- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മിഹിറിനു സംഭവിച്ചത് എന്താണെന്ന് ലോകം അറിയണം; റാഗിങ് ആരോപണത്തില്‍ ഉറച്ച് മാതാവ്; ഫോണ്‍ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും മറ്റുകുട്ടികള്‍ പറഞ്ഞ കാര്യങ്ങളും തെളിവായി നിരത്തി; സ്കൂളുകളുടെ വിശദീകരണത്തില്‍ അവ്യക്തത; സര്‍ക്കാര്‍ എന്‍.ഒ.സി ഹാജറാക്കാതെ സ്‌കൂള്‍ അധികൃതര്‍
മിഹിറിനു സംഭവിച്ചത് എന്താണെന്ന് ലോകം അറിയണം
കൊച്ചി: തൃപ്പൂണിത്തുറയില്‍ ഫ്ളാറ്റില്‍നിന്ന് ചാടി 15 വയസ്സുകാരന്‍ മരിച്ചസംഭവത്തില്‍ റാഗിങ് സംബന്ധിച്ച അന്വേഷണത്തില്‍ കേന്ദ്രീകരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ്. മരിച്ച മിഹിര്‍ അഹമ്മദ് പഠിച്ചിരുന്ന സ്‌കൂളിലെ സഹപാഠികളില്‍നിന്ന് റാഗിങ്ങിന് ഇരയായിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തേടുന്നത്. മിഹിര്‍ റാഗിങിന് ഇരയായി എന്നാണ് മാതാവ് അടക്കം ആവര്‍ത്തിക്കുന്നത്. ഇതിന് സാഹചര്യ തെളിവുകളും അവര്‍ ഹാജറാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച എറണാകുളത്തെത്തിയ പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ബന്ധപ്പെട്ടവരില്‍നിന്ന് മൊഴിയെടുത്തിരുന്നു. മിഹിറിന്റെ രക്ഷിതാക്കളും കുട്ടി റാഗിങ്ങിന് ഇരയായിട്ടുണ്ടെന്ന ആരോപണത്തില്‍ത്തന്നെയാണ് ഉറച്ചുനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യക്തമായ അന്വേഷണത്തിലൂടെ സംഭവത്തില്‍ നീതിയുറപ്പാക്കാനാണ് പൊതുവിദ്യാഭ്യാസവകുപ്പ് ലക്ഷ്യമിടുന്നത്.
പ്രധാനമായും മൂന്നുകാര്യങ്ങളാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷിച്ച് റിപ്പോര്‍ട്ടുനല്‍കുന്നത്. വിദ്യാര്‍ഥി എന്ന നിലയില്‍ മിഹിര്‍ നേരിട്ട കാര്യങ്ങളും ഈ ദുരന്തത്തില്‍ നിയമപ്രകാരം കുട്ടിയുടെ അവകാശങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോയെന്നും പോക്സോ അടക്കമുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കും.
തിങ്കളാഴ്ച എറണാകുളത്തെത്തിയ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസിനുമുന്നില്‍ മിഹിറിന്റെ മാതാവ് നല്‍കിയ മൊഴിയില്‍ കുട്ടി പഠിച്ചിരുന്ന സ്‌കൂളുകള്‍ക്കുനേരേ ശക്തമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. മിഹിര്‍ പഠിച്ചിരുന്ന തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനെതിരേയും മുന്‍പുപഠിച്ചിരുന്ന ജെംസ് അക്കാദമിക്കെതിരേയും രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.
മിഹിര്‍ റാഗിങ്ങിനിരയായിട്ടുണ്ടെന്നും അതാണ് അവനെ ആത്മഹത്യയിലേക്കുനയിച്ചതെന്നുമാണ് മാതാവിന്റെ മൊഴി. ഫോണ്‍ ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകളും മറ്റുകുട്ടികള്‍ പറഞ്ഞ കാര്യങ്ങളുമൊക്കെയാണ് ഇവര്‍ അതിനുതെളിവായി ഡയറക്ടറുടെമുന്നില്‍ നിരത്തിയത്.
മിഹിറിനുസംഭവിച്ചത് എന്താണെന്ന് ലോകം അറിയണമെന്നാവശ്യപ്പെട്ട മാതാവ്, മറ്റുമാതാപിതാക്കള്‍ക്കും ഇത്തരമൊരു സങ്കടം ഇല്ലാതിരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും പറഞ്ഞു. മിഹിറിന് നീതികിട്ടിയാല്‍ അത് കേരളത്തില്‍ ഇത്തരമൊരുസംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ഏറെ സഹായകരമാകും. സ്‌കൂളുകളില്‍ റാഗിങ് നടക്കുന്നുണ്ടെങ്കില്‍ അത് തടയേണ്ടത് ഏതൊരുരക്ഷിതാവിന്റെയും ആവശ്യവും നീതിയുമാണെന്നും മിഹിറിന്റെ രക്ഷിതാക്കള്‍ ഡയറക്ടര്‍ക്കുനല്‍കിയ മൊഴിയില്‍ പറയുന്നു.
കാക്കനാട് കളക്ടറേറ്റിലുള്ള വിദ്യാഭ്യാസവകുപ്പ് ഓഫീസിലാണ് ഡയറക്ടര്‍ തെളിവെടുപ്പ് നടത്തിയത്. ആരോപണ വിധേയരായ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളും തെളിവെടുപ്പിനെത്തിയിരുന്നു. അതേസമയം കുടുംബം ഉന്നയിച്ച പരാതികളില്‍ പലതിനും സ്‌കൂള്‍ അധികൃതരില്‍നിന്ന് കൃത്യമായ മറുപടി കിട്ടിയില്ല. ഈ സാഹചര്യത്തില്‍ ഹാജര്‍നില ഉള്‍പ്പെടെ രേഖകള്‍ ആവശ്യപ്പെട്ടു.
കാക്കനാട് ജെംസ് സ്‌കൂളിലെയും ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെയും പ്രിന്‍സിപ്പല്‍മാരും അധ്യാപകരുമാണ് തിങ്കളാഴ്ച വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ മൊഴി നല്‍കിയത്. സര്‍ക്കാറിന്റെ എന്‍.ഒ.സി ഉള്‍പ്പെടെ രേഖകള്‍ ഹാജരാക്കാനും സ്‌കൂളുകള്‍ക്ക് കഴിഞ്ഞില്ല. ഇവര്‍ക്കെതിരെ നടപടികള്‍ക്ക് ശിപാര്‍ശ ചെയ്യുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. മൂന്നുദിവസത്തിനകം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. സാമൂഹികനീതി വകുപ്പിന്റെ അന്വേഷണത്തിനും ശിപാര്‍ശ ചെയ്തിട്ടുണ്ട്.
അതേസമയം തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താനുള്ള നീക്കത്തിലാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ്. വിദ്യാര്‍ഥി ആദ്യം പഠിച്ചിരുന്ന ഇന്‍ഫോപാര്‍ക്ക് ജെംസ് സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍, ക്ലാസ് ടീച്ചര്‍ തുടങ്ങിയവരുടെ മൊഴി കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. മിഹിര്‍ സ്‌കൂളില്‍ ക്രൂരമായ റാഗിങ്ങിന് വിധേയനായിരുന്നുവെന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനുനേരെ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധവും കനക്കുകയാണ്. എസ്.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് സംഘടനകളുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.