കൊച്ചി: കൊച്ചിയില്‍ വീണ്ടും ലഹരിവേട്ട. കാക്കനാട്, കളമശ്ശേരി എന്നിവിടങ്ങളില്‍ നടത്തിയ പോലീസ് പരിശോധനയില്‍ വില്‍പ്പനക്കും ഉപയോഗത്തിനുമായി കൈവശം സൂക്ഷിച്ച 22.76 ഗ്രാം എം.ഡി.എം.എ.യുമായി 10 പേരെ പോലീസ് പിടികൂടി. കാക്കനാട് ഈച്ചമുക്കിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന പാലക്കാട് സ്വദേശികളായ സാദിക്ക് ഷാ (22), സുഹൈല്‍, രാഹുല്‍ (22), ആകാശ് (22), തൃശ്ശൂര്‍ സ്വദേശികളായ അതുല്‍ കൃഷ്ണ (23), മുഹമ്മദ് റാം ഷേക്ക് (23), നിഖില്‍ (24), നിധിന്‍ (24), റൈഗല്‍ (18) എന്നിവരെ അറസ്റ്റ് ചെയ്തു.

ഇവരുടെ കൈയില്‍നിന്ന് വില്പനയ്ക്കായി കവറുകളില്‍ സൂക്ഷിച്ച 13.52 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. കാക്കനാടും പരിസരത്തും മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായത്. സുഹൈല്‍, നിധിന്‍ എന്നിവര്‍ മുന്‍പും കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇന്‍ഫോപാര്‍ക്ക് പോലീസ് എസ്.ഐ. മാരായ സജീവ്, ബദര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

കളമശ്ശേരി പൊട്ടച്ചാല്‍ റോഡില്‍ എറണാകുളം നര്‍ക്കോട്ടിക് സെല്‍ എ.സി.പി. അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലുള്ള ടീം നടത്തിയ പരിശോധനയിലാണ് 9.23 ഗ്രാം എം.ഡി.എം.എ.യുമായി ആലപ്പുഴ പുന്നപ്ര സ്വദേശി സുഹൈര്‍ (24) പിടിയിലായത്. അതേസമയം രാത്രിയുടെ മറവില്‍ കൊച്ചിയില്‍ ലഹരി വില്‍പ്പന സജീവമാണ്.

പുകവലിക്കാന്‍ 'പുകമുറികള്‍' അടക്കം സജ്ജീകരിച്ചു കൊണ്ടാണ് ലഹരിവില്‍പ്പന പൊടിപൊടിക്കുന്നത്. ലഹരി കൈമാറ്റത്തിനും ഇത്തരം കടകളെ മറയാക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എം.ജി. റോഡില്‍ അടുത്തിടെ തുടങ്ങിയ കടയുടെ പരിസരത്ത് അര്‍ധരാത്രിയോട നൂറുകണക്കിന് യുവാക്കളാണ് വന്നുകൂടുന്നത്. പേട്ടയിലും പുകയ്ക്കാനുള്ള സൗകര്യം ഒരുക്കിത്തുടങ്ങിയിട്ടുള്ള ചായക്കടയില്‍, രാത്രി വന്‍തിരക്കാണ്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ, തിരുവാങ്കുളം, ചിത്രപ്പുഴ ഭാഗങ്ങളിലെ ചില കടകളിലും 'പുകമുറികള്‍' ഉണ്ട്. കടയ്ക്ക് മുന്നില്‍ പരസ്യമായി പുകവലിക്കുന്നവരും ഏറെയാണ്.

ഇത്തരം കടകളുടെ പിന്നിലും മറ്റും ക്രമീകരിച്ചിട്ടുള്ള മുറിയിലേക്കും തുറസ്സായ സ്ഥലങ്ങളിലേക്കുമാണ് യുവതീ-യുവാക്കള്‍ എത്തുന്നത്. ഇരുമ്പനത്തെയും കേശവന്‍പടിയിലെയും ബെവ്കോ ഔട്ട്‌ലെറ്റുകളോടു ചേര്‍ന്നും കരിങ്ങാച്ചിറയിലും ഇത്തരം പുകയ്ക്കല്‍ സൗകര്യങ്ങള്‍ ഒരുക്കിയുള്ള കച്ചവടകേന്ദ്രങ്ങളുണ്ടെന്നും ആക്ഷേപമുണ്ട്.