ് വാന്‍ പോള്‍ രാജ് പെട്രോള്‍ ഒഴിച്ച് തീയിട്ടത്. ജനവാസ മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയ കേസില്‍ തൊണ്ടി മുതലായി പൊലീസ് പിടികൂടി സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ടതായിരുന്നു പിക്കപ് വാന്‍.
വാഹനത്തില്‍ തെര്‍മോകോള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് സാമഗ്രികളാണ് ഉണ്ടായിരുന്നത്. ഇതിനാല്‍ പെട്ടെന്നു തീ മുഴുവന്‍ ഭാഗങ്ങളിലേക്കും പടര്‍ന്നു. സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നു പുക ഉയരുന്നതു കണ്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് ഓടിയെത്തിയത്. വാഹനം പൂര്‍ണമായി കത്തിനശിച്ചു. സര്‍വീസ് റോഡിലുണ്ടായിരുന്നു യാത്രാ വാഹനങ്ങളിലേക്ക് ഉള്‍പ്പെടെ തീപടരുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും അഗ്നിരക്ഷാസേനയും പൊലീസും ചേര്‍ന്നു ഉടന്‍ തീയണച്ചു. കഞ്ചിക്കോട് സ്റ്റേഷന് ഓഫിസര്‍ ടി.ആര്.രാജേഷിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനയാണ് തീയണച്ചത്.
അതേസമയം പ്രതി മറ്റൊരു ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. എന്നാല്‍ ഇന്‍സ്പെക്ടര്‍ എന്‍.എസ്.രാജീവ്, എസ്ഐ ജെ.ജയ്സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പിന്തുടര്ന്നു ചുള്ളിമടയില്‍ നിന്നു പ്രതിയെ പിടികൂടി. തൊണ്ടിമുതല്‍ നശിപ്പിക്കല്‍, ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകളില്‍ കേസെടുത്താണ് പോള്‍ രാജിനെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുന്‍പാണു കൊട്ടാമുട്ടിയില്‍ തെര്‍മോകോളും പ്ലാസ്റ്റിക് മാലിന്യവും തള്ളാനെത്തിയ വാഹനം നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയത്.
സംഭവത്തില്‍ കേസെടുത്ത ശേഷം പിക്കപ് വാന്‍ പൊലീസ് കസ്റ്റഡിയിലേക്കും മാറ്റി. ഇത്തരത്തില്‍ സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ട വാഹനമാണ് കത്തിച്ചത്. പോള്‍രാജിനു അന്നത്തെ സംഭവുമായി ഒരു ബന്ധവുമില്ലെന്നും അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്തതിലുണ്ടായ ദേഷ്യമാണ് സംഭവത്തിലേക്കു നയിച്ചതെന്നും വാളയാര്‍ ഇന്‍സ്പെക്ടര്‍ എന്‍.എസ്.രാജീവ് അറിയിച്ചു.