തിരുവനന്തപുരം: വിഴിഞ്ഞത്തിനടുത്ത് ഉച്ചക്കടയിൽ വീട്ടിൽ അതിക്രമിച്ച് കയറി മുഖംമൂടി സംഘം ആക്രമണം നടത്തിയതും വീട്ടുടമയെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ചതും സംബന്ധിച്ച് വയോധിക ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട് വിറ്റഴിച്ചതിന്റെ പേരിൽ ഉടലെടുത്ത തർക്കമാണ് ഈ അക്രമത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ചോടെയാണ് സംഭവം നടന്നത്. ഉച്ചക്കടയിലെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം വീട്ടുടമയായ വിശ്വാമിത്രനെ ഇരുമ്പ് ദണ്ഡും തടിക്കഷ്ണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഇദ്ദേഹത്തെ പുന്നവിള ഭാഗത്ത് ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞു. ആക്രമണത്തിൽ വിശ്വാമിത്രന്റെ കൈകൾക്കും കാലുകൾക്കും ഗുരുതരമായി പരിക്കേൽക്കുകയും അദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നൽകിയ ഒന്നാം പ്രതി കോട്ടുകാൽ ഉച്ചക്കട ആർ സി ഭവനിൽ ചന്ദ്രിക, സമീപവാസിയായ സുനിൽകുമാർ, കാഞ്ഞിരംകുളം മല്ലൻകുളം സ്വദേശി ഷൈജു, കാഞ്ഞിരംകുളം തടത്തിക്കുളം സ്വദേശി രാകേഷ്, ഉച്ചക്കട സ്വദേശി അനൂപ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരോടൊപ്പം ജാർഖണ്ഡ് സ്വദേശികളായ ശശികുമാർ, ഭഗവത്കുമാർ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രണ്ട് വർഷം മുൻപ് ചന്ദ്രികയുടെ മരുമകൾ ഈ വീടും സ്ഥലവും ഏകദേശം മൂന്ന് കോടി രൂപയ്ക്ക് വിശ്വാമിത്രന് വിറ്റിരുന്നു. എന്നാൽ, ഈ സ്ഥലത്തിന് നാല് കോടി രൂപയോളം വിലയുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ചന്ദ്രിക അവിടെ താമസം ആരംഭിക്കുകയും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായെങ്കിലും വീടിന്റെ താക്കോൽ വിശ്വാമിത്രന് കൈമാറാൻ തയ്യാറാകാതിരിക്കുകയും ചെയ്തു. പിന്നീട് വിശ്വാമിത്രനും ഭാര്യയും വീട്ടിൽ താമസിക്കാനെത്തിയതോടെ ഇരുവർക്കുമിടയിൽ തർക്കം രൂക്ഷമായി. ഇരുവരും വിഷയത്തിൽ നിയമപരമായ നടപടികൾക്കായി കോടതിയെ സമീപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ്, വിശ്വാമിത്രനെ വീട്ടിൽ നിന്ന് ഒഴിവാക്കാൻ ചന്ദ്രിക ബന്ധുവായ അനൂപിന്റെ സഹായം തേടിയത്. ഇതിനായി ഒന്നേകാൽ ലക്ഷം രൂപ അനൂപിന് നൽകിയെന്നും പോലീസ് പറയുന്നു. അനൂപിന്റെ സുഹൃത്തുക്കളും പരിചയക്കാരായ ഇതര സംസ്ഥാന തൊഴിലാളികളുമാണ് ആക്രമണം നടത്തിയതെന്നും പോലീസ് കൂട്ടിച്ചേർത്തു.

വിശ്വാമിത്രന്റെ ഭാര്യ പുറത്ത് പോയിരുന്ന സമയം നോക്കി ചന്ദ്രിക മറ്റ് പ്രതികൾക്ക് വിവരം നൽകുകയും അവർ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.