- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹം അഴിച്ചു കിടത്തി അന്തിമോപചാരമര്‍പ്പിച്ചതിനുശേഷം മനീഷ് വിജയും സഹോദരിയും ആത്മഹത്യ ചെയ്തു; കടുത്ത ശാരീരിക അവശതകളുള്ള 77കാരിയായ ശകുന്തള സ്വയം കെട്ടിത്തൂങ്ങാന്‍ ശാരീരികമായി പ്രാപ്തയായിരുന്നോ? സംശയങ്ങള്‍ പലവിധം; ഐആര്‍എസ് കുടുംബത്തിന്റെ മരണം ദുരൂഹമായി തുടരും
തൃക്കാക്കര : കാക്കനാട് ടിവി സെന്ററിനുസമീപം സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്സിലെ അമ്മയുടെയും രണ്ടു മക്കളുടെയും മരണം വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ നിറയുന്നതും ദുരൂഹത മാത്രം. മൂവരുടെയും തൂങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ദുരൂഹത ഇനിയും നീങ്ങിയിട്ടില്ല. അമ്മ ശകുന്തള അഗര്‍വാള്‍ മരിച്ച് നാലു മണിക്കൂറിനുശേഷമാണ് മക്കളായ മനീഷും ശാലിനിയും മരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഫെബ്രുവരി 20ന് അമ്മയെ ഡോക്ടറെ കാണിക്കാന്‍ അപ്പോയ്‌മെന്റ് എടുക്കുകയും ഇക്കാര്യം ഡ്രൈവറോട് പറയുകയും ചെയ്തിരുന്നു എന്നതുകൊണ്ടു തന്നെ ആത്മഹത്യ പെട്ടെന്നുണ്ടായ തീരുമാനങ്ങളുടെ ഫലമാകാനാണ് സാധ്യത.
വ്യാഴം വൈകിട്ട് ആറിനാണ് ജിഎസ്ടി കസ്റ്റംസ് കൊച്ചി ഓഡിറ്റ് കമീഷണറേറ്റിലെ അഡീഷണല്‍ കമീഷണര്‍ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ് (51), അമ്മ ശകുന്തള അഗര്‍വാള്‍ (77) എന്നിവരുടെ മരണം പുറംലോകം അറിഞ്ഞത്. തൂങ്ങിമരിച്ച അമ്മയെ മക്കള്‍ താഴെയിറക്കി കട്ടിലില്‍ കിടത്തി വെള്ളപുതപ്പിച്ച് പൂജയും കര്‍മങ്ങളും ചെയ്തശേഷം ഇരുവരും ജീവനൊടുക്കിയതാണോ, അമ്മയെ കൊലപ്പെടുത്തിയശേഷം മക്കള്‍ ആത്മഹത്യ ചെയ്യുകയായിരുന്നോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. രണ്ടിനും സാധ്യതയുണ്ട്. മൂവരും അല്ലാതെ മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമാണ്. സ്വത്തും മറ്റും സഹോദരി പ്രിയയ്ക്ക് കൈമാറിയുള്ള മനീഷിന്റെ കുറിപ്പാണ് ഇതിന് കാരണം.
മനീഷും ശാലിനിയും ഷാളുകളില്‍ തൂങ്ങിയാണ് മരിച്ചത്. ഇരുവരും തൂങ്ങിയ ഷാളുകള്‍ ഹുക്കില്‍ കെട്ടിയിരിക്കുന്നത് ഒരേരീതിയിലാണ്. 14നാണ് ഇവര്‍ ഓണ്‍ലൈന്‍ വഴി പൂക്കള്‍ വാങ്ങുന്നത്. അമ്മ മരിച്ച ശേഷം മൃതദേഹത്തില്‍ വിതറിയിരുന്നത് ഈ പൂക്കളായിരുന്നു. 15നാണ് എല്ലാവരുടെയും മരണം നടന്നിരിക്കുന്നത് എന്നാണ് സൂചനകള്‍. വീട്ടില്‍ നിത്യവും പൂജയും മറ്റും നടത്തുന്ന വിശ്വാസികളായ ഇവര്‍ ഇതിനായും പൂക്കള്‍ വാങ്ങിയിരുന്നു എന്ന് വിവരമുണ്ട്. ഇവരുടെ മൃതദേഹം ശനിയാഴ്ച എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി കാക്കനാട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. മനീഷിന്റെ ഇളയസഹോദരി പ്രിയ വിജയ്യും ഭര്‍ത്താവ് നിതിന്‍ ഗാന്ധിയും കൊച്ചിയില്‍ എത്തിയിരുന്നു. ഇവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം. മൂവരുടെയും ചിതയ്ക്ക് പ്രിയ തീപകര്‍ന്നു.
മനീഷ് അവധി കഴിഞ്ഞും മനീഷ് ഓഫീസിലേക്ക് എത്താതിരിക്കുകയും ഫോണ്‍കോളുകള്‍ക്ക് മറുപടി ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് സഹപ്രവര്‍ത്തകര്‍ ഇവര്‍ താമസിച്ചിരുന്നിടത്തേക്ക് അന്വേഷിച്ചെത്തിയത്. പിന്നാലെ മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ള പുതപ്പിച്ച് ചുറ്റും പൂക്കള്‍ വിതറിയ നിലയിലാണ് എണ്‍പത് വയസുകാരിയായ ശകുന്തളയുടെ മൃതദേഹം കട്ടിലില്‍ കിടന്നിരുന്നത്. തലയുടെ ഭാഗത്തായി മൂന്നുപേരും ചേര്‍ന്നുനില്‍ക്കുന്ന ഫോട്ടോയും വെച്ചിരുന്നു. അടുത്ത മുറികളിലായി തൂങ്ങിമരിച്ച നിലയിലാണ് മറ്റു രണ്ടുപേരുടെയും മൃതദേഹങ്ങളുണ്ടായിരുന്നത്.
15നാണ് മരിക്കാന്‍ തീരുമാനിച്ചതെങ്കില്‍ അമ്മ ശകുന്തളയോടു കൂടി ആലോചിച്ച് ഇത് നടപ്പാക്കിയതാണോ എന്നതടക്കം പോലീസിന് സംശയമുണ്ട്. അതോ മക്കള്‍ അറിയാതെ അമ്മ സ്വയം മരിക്കുകയും ഇതിന്റെ ആഘാതത്തില്‍ മക്കളും ജീവന്‍ വെടിയാന്‍ തീരുമാനിക്കുകയായിരുന്നോ എന്നതും ചോദ്യമായി അവശേഷിക്കും. പ്രമേഹരോഗമടക്കം കടുത്ത ശാരീരിക അവശതകളുള്ള 77കാരിയായ ശകുന്തള ഇത്തരമൊരു കൃത്യം സ്വയം നടത്താന്‍ ശാരീരികമായി പ്രാപ്തയായിരുന്നോ എന്ന സംശയവും സജീവം. ഏതായാലും ബാഹ്യ ഇടപെടല്‍ ഇല്ലാത്ത മരണങ്ങളായതു കൊണ്ട് തന്നെ സംശയങ്ങള്‍ അവശേഷിപ്പിക്കും വിധം കേസ് ഫയല്‍ ക്ലോസ് ചെയ്യാനാണ് സാധ്യത.