പാലക്കാട്: പുതുപ്പരിയാരത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അനൂപിനെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യും. മാട്ടുമന്ത ചോളോട് സി.എന്‍. പുരം സ്വദേശിനി മീര (32) ആണ് മരിച്ചത്. ഭര്‍ത്താവ് അനൂപിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഇത് ആത്മഹത്യയാണെന്നാണ് സൂചന.

എന്നാല്‍, മീര ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മീരയുടേതെന്ന് കരുതുന്ന ഒരു ആത്മഹത്യ കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതില്‍, തന്നോടും ആദ്യ ഭര്‍ത്താവിലുള്ള തന്റെ കുഞ്ഞിനോടും ഭര്‍ത്താവ് അനൂപിന് സ്‌നേഹവും പരിഗണനയും കുറഞ്ഞുവെന്ന് മീര ആരോപിക്കുന്നതായി പറയുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്.

സംഭവത്തില്‍ ഹേമാംബിക നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രണയവിവാഹിതരായിരുന്നു അനൂപും മീരയും. ഒരു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. അടുത്തിടെ വിവാഹവാര്‍ഷികം കഴിഞ്ഞിരുന്നു. വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവ് വാട്‌സാപ്പില്‍ സ്റ്റാറ്റസ് ഇട്ടതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായതായി പോലീസ് പറയുന്നു. തുടര്‍ന്ന് മീര സ്വന്തം വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍, ഭര്‍ത്താവ് വീട്ടിലെത്തി മീരയെ തിരികെ കൂട്ടിക്കൊണ്ടുവന്നു. ബുധനാഴ്ച രാവിലെയാണ് അടുക്കളയ്ക്ക് സമീപമുള്ള വര്‍ക്ക് ഏരിയയിലെ സീലിങ്ങില്‍ ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ മീരയെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

.യുവതിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവസമയത്ത് വീട്ടില്‍ അനൂപും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. മീരയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മറ്റു മുറിവുകളോ ഇല്ലെന്ന് പൊലീസ്. ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിക്കുമ്പോഴും മര്‍ദ്ദനം നടന്നിട്ടില്ലെന്നാണ് പോലീസ് വ്യക്തമക്കുന്നത്. യുവതിയുടെ വീട്ടുകാര്‍ പരാതി ഉന്നയിച്ചതോടെ കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.