കോട്ടയം: ഓണ്‍ലൈനില്‍ സിബിഐ എങ്കില്‍.. ഓഫ് ലൈനില്‍ എത്തുന്ന തട്ടിപ്പുകാര്‍ പോലീസിനേയും ദുരുപയോഗം ചെയ്യും. ഇവിടേയും പെണ്‍ ബുദ്ധിയും കരുത്തും തട്ടിപ്പുകാരെ പൊളിച്ചു. പൊലീസ് ചമഞ്ഞ് വീട്ടില്‍ നേരിട്ടെത്തി അറസ്റ്റ് വാറന്റുണ്ടെന്നു പറഞ്ഞ് ഗൃഹനാഥനില്‍ നിന്നു പണം തട്ടാന്‍ ശ്രമം. തട്ടിപ്പുസംഘത്തിന്റെ നീക്കം പൊളിച്ച് സമീപവാസിയായ വീട്ടമ്മ.

പൊലീസെന്ന വ്യാജേന വീട്ടിലെത്തിയ രണ്ടംഗ സംഘമാണ് മാങ്ങാനത്തെ വീട്ടിലെത്തി 69 വയസ്സുള്ള ഗൃഹനാഥനില്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചത്. കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ നിന്നാണെന്നും പാലക്കാട്ടു നടന്ന അടിപിടിക്കേസില്‍ ഗൃഹനാഥനെതിരെ കേസുണ്ടെന്നും വാറന്റ് അയച്ചിട്ടും ഇതുവരെ കോടതിയില്‍ ഹാജരാകാത്തതിനാല്‍ അറസ്റ്റ് വാറന്റുമായി എത്തിയതാണെന്നും പറഞ്ഞു. ഓണ്‍ലൈനില്‍ ' വ്യാജ സിബിഐ സംഘം' നടത്തുന്ന തട്ടിപ്പിന്റെ ഓണ്‍ലൈന്‍ പതിപ്പായി ഇത്.

പാലക്കാട്ട് പോവുക പോലും ചെയ്യാത്ത ഗൃഹനാഥന്‍ ഇത്തരമൊരു കേസില്‍ പ്രതിയല്ലെന്ന് സമീപവാസികളടക്കം പറഞ്ഞു. ഇതോടെ ഗൃഹനാഥന്റെ ആധാര്‍ കാര്‍ഡ് കാണിക്കണമെന്നായി തട്ടിപ്പുസംഘം. എന്നാല്‍ അവസരോചിതമായി ആ സ്ത്രീ ഇടപ്പെട്ടു. അവരുടെ ധീരതയുള്ള ചോദ്യത്തിന് പിന്നില്‍ അവര്‍ പൊളിഞ്ഞു. പിന്നെ ജീവനും കൊണ്ട് അവര്‍ ഓടി. ഇവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി കഴിഞ്ഞു. ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടവരാണ് ഓഫ് ലൈനുകാര്‍ എന്നാണ് സൂചന.

വയോധികനെ കുടുക്കാനെത്തിയവരോട് സമീപവാസിയായ വീട്ടമ്മ തട്ടിപ്പുസംഘത്തോട് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞു. ഈസ്റ്റ് സ്റ്റേഷനില്‍ തന്റെ ബന്ധുക്കളുണ്ടെന്നും അവരെ അറിയുമോയെന്നും ചോദിച്ചു. ഒപ്പമുള്ളത് പാലക്കാട്ടു നിന്നെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണെന്നും താന്‍ ചുമതലയേറ്റിട്ടു നാലു ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നുമായിരുന്നു മറുപടി. ഇതോടെ തന്നെ തട്ടിപ്പിന്റെ സ്വഭാവം തിരിച്ചറിഞ്ഞു.

തുടര്‍ന്ന്, കേസ് പിഴയടച്ചു തീര്‍ക്കാമെന്നും വാട്‌സാപ്പില്‍ അക്കൗണ്ട് നമ്പര്‍ അയയ്ക്കാമെന്നും പറഞ്ഞ് രണ്ടംഗസംഘം മടങ്ങി. പിന്നീട് ഫോണില്‍ തട്ടിപ്പു സംഘവുമായി ഗൃഹനാഥന്‍ സംസാരിച്ചു. തന്റെ ഫോണില്‍ വാട്‌സാപ്പില്ലാത്തിനാല്‍ സമീപത്തെ വീട്ടമ്മയുടെ വാട്‌സാപ് നമ്പറില്‍ അക്കൗണ്ട് നമ്പര്‍ നല്‍കാന്‍ ഗൃഹനാഥന്‍ പറഞ്ഞു.

വീട്ടമ്മ അഭിഭാഷകനുമായി ആലോചിച്ച ശേഷം, കേസ് നമ്പര്‍ വേണമെന്ന് രണ്ടംഗ സംഘത്തോട് ആവശ്യപ്പെട്ടു. തുടര്‍ന്ന്, കേസ് എഴുതിത്തള്ളിയെന്നും ഇനി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നും മറുപടി നല്‍കി തട്ടിപ്പുകാര്‍ തടിതപ്പി. അങ്ങനെ ആ കള്ളം പൊളിഞ്ഞു.