മംഗളൂരു: കര്‍ണാടകയില്‍ വീണ്ടും മോഷണം. മംഗലാപുരത്തെ കാര്‍ഷിക ബാങ്കിലാണ് സംഭവം. മംഗളൂരുവില്‍ ഉള്ളാളിനു സമീപമുള്ള കാര്‍ഷിക സഹകരണ ബാങ്കില്‍ നിന്ന് 15 കോടിയുടെ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയുമാണ് കവര്‍ന്നത്. കാറിലെത്തിയ ആറംഗസംഘമാണ് കവര്‍ച്ചയ്ക്കുപിന്നില്‍. അഞ്ച് പേര്‍ തോക്കുമായി എത്തി ബാങ്കില്‍ പോയി എല്ലാവരെയും ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തി. ആറാമന്‍ ബാങ്കിന് കാവലായി പുറത്ത് നില്‍ക്കുകയായിരുന്നു. കാട്ടേക്കര്‍ കാര്‍ഷിക സഹകരണ ബാങ്കിന്റെ കെസി റോഡ് ശാഖയിലായിരുന്നു കവര്‍ച്ച.

ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബാങ്കിലെ സിസിടിവി നന്നാക്കുന്ന സമയത്താണ് കവര്‍ച്ചാ സംഘം എത്തിയത്. കറുത്ത ഫിയറ്റ് കാറിലാണ് കവര്‍ച്ചക്കാര്‍ എത്തിയത്. തോക്കുചൂണ്ടി ചാക്കുകളിലാക്കിയാണ് കവര്‍ച്ചാ സാധനങ്ങളുമായി കടന്ന് കളഞ്ഞത്. തോക്കുകളും വാളുകളുമായി അക്രമികള്‍ ബാങ്കിലേക്ക് ഇരച്ചുകയറുകയായിരുന്നു. 3 വനിതാ ജീവനക്കാരും ഒരു പുരുഷ ജീവനക്കാരനും ഒരു സിസിടിവി ടെക്‌നീഷ്യനുമായിരുന്നു ബാങ്കില്‍ ഉണ്ടായിരുന്നത്. എതിര്‍ത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആയിരുന്നു കവര്‍ച്ച. ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

ബാങ്കിലെ സിസിടിവി വര്‍ക്കിങ് അല്ലെന്ന് മനസിലാക്കിയിട്ടാണ് സംഘം മോഷണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ക്യാമറ അറ്റകുറ്റപ്പണികള്‍ക്ക് ചുമതലപ്പെടുത്തിയ ഏജന്‍സിയെയും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ സിസിടിവി നന്നാക്കാന്‍ വന്നയാളുടെ സ്വര്‍ണവും പണവും അപഹരിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. അടുത്ത കടകളിലും ജീവനക്കാരിലും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കവര്‍ച്ച നടത്തുന്നതിന് മുന്‍പ് അവിടെയുണ്ടായിരുന്ന കുട്ടികളോട് മാറിപ്പോകാന്‍ കവര്‍ച്ചാ സംഘം പറഞ്ഞതായി ദൃസാക്ഷികള്‍ പറഞ്ഞു. അവരുടെ സംസാരം കന്നഡിയില്‍ ആയിരുന്നെങ്കിലും ബാങ്കിലെ ജീവനക്കാരോട് സംസാരിച്ചത് ഹിന്ദിയിലാണ്. കാറിന്റെ നമ്പര്‍ പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് കണ്ടെത്തി.

മംഗളൂരു നഗരം ലക്ഷ്യമാക്കിയാണ് ഇവര്‍ രക്ഷപ്പെട്ടതെന്നാണ് വിവരം. അഞ്ചുവര്‍ഷം മുന്‍പും ഇതേ ബാങ്കില്‍ കവര്‍ച്ച നടന്നിരുന്നു. അന്ന് തോക്കും കത്തിയും ഉപയോഗിച്ചായിരുന്നു കവര്‍ച്ച. നിലവില്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. കുറ്റവാളികളെ ഉടന്‍ പിടികൂടാനാണ് പോലീസ് ശ്രമിക്കുന്നത്. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി.ഖാദര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുകയും കുറ്റവാളികളെ എത്രയും പെട്ടന്ന് പിടികൂടണമെന്നും പോലീസിന് നിര്‍ദേശം നല്‍കി.