- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ദിനംപ്രതി വാങ്ങിയത് 25 ലിറ്റര്‍ പാലും 100 മുട്ടയും; സ്‌കൂളിലെ രജിസ്റ്ററില്‍ 40 ലിറ്റര്‍ പാലും 263 മുട്ടയും; എടവണ്ണ ജി.എം.എല്‍.പി സ്‌കൂളിലെ പ്രധാനാധ്യാപിക തട്ടിയെടുത്തത് 1.22 ലക്ഷം; അധികമായി കൈപ്പറ്റിയ പണം തിരിച്ചടയ്ക്കണമെന്ന് റിപ്പോര്‍ട്ട്
പാലും മുട്ടയും തട്ടിപ്പ്: പ്രധാനാധ്യാപിക 1.22 ലക്ഷം തിരിച്ചടക്കണം
കോഴിക്കോട്: പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന്റെ ഭാഗമായി വിതരണം ചെയ്ത പാലും മുട്ടയും വാങ്ങുന്നതില്‍ ബില്‍തുകയില്‍ തട്ടിപ്പ് നടത്തി സ്‌കൂളിലെ പ്രധാനാധ്യാപിക കൈപ്പറ്റിയ പണം തിരിച്ചടയ്ക്കണമെന്ന് റിപ്പോര്‍ട്ട്. പാലും മുട്ടയും വിതരണത്തില്‍ തട്ടിപ്പ് നടത്തിയ എടവണ്ണ ജി.എം.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപിക 1.22 ലക്ഷം തിരിച്ചടക്കണമെന്നാണ് ധനകാര്യ റിപ്പോര്‍ട്ട്. സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി 2022 ജൂണ്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെ സ്‌കൂളിലേക്ക് വാങ്ങിയ പാലിന്റെയും മുട്ടയുടെയും കണക്ക് രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്.
പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള 281 കുട്ടികളാണ് ഭക്ഷണ പരിപാടിയിലുള്ളത്. ഇവര്‍ക്ക് നല്‍കുന്ന പാലിന്റെയും മുട്ടയുടെയും കണക്കിലാണ് കള്ളക്കളി നടത്തിയത്. യഥാര്‍ഥത്തില്‍ വാങ്ങിയ പാലിനേക്കാളും മുട്ടയേക്കാളും കൂടുതല്‍ വാങ്ങിയതായി കാണിച്ച് കണക്ക് തയാറാക്കി. പാലില്‍ അധികമായി കൈപ്പറ്റിയ 71240 രൂപ, സ്‌കൂള്‍ പ്രധാനാധ്യാപിക കെ. ബിന്ദുവില്‍നിന്നും ഈടാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ.
2022 ജൂണ്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെ സ്‌കൂളിലേക്ക് വാങ്ങിയ മുട്ടയുടെ എണ്ണവും കൂട്ടികാണിച്ചാണ് രജിസ്റ്റരില്‍ രേഖപ്പെടുത്തിയത്. യഥാര്‍ഥത്തില്‍ വാങ്ങിയതിനേക്കാള്‍ അധികമായി കൈപ്പറ്റിയ 51,266 രൂപ പ്രധാനാധ്യാപിക കെ. ബിന്ദുവിനിന്നും തിരിച്ചടക്കണമെന്നാണ് റിപ്പോര്‍ട്ട്. പാല്‍, മുട്ട എന്നിവ വിതരണം നടത്തിയതില്‍ ക്രമക്കേട് നടത്തിയതിനു കെ. ബിന്ദുവിനെതിരെ ഭരണ വകുപ്പ് നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു.
സ്‌കൂളിലെ ഉച്ചഭക്ഷണ പരിപാടി വിവിധ ഫണ്ടുകളുടെ വിനിയോഗം തുടങ്ങിയ ബന്ധപ്പെട്ട പരിശോധന നടത്തിയത്. ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട സ്‌കൂള്‍ 2022-23, 2023- 24 വര്‍ഷത്തെ ചെലവുകളുമായി ബന്ധപ്പെട്ട രേഖകള്‍, രജിസ്റ്ററുകള്‍, ബില്ലുകള്‍, വൗച്ചറുകള്‍ തുടങ്ങിയവയാണ് പരിശോധന നടത്തിയത്.
വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരു ദിവസം മുട്ടയും വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. വിതരണം ചെയ്യുന്ന ദിവസങ്ങളില്‍ ശരാശരി 40 ലിറ്റര്‍ പാലും 263 മുട്ടയും വിതരണം ചെയ്തതായി ബില്ല് സമര്‍പ്പിച്ചു. തുടര്‍ന്ന് അടുക്കളയും സന്ദര്‍ശിച്ച് പാചകക്കാരുമായി സംസാരിച്ചപ്പോഴാണ് ബില്ലില്‍ രേഖപ്പെടുത്തിയ പാലും മുട്ടയില്‍ വിതരണം ചെയ്യുന്നില്ലെന്ന് വ്യക്തമായത്.
