ലക്‌നൗ: മീററ്റില്‍ മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി ഡ്രമ്മിലിട്ട് സിമന്റ് തേച്ച് അടച്ച സംംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മാര്‍ച്ച് നാലിനാണ് സൗരഭ് രാജ്പുത്തിനെ (29) വെട്ടിനുറുക്കി 15 കഷ്ണമാക്കി ഡ്രമ്മില്‍ അടച്ചത്. മകളുടെ പിറന്നാള്‍ ആഘോഷിക്കാന്‍, വിദേശത്ത് നിന്ന് എത്തി, ഒരാഴ്ച പിന്നിടുമ്പോഴാണ് സൗരഭിനെ ഭാര്യ മുസ്‌കാന്‍ രസ്‌തോഗിയും(27) കാമുകന്‍ സാഹില്‍ ശുക്ലയും (25) ചേര്‍ന്ന് വകവരുത്തിയത്. കൊലപാതകത്തിന് മുമ്പ് സൗരഭും മുസ്‌കാനും കുഞ്ഞിനൊപ്പം നൃത്തം ചവുട്ടി പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോയും കഴിഞ്ഞ ദിവസം പുറത്തു വന്നു. പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്തരുന്നു.




കൊലപാതകവുമായി ബന്ധപ്പെട്ടുയര്‍ന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി. മുസ്‌കാന്റെ ലഹരി അടിമത്വം, ബോളിവുഡില്‍ തിളങ്ങാനുള്ള മോഹം, ദുര്‍മന്ത്രവാദം തുടങ്ങി നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

കൊലപാതക കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണെന്ന് മീററ്റ് സിറ്റി പൊലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിങ് അറിയിച്ചു. ഇതുവരെ ശേഖരിച്ച തെളിവുകളാണ് അദ്ദേഹം പങ്കുവച്ചത്. സൗരഭിനെ വകവരുത്തിയെന്ന കുറ്റം മുസ്‌കാനും സാഹിലും സമ്മതിച്ചു. ഇരുവരും മൃതദേഹം ഡ്രമ്മിലാക്കി സിമന്റ് തേച്ച് അടച്ച ശേഷം ഹിമാചല്‍ പ്രദേശിലേക്ക് പോയി. രണ്ടുദിവസത്തിന് ശേഷം മടങ്ങി എത്തിയപ്പോഴാണ് കസ്റ്റഡിയില്‍ എടുത്തത്. കൊലപാതകത്തിന് ഇവര്‍ ഉപയോഗിച്ച ആയുധവും കണ്ടെടുത്തു.




അവിഹിത ബന്ധം കെടുത്തിയ സന്തോഷം

2016 ലാണ് മുസ്‌കാന്റെയും സൗരഭിന്റെയും പ്രണയവിവാഹം. പക്ഷേ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. 2021 ഓടെയാണ് സൗരഭ് മുസ്‌കാന്റെ പുതിയ ബന്ധം അറിഞ്ഞത്. മുസ്‌കാനെയും സാഹിലിനെയും അരുതാത്ത സാഹചര്യത്തില്‍ കണ്ടതായി വീട്ടുടമ സൗരഭിനെ അറിയിച്ചിരുന്നു. 2019 മുതല്‍ തനിക്ക് സാഹിലുമായി ബന്ധമുണ്ടെന്നാണ് മുസ്‌കാന്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. വിവരമറിഞ്ഞ സൗരഭ് 2021 ല്‍ വിവാഹ മോചനത്തിന് കേസ് നല്‍കി. എന്നാല്‍, സൗരഭിന്റെ കുടുംബം വിവാഹബന്ധം തുടരാന്‍ നിര്‍ബന്ധിച്ചു, എസ്പി പറഞ്ഞു.

സാഹില്‍ മദ്യത്തിന് അടിമയാണെന്നും അതിന്റെ പേരില്‍ പലവട്ടം തങ്ങള്‍ തമ്മില്‍ വഴക്കുണ്ടായെന്നും മുസ്‌കാന്‍ പറഞ്ഞു. സാഹില്‍ കടക്കെണിയിലായതോടെ മുസ്‌കാന്റെ കുടുംബമാണ് അയാളുടെ വാടക അടക്കം ചെലവുകള്‍ വഹിച്ചത്, പൊലീസിനോട് അവള്‍ വെളിപ്പെടുത്തി.

സൗരഭിനെ കൊല്ലാന്‍ മുമ്പും ശ്രമിച്ചു

മുസ്‌കാനെ മയക്കുമരുന്നിന് അടിമയാക്കാന്‍ സാഹില്‍ ശ്രമിക്കുന്നതായി അവളുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഇരുവരും തമ്മില്‍ കാണുമ്പോഴെല്ലാം മദ്യവും കൂട്ടായി ഉണ്ടായിരുന്നു. സാഹിലിനെ കാണും മുമ്പ് തന്നെ താന്‍ മദ്യപിച്ചിരുന്നുവെന്നാണ് മുസ്‌കാന്‍ പറയുന്നത്.

