- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കുറഞ്ഞ പലിശയിൽ ലക്ഷങ്ങളുടെ ലോൺ തരപ്പെടുത്താം, തിരിച്ചടവ് കാലാവധി 18 വർഷം; ബിസിനസ് സ്ഥാപനത്തിന്റെ സീൽ പതിച്ച ചെക്കുകൾ കാട്ടി വിശ്വാസ്യത പിടിച്ചുപറ്റി; മലപ്പുറം സ്വദേശി സൗപർണികയുടെ തട്ടിപ്പിൽപ്പെട്ടത് നിരവധി പേർ; പ്രതി അറസ്റ്റിലായി മാസങ്ങൾ കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാതെ തട്ടിപ്പിനിരയായവർ
മലപ്പുറം: കുറഞ്ഞ പലിശനിരക്കിൽ ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്‌ദാനം നൽകി തട്ടിപ്പ് നടത്തിയ പ്രതി പിടിയിലായിട്ടും നഷ്ടമായ പണം തിരികെ ലഭിക്കാതെ പ്രതിസന്ധിയിലായി തട്ടിപ്പിനിരയായവർ. കേസിലെ മുഖ്യ പ്രതിയായ മലപ്പുറം വള്ളിക്കുന്ന് സ്വദേശി സൗപർണിക (37) യെ പരപ്പനങ്ങാടി പോലീസ് 8 മാസങ്ങൾക്ക് മുൻപ് അറസ്റ്റ് ചെയ്തിരുന്നു. സൗപർണികയുടെ ഭർത്താവ് അനീഷ് കുമാറാണ് കേസിൽ രണ്ടാം പ്രതി. നിരവധി പേരെയാണ് പ്രതികൾ പണം കൈപ്പറ്റി കബളിപ്പിച്ചത്. ശ്രീ ലക്ഷ്മി ബിസിനസ്സ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. രാജേഷും മറ്റുരണ്ടുപേരും നൽകിയ പരാതിയിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
2024 ഏപ്രിൽ മാസം ചിറമംഗലം സ്വദേശി രാജേഷ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. 10 ലക്ഷം രൂപ ലോൺ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 40,000 നാല്പതിനായിരം രൂപ കൈപറ്റി കബളിപ്പിച്ചെന്നായിരുന്നു രാജേഷിന്റെ പരാതി. ആറുശതമാനം പലിശനിരക്കിൽ പത്ത് ലക്ഷം രൂപ 72 പ്രവർത്തി ദിവസത്തിനുള്ളിൽ ലഭിക്കുമെന്നും 18 വർഷംകൊണ്ട് അടച്ച് തീർത്താൽ മതിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പണം തട്ടിയത്. ലോണിന് അഞ്ച് ലക്ഷം രൂപക്ക് 20,000 രൂപ കമ്മീഷൻ നൽകണമെന്നായിരുന്നു ആവശ്യം. പല തവണകളായാണ് പ്രതികൾ രാജേഷിന്റെ കയ്യിൽ നിന്നും പണം കൈപ്പറ്റുന്നത്. പത്ത് ലക്ഷം രൂപക്ക് 37000 രൂപ നേരിട്ടും 3000 രൂപ ഗൂഗിൾ പേ വഴിയുമാണ് രാജേഷ് പണം നൽകിയത്.
തൃശൂർ സ്വദേശിയായ സച്ചിൻ, എറണാകുളം സ്വദേശികളായ അശ്വിൻ വിനോദ്, സുജിത്, നവനീദ് എന്നിവർ നൽകിയ പരാതിയിലും പ്രതികൾക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലായിരുന്നു പരാതിക്കാരിൽ നിന്നും സൗപർണിക പണം കൈപ്പറ്റുന്നത്. 5 ലക്ഷം രൂപയുടെ ലോണായിരുന്നു ഇവർക്ക് നൽകാമെന്ന് പറഞ്ഞിരുന്നത്. ഇതിനായി 50,000 രൂപ സർവീസ് ചാർജ് എന്ന വ്യാജേനയും കൈപ്പറ്റിയിരുന്നു. തുടർന്ന് ശ്രീ ലക്ഷ്മി ബിസിനസ്സ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ സീൽ പതിച്ച ചെക്കുകളിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. എന്നാൽ ലോൺ ലഭിക്കാതായതോടെ പരാതിക്കാർ പോലീസിനെ സമീപിക്കുകയായിരുന്നു.
സമാനമായ രീതിയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലായി നിരവധി ആളുകളിൽ നിന്നും ഇവർ പണം തട്ടിയിട്ടുണ്ട്. എന്നാൽ പ്രതി അറസ്റ്റിലായി 8 മാസം പിന്നിടുമ്പോഴും നഷ്ടമായ പണം തട്ടിപ്പിനിരയായവർക്ക് ലഭിച്ചിട്ടില്ല. സമാനമായ തട്ടിപ്പുകൾ ഇവർ തുടരുന്നതായും പരാതിക്കാർ പറയുന്നു. ശ്രീലക്ഷ്മി കോൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ പേരിലാണ് സൗപർണിക ഇടപാടുകാരെ സമീപിച്ചിരുന്നത്. ഇൻസ്‌പെക്ടർ സഞ്ജു ജോസഫും സംഘവും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. എസ്.ഐ. മാരായ മുഹമ്മദ് റഫീഖ്, ജയദേവൻ, എ.എസ്.ഐ. റീന, എസ്.സി.പി.ഒ. അനിൽകുമാർ, സി.പി.ഒ മാരായ മഹേഷ്, സുവിത എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.