- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പന്തളം കുരമ്പാലയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍; തിരുവല്ലയില്‍ ഒരു വീട്ടില്‍ നിന്ന് എല്ലാത്തരം ലഹരിമരുന്നുകളുടെയും കമനീയ ശേഖരം കണ്ടെത്തി; തൂക്കാനുള്ള ത്രാസും; പ്രതി രക്ഷപ്പെട്ടു
പന്തളം കുരമ്പാലയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയില്‍
പത്തനംതിട്ട: എംഡിഎംഎയും കഞ്ചാവുമായി കുരമ്പാലയില്‍ നിന്ന് യുവാവിനെ പന്തളം പോലീസ് പിടികൂടി. തിരുവല്ലയിലെ വീട്ടില്‍ നിന്ന് എംഡിഎംഎയും ചരസും കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന സാധനങ്ങളും തൂക്കുന്ന മെഷിനും അടക്കം പിടികൂടിയെങ്കിലും പ്രതി രക്ഷപ്പെട്ടു.
പന്തളത്ത് കുരമ്പാല വല്ലാറ്റൂര്‍ പുഷ്പാലയം വീട്ടില്‍ കണ്ണന്‍ എന്ന അനന്തു ( 27) ആണ് അറസ്റ്റിലായത്. ഉപയോഗിക്കാന്‍ കൈവശം വച്ചിരുന്ന എംഡിഎംഎയും കഞ്ചാവും ഇയാളില്‍ നിന്നും കണ്ടെടുത്തു. എസ് ഐ അനീഷ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ 1.15 ന് പറന്തല്‍ വല്ലാറ്റൂരില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പറന്തല്‍-വല്ലാറ്റൂര്‍ -റോഡിലൂടെ നടന്നുപോയ ട്രൗസറും ഷര്‍ട്ടും ധരിച്ച യുവാവിനെ കണ്ട് സംശയം തോന്നി പോലീസ് തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പിന്തുടര്‍ന്ന് പിടികൂടി പരിശോധിച്ചപ്പോള്‍ ട്രൗസറിന്റെ പോക്കറ്റില്‍ നിന്നും പത്രക്കടലാസ്സില്‍ പൊതിഞ്ഞ നിലയില്‍ 11 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന്, സിഗററ്റ് പാക്കറ്റിനുള്ളില്‍ പ്ലാസ്റ്റിക് സിപ് ലോക് കവറില്‍ സൂക്ഷിച്ച നിലയില്‍ .04 ഗ്രാം എം ഡി എം എയും കണ്ടെടുക്കുകയായിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ കായംകുളം ബസ് സ്റ്റാന്റിന് സമീപത്തുനിന്നും ഉപയോഗത്തിനായി വാങ്ങിയതാണെന്ന് യുവാവ് വെളിപ്പെടുത്തി, തുടര്‍ന്ന് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ മേല്‍നോട്ടത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു. എസ് സി പി ഓ ജയന്‍, സി പി ഓമാരായ എസ് അന്‍വര്‍ഷാ, കെ അമീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
തിരുവല്ല കുറ്റൂര്‍ തുണ്ടിത്തറയില്‍ വീട്ടില്‍ എസ് ശ്യാകുമാറി(35)ന്റെ വീട്ടില്‍ നിന്നാണ് എം ഡി എം എ ഉള്‍പ്പെടെയുള്ള ലഹരിയുല്‍പ്പന്നങ്ങളും തൂക്കുന്ന മെഷീനും മറ്റും ഡാന്‍സാഫ് സംഘം പിടിച്ചെടുത്തത്. പരിശോധനയില്‍ 0.4 ഗ്രാം എം ഡി എം എ, 15 ഗ്രാം ഗഞ്ചാവ്, ഡിജിറ്റല്‍ വെയിങ് മെഷീന്‍, 0.60 ഗ്രാം ചരസ്സ്, കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ബോങ്, ഓ സി ബി പേപ്പറുകള്‍ എന്നിവ പോലീസ് കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തിലായിരുന്നു പോലീസ് നടപടി.
പോലീസിനെ കണ്ട് യുവാവ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, വാര്‍ഡ് മെമ്പര്‍, പ്രതിയുടെ ബന്ധുക്കള്‍, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ പ്രതിയുടെ മുറിയുടെ പൂട്ട് പൊളിച്ചുള്ളില്‍ കയറിയാണ് ഇവ പിടിച്ചെടുത്തത്. തിരുവല്ല പോലീസ് തുടര്‍നടപടികള്‍ കൈകൊണ്ടു, വിശദമായ അന്വേഷണം നടക്കുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.