'2023 മുതല്‍ സൗരഭ് ലണ്ടനിലെ ഒരു ബേക്കറിയില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയിലാണ് മടങ്ങി എത്തിയത്. ഫെബ്രുവരി 25 ന് സൗരഭിനെ കൊല്ലാന്‍ മുസ്‌കാനും സാഹിലും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മാര്‍ച്ച് മൂന്നിനാണ് തങ്ങളുടെ പദ്ധതി അവര്‍ വിജയകരമായി നടപ്പാക്കിയത്,' പൊലീസ് സൂപ്രണ്ട് ആയുഷ് വിക്രം സിങ് പറഞ്ഞു.

മാര്‍ച്ച് നാലിന് സൗരഭിന്റെ ഭക്ഷണത്തില്‍ മുസ്‌കാന്‍ ഉറക്കഗുളിക ചേര്‍ത്തുനല്‍കി. ഉറക്കത്തിനിടെ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയും ശേഷം മൃതദേഹം 15 കഷണങ്ങളാക്കി ഡ്രമ്മിനകത്താക്കുകയും സിമന്റ് തേച്ച് ഒളിപ്പിച്ചുവയ്ക്കുകയുമായിരുന്നു. കുറ്റകൃത്യത്തിനു ശേഷം ഇയാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനും ഭാര്യ ശ്രമിച്ചു. സാഹിലിനൊപ്പം ഉത്തരാഖണ്ഡിലെ കൗസാനിയിലേക്ക് വിനോദസഞ്ചാരത്തിന് പോയ മുസ്‌കാന്‍ സൗരഭിന്റെ ഫോണും കൈയിലെടുത്തിരുന്നു. തുടര്‍ന്ന്, സംശയമുണ്ടാവാതിരിക്കാന്‍ ഈ ഫോണില്‍നിന്ന് സൗരഭിന്റെ വീട്ടുകാര്‍ക്ക് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. എന്നാല്‍ നിരവധി തവണ വിളിച്ചിട്ടും മകന്‍ ഫോണെടുക്കാതായതോടെയാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു.

അന്വേഷണത്തിന് രണ്ടുസംഘങ്ങളാണ് രൂപീകരിച്ചിരിക്കുന്നത്. ഇരുവരും ഡ്രമ്മും മറ്റു വസ്തുക്കളും വാങ്ങിയ കട പൊലീസ് തിരിച്ചറിഞ്ഞു. കടക്കാരനെ ചോദ്യം ചെയ്തു. ഷിംലയില്‍ തെളിവു ശേഖരിക്കാനായി ഒരു സംഘം പോകും. ഷിംലയ്ക്ക് പുറത്ത് ഏതൊക്കെ സ്ഥലങ്ങളില്‍ പോയി എന്ന് വിവരം ശേഖരിക്കുകയാണ്. ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.


ദുര്‍മന്ത്രവാദം?

സൗരഭിനെ വെട്ടിനുറുക്കി 15 കഷ്ണമാക്കിയതാണ് ദുര്‍മന്ത്രവാദ സംശയം ഉയരാന്‍ കാരണം. സാഹില്‍, സൗരഭിന്റെ തലയും കൈകളും തന്റെ മുറിയിലേക്ക് കൊണ്ടുപോയി മന്ത്രവാദം നടത്തിയെന്നാണ് വാര്‍ത്ത. സാഹിലിന്റെ മുറിയില്‍ നിന്ന് ചില വിചിത്രമായ ചിത്രങ്ങള്‍, ഡ്രാഗണുകളുടെ രേഖാചിത്രങ്ങള്‍, മറ്റ് വിചിത്ര ചിഹ്നങ്ങള്‍ എന്നിവ കണ്ടെത്തി. മുറിയില്‍ നിരവധി ബിയര്‍ കുപ്പികളും ചിതറിക്കിടന്നിരുന്നതായി പൊലീസ് പറയുന്നു.




സൗരഭിന്റെ മുറിച്ചുമാറ്റിയ തലയും കൈകളും സാഹില്‍ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി ചില മന്ത്രവാദ ചടങ്ങുകള്‍ നടത്തിയ ശേഷം മുസ്‌കാന്റെ വീട്ടിലേക്ക് തിരികെ എത്തിച്ചെന്നാണ് പറയുന്നത്. എന്നാല്‍, ദുര്‍മന്ത്രവാദം നടത്തിയതിന് തെളിവൊന്നുമില്ലെന്നാണ് എസ്പി പറഞ്ഞത്. വളരെ ആസൂത്രിതമായ കൊലപാതകമായിരുന്നു. ദുര്‍മന്ത്രവാദ ആരോപണത്തിലേക്കും മറ്റും നീങ്ങിയാല്‍ കേസ് തെറ്റായ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്നിന് അടിമയായിരുന്ന സാഹില്‍ അമാനുഷികതയില്‍ വിശ്വസിച്ചിരുന്നതായും മറ്റുള്ളവരോട് അപൂര്‍വമായി മാത്രമേ സംസാരിക്കാറുള്ളൂവെന്നും പറയുന്നു. കൂടുതല്‍ സമയവും തന്റെ വീട്ടില്‍ തന്നെയായിരുന്നു ഇയാള്‍ ചെലവഴിച്ചിരുന്നത്. സാഹിലിന്റെ അമ്മ വളരെക്കാലം മുമ്പ് മരിച്ചു. അച്ഛന്‍ നോയിഡയിലാണ് താമസിച്ചിരുന്നത്.

