കൊല്ലം: കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. അപകടം ഉണ്ടായതിന് പിന്നാലെ അധികൃതരുടെ വീഴ്്ച്ചയെന്ന വിധത്തില്‍ ആരോപണങ്ങള്‍ വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. കെഎസ്ഇബിയും സ്‌കൂള്‍ അധികൃതരും പരസ്പ്പരം പഴിചാരുകയാണ്. സ്‌കൂള്‍ മൈതാനത്തിനു മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനോടു ചേര്‍ന്ന് തകരഷീറ്റില്‍ സൈക്കിള്‍ ഷെഡ് നിര്‍മിച്ചതാണ് അപകടത്തിലേക്കു നയിച്ചതെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.

മൈതാനത്തോടു ചേര്‍ന്നുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ ഭിത്തിയിലാണു സൈക്കിള്‍ ഷെഡ് നിര്‍മിച്ചിരിക്കുന്നത്. മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈന്‍ വലിച്ചിട്ടു വര്‍ഷങ്ങളായി. പക്ഷേ, അടുത്തിടെ ഷെഡ് നിര്‍മിച്ചപ്പോള്‍ ലൈന്‍ തകരഷീറ്റിനു തൊട്ടു മുകളിലായി മാറുകയായിരുന്നു. ക്ലാസിന് ഉള്ളിലൂടെ ഷെഡിലേക്ക് ഇറങ്ങാന്‍ കഴിയും. ബെഞ്ച് ഉപയോഗിച്ചാണ് മിഥുന്‍ ക്ലാസിനുള്ളില്‍നിന്നു തകര ഷീറ്റിലേക്ക് ഇറങ്ങിയത്. ചെരുപ്പ് എടുക്കുമ്പോള്‍ ഷീറ്റില്‍നിന്നു തെറ്റി വൈദ്യുതി ലൈനിലേക്കു വീണാണ് അപകടം ഉണ്ടായത്.

ക്ലാസ് മുറിയിലെ ബോര്‍ഡിനു തൊട്ടു മുകളില്‍ ജനലുണ്ട്. ഇതു പലകവച്ചു മറച്ചിരിക്കുകയാണ്. പലക ഇളക്കി മാറ്റിയാണ് മിഥുന്‍ ഷീറ്റിലേക്കു കയറിയതെന്നാണ് സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ ചൂണ്ടിക്കാട്ടുന്നത്. രാവിലെ എട്ടരയോടെയാണ് അപകടം. ആ സമയത്ത് അധ്യാപകര്‍

അധികമാരും സ്‌കൂളില്‍ ഉമ്ടായിരുന്നില്ല. പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈദ്യുതി ലൈനില്‍ കമഴ്ന്നു കിടക്കുന്ന നിലയിലാണ് സ്‌കൂള്‍ അധികൃതര്‍ മിഥുനെ കണ്ടത്. വൈദ്യുതി ലൈന്‍ ഓഫ് ചെയ്യാന്‍ കാലതാമസം ഉണ്ടായതായി നാട്ടുകാര്‍ ആരോപിച്ചു.

''റോഡിനോടു ചേര്‍ന്ന, സ്‌കൂളിന്റെ പിന്‍ഭാഗത്താണ് അപകടം ഉണ്ടായത്. വര്‍ഷങ്ങള്‍ക്കു മുന്‍പേ മൈതാനത്തിനു മുകളിലൂടെ വൈദ്യുതി ലൈന്‍ ഉണ്ട്. മൈതാനത്തോടു ചേര്‍ന്നാണ് ഷെഡ്. ഇതു നിര്‍മിച്ചത് അടുത്തകാലത്താണ്. ഷെഡാണ് അപകടം ഉണ്ടാക്കിയത്'' പൂര്‍വവിദ്യാര്‍ഥി മാധ്യമങ്ങളോടു പറഞ്ഞു.

അതേസമയം, കെഎസ്ഇബി ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതായിരുന്നുവെന്ന് മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് തരകന്‍ പറഞ്ഞു. ''കെട്ടിടത്തിന്റെ പിന്‍ഭാഗത്തായതിനാല്‍ പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. തറയില്‍നിന്നു വൈദ്യുതി ലൈനിലേക്ക് 20 അടിയെങ്കിലും ഉയരമുണ്ട്. ഷെഡ് പണിതപ്പോള്‍ ലൈനും തകരഷീറ്റും അടുത്തായി. ഷെഡ് പണിതതാണ് അപകടത്തിലേക്കു നയിച്ചത്. കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്'' വര്‍ഗീസ് തരകന്‍ പറഞ്ഞു.

ഷീറ്റ് അടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും വലിയ ദുഖമുണ്ടാക്കുന്ന സംഭവമാണിതെന്നും തേവലക്കര പഞ്ചായത്ത് അംഗം ലാലി ബാബു പറഞ്ഞു. 40 വര്‍ഷമായി അവിടെ വൈദ്യുതി ലൈനുണ്ടെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. ലൈന്‍ താഴെ വീഴാതിരിക്കാന്‍ സുരക്ഷാ മുന്‍കരുതല്‍ എടുത്തിരുന്നു. എട്ടു വര്‍ഷം മുന്‍പാണ് ഷെഡ് നിര്‍മിച്ചത്. അതിനു കെഎസ്ഇബിയുടെ അനുമതി വാങ്ങിയില്ല. ഷെഡിലേക്ക് ആരും ഇറങ്ങാതിരിക്കാന്‍ ജനല്‍ പലകവച്ച് സ്‌കൂള്‍ അധികൃതര്‍ അടച്ചിരുന്നു. രണ്ടു ദിവസം മുന്‍പ് അസി.എന്‍ജിനീയര്‍ അപകടം ചൂണ്ടിക്കാട്ടിയിരുന്നു. ഷോക്കേല്‍ക്കാത്ത കേബിള്‍ ആക്കാമെന്ന് അങ്ങോട്ടു പറഞ്ഞിരുന്നതായും കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.

അതേസമയം വൈദ്യുതി ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ മരണപ്പെട്ടത് തീര്‍ത്തും നിര്‍ഭാഗ്യകരമാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. സൈക്കിള്‍ ഷെഡിന്റെ മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്ക് ഏറ്റതെന്നാണ് പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്കും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെകടര്‍ക്കും വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.