കുട്ടികള്‍ക്ക് പാല്‍ വിതരണം ചെയ്യുന്ന ദിവസങ്ങളില്‍ ഏകദേശം 40 ലിറ്റര്‍ പാല്‍ വീതം വാങ്ങിയതായി രണ്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനനുസരിച്ച് ബില്ലുകള്‍ തുക ക്ലെയിം ചെയ്തു. എന്നാല്‍, ശരാശരി 25 ലീറ്റര്‍ പാല്‍ മാത്രമാണ് ഒരു ദിവസം കുട്ടികള്‍ക്കായി വാങ്ങുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പാലിന്റെ അളവ് കൂടുതല്‍ കാണിച്ച് തുക കൈപ്പറ്റിയതു സംബന്ധിച്ച് ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയുണ്ടായിരുന്ന കെ. സാലിമ, പ്രധാനാധ്യാപിക കെ. ബിന്ദു എന്നിവരില്‍ നിന്നും വിശദീകരണം തേടി. ഉച്ചഭക്ഷണ പരിപാടിയുടെ ചെലവഴിച്ച തുക കൃത്യസമയത്ത് ലഭിക്കാത്തതും പാലോ മുട്ടയോ ഉള്ള ദിവസങ്ങളില്‍ കുട്ടിയൊന്നിന് 150 എം.എല്‍ പാലും ഒരു മുട്ടയും നല്‍കുന്നുവെന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, പാലും മുട്ടയും കഴിക്കാത്ത നിരവധി കുട്ടികള്‍ ഉണ്ട്. രജിസ്റ്ററില്‍ തെറ്റായ കണക്ക് കാണിക്കുന്നതെന്ന് കെ. സാലിമ അറിയിച്ചു. ഇക്കാര്യം പ്രധാനാധ്യാപികയായ കെ. ബിന്ദുവും സമ്മതിച്ചു.
മുട്ട നല്‍കേണ്ട ദിവസങ്ങളിള്‍ ശരാശരി 263 മുട്ട വീതം വാങ്ങിയതായി രജിസ്റ്ററില്‍ എഴുതി. എന്നാല്‍ എന്നാല്‍ 100 മുട്ട മാത്രമാണ് ഒരു ദിവസം ഉപയോഗിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മുട്ട നല്‍കേണ്ട ദിവസങ്ങളില്‍ തോരന്‍ രൂപത്തില്‍ ഉച്ചഭക്ഷണത്തോടൊപ്പമാണ് മുട്ട നല്‍കിയിരുന്നത്. ഇത്തരത്തില്‍ ബില്ലില്‍ ക്ലെയിം ചെയ്യുന്നതിനെക്കാള്‍ ശരാശരി 163 മുട്ടയോളം കുറവാണ് യഥാര്‍ഥത്തില്‍ ഉപയോഗിക്കുന്നത്.
ഇതു സംബന്ധിച്ച വിശദീകരണം തേടി. ഉച്ചഭക്ഷണ പരിപാടിക്കായി ചെലവഴിക്കുന്ന തുകകള്‍ യഥാസമയത്ത് ലഭിക്കാറില്ലായെന്നും സ്‌കൂളിലെ മുഴുവന്‍ കുട്ടികളും കഴിക്കാറില്ല എന്നും, ഉച്ചഭക്ഷണപരിപാടിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ എണ്ണം എം.ഡി.എം സൈറ്റില്‍ ചേര്‍ക്കുമ്പോള്‍ കുട്ടികളുടെ എണ്ണത്തിനാനുപാതികമായ മുട്ടകളുടെ എണ്ണം രജിസ്റ്ററില്‍ വരുന്നതാണ് മുട്ടയുടെ എണ്ണത്തില്‍ വരുന്ന വ്യത്യാസത്തിന് കാരണം എന്നതാണ് ചുമതലയുള്ള അധ്യാപികയും പ്രധാനാധ്യാപികയും നല്‍കിയ വിശദീകരണം. എന്നാല്‍ മുട്ടയുടെ എണ്ണത്തിനനുസരിച്ച് ബില്ലുകള്‍ തയാറാക്കി ആനുപാതികമായ തുക കൈപ്പറ്റുന്നത് അംഗീകരിക്കാവുന്നതല്ല. ഇതിനാല്‍ത്തന്നെ ഈ വിശദീകരണം അംഗീകരിക്കാവുന്നതല്ലെന്നാണ് റിപ്പോര്‍ട്ട്.