കുറ്റ്യാടി: നിക്ഷേപ തട്ടിപ്പില്‍ ഒരാള്‍ അറസ്റ്റില്‍. കുറ്റ്യാടിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് വേളം പൂളക്കൂല്‍ സ്വദേശി കെ.കെ. ഷൈജുവിനെ (41)യാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ കുറ്റ്യാടി ബ്രാഞ്ച് മാനേജരാണ് ഇദ്ദേഹം. സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് നടത്തി. സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപത്തുകയും പലിശയും നല്‍കാതെ വഞ്ചിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

സ്ഥാപനത്തില്‍ പോലീസ് റെയ്ഡ് നടത്തി. കൂടുതല്‍ പലിശ വാഗ്ദാനംചെയ്താണ് ഇടപാടുകാരില്‍നിന്ന് സ്ഥിരനിക്ഷേപം സ്വീകരിച്ചത്. ഇരുപത്തിയഞ്ചോളം കേസുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയെ നാദാപുരം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. സൊസൈറ്റിയുടെ ഡയറക്ടര്‍മാരുടെപേരിലാണ് കുറ്റ്യാടി പോലീസ് കേസെടുത്തത്. കുറ്റ്യാടി വടയം സ്വദേശി പിലാവുള്ളപറമ്പത്ത് പി.പി. വിനോദന്റെ പരാതിയിലാണ് ആദ്യ കേസ് പോലീസ് രജിസ്റ്റര്‍ചെയ്തത്.

തൊട്ടില്‍പ്പാലം, കുറ്റ്യാടി ടൗണുകളില്‍നിന്നായി ദിവസ കളക്ഷന്‍ സ്വീകരിച്ചവകയിലും വലിയൊരുതുകയാണ് വിശ്വദീപ്തി വിവിധ കച്ചവടക്കാര്‍ക്ക് നല്‍കാനുള്ളത്. കോടികളുടെ തട്ടിപ്പാണ് നടന്നതെന്നും കേരളത്തിലുടനീളം ഒട്ടേറെപ്പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. തൃശ്ശൂരിലും, മലപ്പുറത്തും കേസുകള്‍ രജിസ്റ്റര്‍ചെയ്തതായി പോലീസ് പറഞ്ഞു.

ഒട്ടേറെ ഗവ. റിട്ട. ഉദ്യോഗസ്ഥര്‍ ഇവിടെ പണം നിക്ഷേപിച്ചതായി പോലീസ് പറഞ്ഞു. നൂറുകണക്കിന് ആളുകള്‍ കുറ്റ്യാടി മേഖലയിലും തട്ടിപ്പിനിരയായതായി പോലീസ് പറഞ്ഞു. മലപ്പുറം, കുറ്റ്യാടി, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ സൊസൈറ്റിക്ക് ബ്രാഞ്ചുകളുണ്ട്.