കൊച്ചി: മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ രണ്ട് പ്രതികളുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരായത്. ഏപ്രില്‍ 15, 16 തീയതികളില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി 22ന് മുന്‍പ് പോലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയത്. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയ ശേഷം പ്രതികളുടെ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. അതുവരെ പ്രതികളുടെ അറസ്റ്റും വിലക്കിയിട്ടുണ്ട്.

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കമ്പനിയുടെ ഭാഗമായ മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സഹസ്ഥാപനത്തില്‍ നിന്നും 11.92 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. കമ്പനിയുടെ സിഇഒ ആയ തോമസ് പി രാജനാണ് പ്രതികളില്‍ ഒരാള്‍. അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ സ്ഥാപനത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുത്തൂറ്റ് ഫിനാന്‍സിന്റെ ബിസിനസ് പെര്‍ഫോമന്‍സ് (സൗത്ത്) വിഭാഗത്തിലെ മുന്‍ സിജിഎം ആയ രഞ്ജിത് കുമാര്‍ രാമചന്ദ്രന്‍ ആണ് മറ്റൊരു പ്രതി. മുത്തൂറ്റിലെ ജീവനക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങളിലുള്‍പ്പെടെയാണ് തിരിമറി കണ്ടെത്തിയത്.

ഏപ്രില്‍ 2023നും നവംബര്‍ 2024നും ഇടയിലാണ് കുറ്റകൃത്യം നടന്നത്. ജീവനക്കാര്‍ക്ക് പല തരത്തില്‍ ലഭിക്കേണ്ടിയിരുന്ന തുക അവര്‍ക്ക് ലഭിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനി ഈ പരാതിയുമായി മുന്നോട്ട് പോയത്. എറണാകുളം കെ.പി വള്ളോന്‍ റോഡിലെ ഹെഡ് ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ഇരുവരെയും മുത്തൂറ്റ് ഇന്‍ഷ്വറന്‍സ് ബ്രോക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇതോടെയാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചു.




മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാര്‍ക്ക് നല്‍കാനുള്ള സമ്മാനക്കൂപ്പണുകളിലാണ് പ്രതികള്‍ തിരിമറി നടത്തിയത്. ഇന്‍ഷ്വറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍, നിശ്ചിത ബിസിനസ് നേടുന്ന ജീവനക്കാര്‍ക്ക് പ്രോത്സാഹനമായി 10ലക്ഷം രൂപയുടെ വീതം കൂപ്പണുകള്‍ നല്‍കാറുണ്ട്. വ്യാജരേഖ ചമച്ചാണ് ജീവനക്കാര്‍ക്ക് നല്‍കേണ്ട സമ്മാനക്കൂപ്പണുകള്‍ ഇരുവരും കൈക്കലാക്കിയത്.

സമ്മാനക്കൂപ്പണുകള്‍ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ആവശ്യമുള്ള സാധനങ്ങളടക്കം വാങ്ങാം. എന്നാല്‍, യാതൊരു ഇടപാടും നടത്താതെ ഒരു ലക്ഷംരൂപ കടയുടമയ്ക്ക് നല്‍കുകയും ബാക്കി ഒമ്പത് ലക്ഷം പണമായി കൈപ്പറ്റുകയും ചെയ്യുന്ന രീതിയാണ് പ്രതികള്‍ സ്വീകരിച്ചതെന്ന് പൊലീസിന്റെ നിഗമനം. കേസിന്റെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. മുത്തൂറ്റ് ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ കീഴിലുള്ള ഇന്‍ഷുറന്‍സ് സ്ഥാപനമാണ് മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ്. നിരവധി സാമ്പത്തിക സേവനങ്ങള്‍ നല്‍കിവരുന്ന സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണവായ്പകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനവും മുത്തൂറ്റ് ഫിനാന്‍സ് ആണ്.