തിരുവല്ല: നടന്‍ മോഹന്‍ലാലിന്റെ വയനാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തി പരാമര്‍ശം നടത്തിയതിന് സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ ചെകുത്താന്‍ എന്ന പേജ് കൈകാര്യം ചെയ്യുന്ന തിരുവല്ല മഞ്ഞാടി ആമല്ലൂര്‍ മഠത്തില്‍ വീട്ടില്‍ അജു അലക്സിനെ(42)തിരേ പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവില്‍പ്പോയി. അമ്മ സെക്രട്ടറി സിദ്ദിഖ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്.

വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ ആര്‍മിയ്ക്കും നടന്‍ മോഹന്‍ലാലിനും എതിരെ എഫ്ബി പേജില്‍ നടത്തിയ വിവാദ പരാമര്‍ശം ആണ് കേസിന് ഇടയാക്കിയത്. കേസെടുത്തതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി തിരുവല്ല എസ് എച്ച് ഒ ബി കെ സുനില്‍ കൃഷ്ണന്‍ പറഞ്ഞു.

ബിഎന്‍എസിലെ 192, 296 (ബി), കേരള പോലീസ് ആക്ടിലെ 120(ഓ)വകുപ്പുകള്‍ പ്രകാരമാണ് കേസ്. കഴിഞ്ഞ മൂന്നിനാണ് മോഹന്‍ലാലിനും സൈന്യത്തിനും എതിരായ വീഡിയോ ഇയാള്‍ അപ്ലോഡ് ചെയ്തത്. സമൂഹമാധ്യമത്തില്‍ മോഹന്‍ലാലിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ആരാധകര്‍ക്കിടയില്‍ വിദ്വേഷം ജനിപ്പിച്ച് സമൂഹത്തില്‍ ലഹളയുണ്ടാക്കുന്നതിനും അജു അലക്സ് ശ്രമിച്ചുവെന്നാണ് എഫ്ഐആര്‍.