- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ വ്യവസായിയുടെ കണ്ണിൽ മുളക് പൊടി വിതറി മൊബൈൽ ഫോൺ മോഷ്ടിച്ചു; മൂന്ന് യുവാക്കൾ അറസ്റ്റിൽ; പ്രതികൾ ലക്ഷ്യം വെച്ചത് ഫോൺ തട്ടിയെടുത്ത് സ്വകാര്യ വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വൻകൊള്ളയ്ക്ക് ശ്രമിച്ച മൂന്ന് യുവാക്കൾ പൊലിസ് പിടിയിൽ. കണ്ണൂർ നഗരത്തിലെ പ്ളാസയിൽ ബിൽഡറും വ്യവസായിയുമായ ഉമ്മർകുട്ടിയെ രാത്രിയിൽ തന്റെ സൂപ്പർമാർക്കറ്റിന്റെ ഓഫീസിൽ കയറി കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മൊബൈൽ ഫോൺ കവർന്നു രക്ഷപ്പെട്ട കേസിലെ മൂന്ന് പ്രതികളാണ് കണ്ണൂർ ടൗൺ പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ ആറിന് രാത്രി എട്ടുമണിയോടെ പ്ളാസയിലെ മെട്രോ സൂപ്പർ മാർക്കറ്റ് ബിൽഡിങിലെ ഓഫീസിൽ വച്ചാണ് സംഭവം. ഓഫീസിൽ കടന്നുകയറിയ യുവാക്കൾ ഉമ്മറിനെ അക്രമിക്കുകയും കണ്ണിൽ മുളക് പൊടി വിതറി വിലയേറിയ ഫോൺ കവരുകയുമായിരുന്നു. സംഭവത്തിൽ പൊലിസ് കേസെടുത്ത കണ്ണൂർ ടൗൺ പൊലിസ് സി.സി.ടി.വി ക്യാമറാദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ കുറിച്ചു സൂചന ലഭിച്ചത്.
കണ്ണൂർ കോയ്യോട് സ്വദേശി ഹാരിസ്(35) മട്ടന്നൂർ സ്വദേശികളായ നൗഫൽ(39) ഷിഹാബ്(37) എന്നിവരാണ് പൊലിസ് പിടിയിലായത്. ഉമ്മർകുട്ടിയുടെ ഫോൺ തട്ടിയെടുത്ത് സ്വകാര്യ വീഡിയോകൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പൊലിസിന്റെ നിഗമനം. ഫോൺ തട്ടിയെടുക്കാൻ പദ്ധതി ആവിഷ്കരിച്ചത് ഹാരിസായിരുന്നു. ഹാരിസിന്റെ സൃഹുത്തുക്കളായ നൗഫൽ,ഷിഹാബ് എന്നിവരെ ഉൾപ്പെടുത്തി ഫോൺ തട്ടിയെടുക്കാൻ പലതവണ ശ്രമിച്ചുവെങ്കിലും സാധിച്ചിട്ടില്ല.
ഇതേ തുടർന്നാണ് ഓഫീസിൽ കയറി അക്രമം നടത്താൻ തീരുമാനിച്ചത്. കണ്ണൂർ ടൗൺ പൊലിസ് ഇൻസ്പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. എസ്. ഐമാരായ അരുൺ നാരായണൻ, നസീബ്, എ. എസ്. ഐ അജയൻ, രഞ്ജിത്ത്, നാസർ, ഷൈജു, രാജേഷ്, റമീസ്, പ്രമോദ്, ഷാജി, ബാബുമണി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
നേരത്തെ കണ്ണൂർ നഗരത്തിലെ കെട്ടിടത്തിന് ബിൽഡിങ് പെർമിറ്റു കിട്ടുന്നതിനായി രാഷ്ട്രപതിയുടെ പേരിൽ വ്യാജ രേഖ കണ്ണൂർ കോർപറേഷനിൽ സമർപ്പിച്ച കേസിലെ പ്രതിയാണ് ഉമ്മർകുട്ടി. ഇയാളുടെ സഹോദരനും കണ്ണൂർ ടൗൺ പൊലിസെടുത്ത കേസിലെ പ്രതിയാണ്. അന്നത്തെ കണ്ണൂർ കോർപറേഷൻ സെക്രട്ടറിയാണ് പരാതിക്കാരൻ.