കൊച്ചി: തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ മിഹിര്‍ അഹമ്മദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി പിതാവ് തിരൂര്‍ സ്വദേശി ഷെഫീഖ് മാടമ്പാട്ട് രംഗത്ത് എത്തിയത് കേസില്‍ ട്വിസ്റ്റാകുമോ? ഖത്തറില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം ഹില്‍പാലസ് പൊലീസില്‍ ജനുവരി 21ന് നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ പരാതി ചര്‍ച്ചകളിലേക്ക് എത്തുന്നത്. അപകട വിവരമറിഞ്ഞേേപ്പാള്‍ തന്നെ ഷഫീഖ് തൃപ്പൂണിത്തുറയിലേക്ക് തിരിക്കുകയായിരുന്നു. തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലും പോയി. അവിടെ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഷഫീഖിന്റെ നേതൃത്വത്തിലാണ് മിഹിറിന്റെ മൃതദേഹം ഏറ്റുവാങ്ങിയതും കല്‍പ്പറ്റയില്‍ എത്തിച്ച് ഖബറടക്കം നടത്തിയതും തുടര്‍ നടപടികളെല്ലാം പൂര്‍ത്തിയാക്കിയതും. തുടര്‍ന്ന് മൂന്ന് ദിവസത്തോളം അവിടെ തങ്ങിയ ശേഷമാണ് ഷഫീഖ് മടങ്ങിയത്. മാതാവ് റജ്നക്കും രണ്ടാനച്ഛന്‍ സലീമിനും ഒപ്പം തൃപ്പൂണിത്തുറയിലെ ചോയ്‌സ് പാരഡൈസ് എന്ന അപ്പാര്‍ട്‌മെന്റിലാണ് മിഹിര്‍ താമസിച്ചിരുന്നത്. ഈ പരാതി ഗൗരവത്തോടെ പോലീസ് എടുത്തില്ലെന്ന ആക്ഷേപം ചില കോണുകള്‍ ചര്‍ച്ചയാക്കും. അതിനിടെ സ്‌കൂളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. ഇതില്‍ നിര്‍ണായക വിവരങ്ങള്‍ ലഭ്യമായതായി അന്വേഷണ സംഘം പറഞ്ഞു. അതേസമയം നിലവില്‍ പഠിച്ചിരുന്ന സ്‌കൂളില്‍നിന്നു മാറാന്‍ മിഹിര്‍ ആഗ്രഹിച്ചിരുന്നതായും വിവരമുണ്ട്. കഴിഞ്ഞ മാസം 13-ന് കൊടൈക്കനാലിലെ സ്‌കൂളില്‍ ചേരാനായി മിഹിര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും രക്ഷിതാക്കളുടെ സമ്മതത്തോടെയായിരുന്നു ഇതെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ഹില്‍പ്പാലസ് ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇതിനിടെയാണ് മിഹിറിന്റെ പിതാവിന്റെ പരാതിയും ചര്‍ച്ചകളില്‍ എത്തുന്നത്. ജനുവരി 15ന് വൈകീട്ട് മൂന്നിന് സന്തോഷവാനായി സ്‌കൂളില്‍നിന്ന് അപ്പാര്‍ട്‌മെന്റില്‍ എത്തിയ മിഹിര്‍ ഏകദേശം അര മണിക്കൂര്‍ കഴിഞ്ഞ് ഒരു പ്രകോപനവുമില്ലാതെ ജീവന്‍ അവസാനിപ്പിച്ചു എന്നു പറയുന്നത് സംശയത്തിനിടയാക്കുന്നു. സഹപാഠികളുമായി കശപിശ ഉണ്ടായി എന്നും അത് ചോദ്യം ചെയ്ത മനോവിഷമത്തില്‍ ജീവനൊടുക്കിയെന്നും വിശ്വസിക്കാന്‍ പ്രയാസമാണ്. മിഹിര്‍ സന്തോഷവാനും മാനസികമായി കരുത്തുള്ളവനുമായിരുന്നു. സ്‌കൂളില്‍നിന്ന് എത്തിയതിനു ശേഷവും മരിക്കുന്നതിനും ഇടയില്‍ എന്താണ് അവിടെ സംഭവിച്ചതെന്നും ഈ സമയം ആരെല്ലാം അപ്പാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നുവെന്നതും വ്യക്തമല്ല. ഇത് വിശദമായി അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ഫോണിലൂടെയും കമ്പ്യൂട്ടര്‍ ചാറ്റിങ്ങിലൂടെയും താനുമായി സ്ഥിരമായി ആശയവിനിമയം നടത്താറുള്ള മകന് ഏതെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായി ഒരിക്കലും പറഞ്ഞിരുന്നില്ല. മിഹിറിന് അപകടം സംഭവിച്ചെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെത്തിയ തന്നോട് മകന്‍ ചോയ്‌സ് പാരഡൈസ് കെട്ടിടത്തിന്റെ 26-ാം നിലയില്‍ നിന്ന് വൈകീട്ട് 3.30 ഓടെ താഴേക്ക് ചാടി ജീവന്‍ അവസാനിപ്പിച്ചതായി അറിയിച്ചതായും നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കല്പറ്റ മുട്ടില്‍ ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തിയതായും പരാതിയില്‍ പറയുന്നു.

തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മിഹിര്‍ അഹമ്മദ്. ടോയ്ലറ്റ് നക്കിച്ചതുള്‍പ്പെടെ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് മകന്‍ ഇരയായെന്ന് ചൂണ്ടിക്കാട്ടി സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ബാലാവകാശ കമീഷനും മിഹിറിന്റെ അമ്മ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസും പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് അച്ഛന്റെ പരാതിയും ചര്‍ച്ചകളിലേക്ക് വരുന്നത്. സഹപാഠികള്‍ മിഹിറിനെ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദിച്ചതായും ക്ലോസറ്റ് നക്കിച്ചതായും മുഖം താഴ്ത്തി ഫ്‌ലഷ് ചെയ്തതായും അമ്മയുടെ പരാതിയിലുണ്ട്. സ്‌കൂളിലെ റാഗിങ്ങാണ് മിഹിര്‍ അഹമ്മദ് മരിക്കാന്‍ കാരണമെന്ന് പരാതിയില്‍ പറയുന്നു. മകന്റെ മരണശേഷം സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് മകന്‍ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നതെന്നും മിദിറിന്റെ അമ്മ സാമൂഹിക മാധ്യമത്തില്‍ കുറിച്ചിരുന്നു. മിഹിര്‍ ആദ്യം പഠിച്ചിരുന്ന ഇന്‍ഫോപാര്‍ക്ക് ജെംസ് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍, ക്ലാസ് ടീച്ചര്‍ തുടങ്ങിയവരുടെ മൊഴി കഴിഞ്ഞ ദിവസങ്ങളില്‍ ഹില്‍പാലസ് പൊലീസെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തിങ്കളാഴ്ച മിഹിറിന്റെ മാതാപിതാക്കള്‍, ഗ്ലോബല്‍ സ്‌കൂള്‍ അധികൃതര്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പക്ഷേ പരാതിയുടെ പേരില്‍ ആരേയും പോലീസ് അറസ്റ്റു ചെയ്തിട്ടില്ല.

സ്‌കൂളില്‍ നിന്നും പോലീസിന് കിട്ടിയ സിസിടിവിയില്‍ ചില സൂചനകളുണ്ട്. മിഹിര്‍ മരിക്കുന്നതിന്റെ തലേന്ന് സ്‌കൂളില്‍ മറ്റൊരു കുട്ടിയെ രണ്ട് കുട്ടികള്‍ ചേര്‍ന്നു മര്‍ദിക്കുകയും ആ കുട്ടിയുടെ മൂക്കില്‍നിന്ന് രക്തം വരുകയും ചെയ്തെന്നും മിഹിര്‍ ഇത് നോക്കി നിന്നിരുന്നുവെന്നും അറിയാനായതായി പോലീസ് പറഞ്ഞു. വീണു പരിക്കേറ്റു എന്നു പറഞ്ഞാണ് മറ്റ് കുട്ടികള്‍ പരിക്കേറ്റ കുട്ടിക്ക് സ്‌കൂളില്‍നിന്നു മരുന്നുവെപ്പിച്ചത്. എന്നാല്‍, സ്‌കൂളധികൃതര്‍ക്ക് സംശയം തോന്നിയതിനാല്‍ ബന്ധപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളെ പിറ്റേന്ന് സ്‌കൂളിലേക്ക് വിളിപ്പിച്ചിരുന്നു. മിഹിറിന്റെ രക്ഷിതാവും എത്തിയിരുന്നു. ആ മീറ്റിങ്ങിനു ശേഷം വിഷാദവാനായ മിഹിറിനെ സ്‌കൂളില്‍ സഹപാഠിയായ ഒരു കുട്ടി തോളില്‍ തട്ടി ആശ്വസിപ്പിക്കുന്നതായ ദൃശ്യങ്ങളും ഉണ്ടെന്ന് പോലീസ് പറഞ്ഞു. അന്ന് വൈകീട്ട് സ്‌കൂളില്‍നിന്നു തൃപ്പൂണിത്തുറയിലെ താമസസ്ഥലത്തെത്തിയ ശേഷം മിഹിര്‍ ഫോണ്‍ വിളിച്ചിട്ടുണ്ടെന്നും അതിനുശേഷമാണ് ഫ്ലാറ്റ് സമുച്ചയത്തില്‍നിന്നു ചാടിയതെന്നും അന്വേഷണ സംഘം പറഞ്ഞു. സ്‌കൂളിനെതിരെ മിഹിറിന്റെ അമ്മ രംഗത്തു വന്ന സാഹചര്യം അടക്കം പോലീസ് പരിശോധിക്കും. വിശദീകരണ കത്തിലൂടെ സ്‌കൂള്‍ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് മിഹിറിന്റെ അമ്മ. മിഹിര്‍ റാഗിങ്ങിനിരയായ വിവരം സമൂഹമാധ്യമങ്ങളൂടെയാണ് അറിഞ്ഞതെന്ന സ്‌കൂളിന്റെ വാദം തെറ്റാണെന്നും സ്‌കൂള്‍ നേരത്തെ ഇടപെട്ടിരുന്നുവെങ്കില്‍ തന്റെ മകന്‍ ജീവിനൊടുക്കില്ലായിരുന്നുവെന്നും അമ്മ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പില്‍ കുറിച്ചിരുന്നു. മിഹിറിനെ മുന്‍പ് പഠിച്ച സ്‌കൂളില്‍ നിന്ന് പുറത്താക്കിയെന്ന പ്രചാരണം വ്യാജമാണെന്നും അമ്മ വ്യക്തമാക്കി. ആരോപണങ്ങളെല്ലാം നിഷേധിച്ച് ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ വിശദീകരണം നല്‍കിയിരുന്നു.

റാഗിങ്ങിന് തെളിവോ സാക്ഷിമൊഴികളോ ഇല്ലെന്നാണ് സ്‌കൂള്‍ പുറത്തു വിട്ട കത്തില്‍ പറഞ്ഞിരിക്കുന്നത്. ഒന്നുമില്ലാതെ കുട്ടികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ല.സ്‌കൂളിന് എന്‍ഒസി ഇല്ലെന്ന വിവരം തെറ്റാണെന്നും 2011 മുതല്‍ എന്‍ഒസിയോടുകൂടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും രക്ഷിതാക്കള്‍ക്ക് നല്‍കിയ കത്തില്‍ സ്‌കൂള്‍ വ്യക്തമാക്കുന്നു. മിഹിര്‍ ആത്മഹത്യ ചെയ്ത ദിവസം രാവിലെ സ്‌കൂളിലെ പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ രക്ഷിതാവിനെ വിളിപ്പിച്ചിരുന്നുവെന്നും എന്നാല്‍ അന്ന് മിഹിര്‍ സന്തോഷത്തോടയാണ് സ്‌കൂളില്‍ നിന്ന് മടങ്ങിയതെന്നും കത്തില്‍ പറയുന്നുണ്ട്. മകന്റെ മരണശേഷം സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച സോഷ്യല്‍ മീഡിയ ചാറ്റില്‍ നിന്നാണ് മകന്‍ നേരിട്ട ദുരനുഭവം കുടുംബം അറിയുന്നത്. സംഭവത്തെക്കുറിച്ചുള്ള ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹപാഠികളില്‍ നിന്നാണ് പരാതിയിലെ വിവരങ്ങള്‍ ശേഖരിച്ചത്. സഹപാഠികള്‍ ആരംഭിച്ച ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന ഇന്‍സ്റ്റഗ്രാം പേജ് അപ്രത്യക്ഷമായി എന്നതും ദുരൂഹമായി തുടരുന്നു.