- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നാല് അധ്യാപകരുടെ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് നല്‍കി തട്ടിയത് 30 ലക്ഷം; സ്‌കൂളിലെ രക്ഷിതാക്കളുടെയും താത്കാലിക ജീവനക്കാരുടെയും പേരില്‍ വ്യാജരേഖയുണ്ടാക്കി തട്ടിയത് 35 ലക്ഷം: ചേര്‍ത്തല ടൗണ്‍ എല്‍.പി. സ്‌കൂളിലെ പ്രഥമാധ്യാപിക എന്‍.ആര്‍. സീതയ്‌ക്കെതിരേ കേസ്
ലക്ഷങ്ങളുടെ തട്ടിപ്പ്; ചേര്‍ത്തല ടൗണ്‍ എല്‍.പി. സ്‌കൂളിലെ പ്രഥമാധ്യാപിക എന്‍.ആര്‍. സീതയ്‌ക്കെതിരേ കേസ്
ചേര്‍ത്തല: വ്യാജ ശമ്പളസര്‍ട്ടിഫിക്കറ്റ് നല്‍കി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ കേസില്‍ ചേര്‍ത്തല ടൗണ്‍ എല്‍.പി. സ്‌കൂളിലെ പ്രഥമാധ്യാപിക എന്‍.ആര്‍. സീതയ്‌ക്കെതിരേ പോലീസ് കേസെടുത്തു. അധ്യാപകരുടെ പേരില്‍ വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി വിവിധ കെഎസ്എഫ്ഇ ശാഖകളില്‍ നിന്നും ലോണ്‍ എടുത്തും ചിട്ടിക്ക് ഈട് വെച്ചുമാണ് തട്ടിപ്പ് നടത്തിയത്. അന്വേഷണം ഊര്‍ജിതമാകുന്നതോടെ ലക്ഷങ്ങളുടെ തട്ടിപ്പ് കോടി കടക്കുമെന്നാണ് കരുതുന്നത്. ഇതേ സ്‌കൂളിലെ നിരവധി അധ്യാപകരാണ് പ്രഥമാധ്യാപികയുടെ കൊടിയ വഞ്ചനയ്ക്ക് ഇരയായത്. സ്‌കൂളില്‍ പോലിസ് എത്തിയതോടെയാണ് അധ്യാപകര്‍ പ്രഥമാധ്യാപിക നടത്തിയ തട്ടിപ്പ് അറിയുന്നത്. ഇതിന്റെ ഞെട്ടല്‍മാറും മുന്‍പാണ് തങ്ങളെ ചതിയില്‍പ്പെടുത്തിയ വിവരവും അധ്യാപകര്‍ അറിയുന്നത്.
പ്രീപ്രൈമറി ക്ലാസുകളിലെ താല്‍ക്കാലിക അധ്യാപകരുടെ പേരില്‍ വരെ വ്യാജരേഖ ഉണ്ടാക്കിയതായാണ് വിവരം. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അധ്യാപികയുടെയും ബന്ധുവിന്റെയും ചിട്ടിക്കും വായ്പയ്ക്കും ജാമ്യം നല്‍കി തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് കേസ്. കെ.എസ്.എഫ്.ഇ. അര്‍ത്തുങ്കല്‍, പട്ടണക്കാട്, ചേര്‍ത്തല, പുത്തനങ്ങാടി തുടങ്ങി ആലപ്പുഴ ജില്ലയിലെ നിരവധി കെ.എസ്.എഫ്.ഇ. ശാഖകളില്‍ നിന്നും ഇവര്‍ പണം തട്ടി. വിവിധ ശാഖകളിലെ മാനേജര്‍മാര്‍ നല്‍കിയ പരാതിയിലാണ് നടപടി. സീതയെ മൂന്നാം പ്രതിയാക്കിയാണ് മൂന്നു സ്റ്റേഷനിലെയും കേസ്. അധ്യാപകര്‍ക്ക് പുറമേ നാട്ടിലുള്ള പലരും ഇവരുടെ കെണിയില്‍ വീണതായും റിപ്പോര്‍ട്ട് ഉണ്ട്.
അര്‍ത്തുങ്കല്‍ പോലീസെടുത്ത കേസില്‍ സീതയുടെ ബന്ധുവായ വൈശാഖ് ആണ് ഒന്നാം പ്രതി. വൈശാഖിന്റെ പേരിലെ ചിട്ടിത്തുക കിട്ടുന്നതിനാണ് വ്യാജ ശമ്പളസര്‍ട്ടിഫിക്കറ്റു നല്‍കിയത്. സ്‌കൂളിലെ പ്രൈമറി തലത്തിലെ താത്കാലിക അധ്യാപിക രണ്ടാം പ്രതിയാണ്. ഈ അധ്യാപിക അറിയാതെ അവരുടെ പേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റു തയ്യാറാക്കിയത്. ചേര്‍ത്തല, പട്ടണക്കാട് പോലീസ് സ്റ്റേഷനുകളിലും ഇതേ തരത്തിലാണ് കേസ്.
അധ്യാപികയുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണു വിവരം. കെ.എസ്.എഫ്.ഇ. ശാഖകളില്‍ ചിട്ടികള്‍ക്കും വായ്പകള്‍ക്കും വ്യാജ ശമ്പളസര്‍ട്ടിഫിക്കറ്റു നല്‍കിയായിരുന്നു തട്ടിപ്പ്. സ്‌കൂളിലെ നാല് അധ്യാപകരുടെ ശമ്പള സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി തയ്യാറാക്കി നല്‍കി 30 ലക്ഷത്തോളം വായ്പയെടുത്തെന്നാണു പരാതി. തട്ടിപ്പു പുറത്തായശേഷം അധ്യാപിക സ്‌കൂളില്‍ എത്തിയിട്ടില്ല. ഇവരുടെ ഫോണും ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ്.
ഇതേ സ്‌കൂളിലെ രക്ഷിതാക്കളുടെയും താത്കാലിക ജീവനക്കാരുടെയും പേരില്‍ വ്യാജരേഖയുണ്ടാക്കി 35 ലക്ഷത്തിന്റെ വായ്പയെടുത്തതായും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിനു പുറമേ ഇരുപതോളം അധ്യാപകരെ ജാമ്യം നിര്‍ത്തിയും വായ്പയെടുത്തു. പി.ടി.എ. ഫണ്ടില്‍ തിരിമറി നടത്തിയെന്നാരോപിച്ചും ടൗണ്‍ എല്‍.പി. സ്‌കൂള്‍ പി.ടി.എ. ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്‌കൂളിലെ അധ്യാപകര്‍ നല്‍കിയ പരാതിയില്‍ വിദ്യാഭ്യാസ വകുപ്പ് ആഭ്യന്തര അന്വേഷണം നടത്തി. ചേര്‍ത്തല എ.ഇ.ഒ. സ്‌കൂളിലെത്തി അധ്യാപകരുടെ മൊഴിയെടുത്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച വിദ്യാഭ്യാസ ഓഫീസര്‍ക്കു നല്‍കും.