സാഹിലിന്റെ അന്ധവിശ്വാസങ്ങളെ മുസ്‌കാന്‍ മുതലെടുത്തതായും ആരോപണമുണ്ട്. മുസ്‌കാന്‍ വ്യാജ സ്നാപ്ചാറ്റ് അക്കൗണ്ടുകളുണ്ടാക്കി, മരിച്ചുപോയ അമ്മയാണെന്നു പറഞ്ഞ് സാഹിലിന് സന്ദേശം അയയ്ക്കുകയും സൗരഭിനെ കൊല്ലാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അതേസമയം, സൗരഭ് ലണ്ടനില്‍ നിന്ന് വന്നത് ഗണ്യമായ തുകയുമായിട്ടാണെന്ന് സഹോദരന്‍ ബബ്ലു അവകാശപ്പെട്ടു. ബോളിവുഡ് നടിയാകാന്‍ വേണ്ടി മുസ്‌കാന്‍ പലതവണ വീട്ടില്‍ നിന്ന് ഒളിച്ചോടിയിട്ടുണ്ടെന്നും ഇത് ദമ്പതികള്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നും സഹോദരന്‍ ആരോപിച്ചു.




പണത്തെ ചൊല്ലി തര്‍ക്കങ്ങള്‍

സൗരഭിന്റെ അക്കൗണ്ടില്‍ 6 ലക്ഷം രൂപയുണ്ടായിരുന്നെന്നും ഈ പണം പിടിച്ചെടുക്കുമെന്ന ഭയത്താല്‍, 1 ലക്ഷം തന്റെ അക്കൗണ്ടിലേക്കും, ഒന്നര ലക്ഷം രൂപ സൗരഭിന്റെ അമ്മയുടെ അക്കൗണ്ടിലേക്കും മാറ്റിയെന്ന് മുസ്‌കാന്‍ പൊലീസിനോട് പറഞ്ഞു. ഇക്കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്. സൗരഭ് ലണ്ടനില്‍ പോയത് എപ്പോഴാണെന്നും അവിടെ എന്തായിരുന്നു പ്രവര്‍ത്തനമെന്നും അന്വേഷിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേ സൗരഭിന് ഉണ്ടായിരുന്നുള്ളുവെന്നുള്ള ആരോപണവും മര്‍ച്ചന്റെ നേവിയില്‍ ജോലി ചെയ്‌തെന്നുള്ള അവകാശവാദവും ഒക്കെ അന്വേഷിക്കുന്നു

സൗരഭിന്റെ പണം ഉപയോഗിച്ചാണ് ഭാര്യ വീട്ടുകാര്‍ വീടും വിലയേറിയ ഗാഡ്ജറ്റുകളും വാങ്ങിയതെന്നും ഉള്ള കുടുംബത്തിന്റെ ആരോപണവും അന്വേഷിക്കുകയാണ്. മുസ്‌കാനും, സാഹിലും ഷിംലയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് കൊലപാതകം പുറത്തുവന്നത്. വീട് ഒഴിപ്പിക്കാന്‍ വീട്ടുടമ തൊഴിലാളികളെ അയച്ചിരുന്നു. ഭാരമുള്ള ഡ്രമ്മിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് നിറയെ പാഴ് വസ്തുക്കളാണെന്ന് പറഞ്ഞ ശേഷം മുസ്‌കാന്‍ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. എന്നാല്‍, ദുര്‍ഗന്ധം വമിച്ചതോടെ സംശയം തോന്നിയ വീട്ടുടമ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. സൗരഭിനെ വകവരുത്തിയെന്ന് മുസ്‌കാന്‍ അമ്മയോട് തുറന്നുപറഞ്ഞതിന് പിന്നാലെ അവരും പൊലീസില്‍ അറിയിച്ചു. പപ്പ ഡമ്മിലുണ്ടെന്ന് ആറുവയസുകാരി മകള്‍ അയല്‍വാസികളോട് പറയുകയും ചെയ്തിരുന്നു. കുട്ടി അരുതാത്തത് എന്തെങ്കിലും കണ്ടിരിക്കാം.