ബെം​ഗളൂരു: ബെം​ഗളൂരുവിനെ ഞെട്ടിച്ചുകൊണ്ട് വീണ്ടും സദാചാര ​ഗുണ്ടായിസം നടന്നെന്ന് വിവരങ്ങൾ. ബെംഗളുരുവിലെ ഒരു പാർക്കിൽ ബുർഖ അണിഞ്ഞ യുവതിക്കൊപ്പം ഇരുന്ന യുവാവിന് നേരെയാണ് ആക്രമണം നടന്നിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ വലിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അതേ സമയം, എവിടെ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

യുവതിയോട് ബുർഖ മാറ്റാനും പേര് പറയാനും അക്രമിസംഘം ആക്രോശിക്കുന്നത് ദൃശ്യങ്ങളിൽ ഉണ്ട്. ഉപദ്രവിക്കരുതെന്ന് ഇവർ കരഞ്ഞ് പറഞ്ഞിട്ടും അക്രമികൾ ഇവരെ തടഞ്ഞ് വച്ചതായി ദൃശ്യങ്ങളിൽ കാണാം. ബെംഗളുരു പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ വ്യക്തമാക്കി. അക്രമി സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

അതേസമയം, കഴിഞ്ഞ ദിവസം ഒരു പാർക്കിന് പുറത്ത് സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും അഞ്ച് പേർ ചേർന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പിന്നീട് ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരെ പോലീസ് കൈയ്യോടെ പൊക്കി. അതുപ്പോലെ ഇത്തരം പ്രവണതകൾ സംസ്ഥാനത്ത് ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് കർണാടക മന്ത്രിയും പറഞ്ഞിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓറഞ്ച് ടീഷർട്ട് ധരിച്ച ഒരു യുവാവും ബുർഖ ധരിച്ചിരിക്കുന്ന ഒരു യുവതിയും സ്കൂട്ടറിൽ മുഖാമുഖം തിരിഞ്ഞിരിക്കുന്നതും അടുത്ത് നിൽക്കുന്ന അഞ്ച് പേർ ഇവരുമായി രൂക്ഷമായ വാദപ്രതിവാദങ്ങൾ നടത്തുന്നതുമാണ് വിഡിയോയിൽ ഉള്ളത്.

ആദ്യം യുവതിയോട് അവരുടെ കുടുംബത്തെക്കുറിച്ചും വീടിനെക്കുറിച്ചുമൊക്കെ ചോദിച്ച ശേഷം മറ്റൊരു മതത്തിലുള്ള യുവതിയെയും കൊണ്ട് എന്തിനാണ് ചുറ്റിക്കറങ്ങുന്നതെന്ന് ചോദിച്ച് യുവാവിനെ ചോദ്യം ചെയ്തു. ബുർഖ ധരിച്ച് ഒരു പുരുഷനോടൊപ്പം ഇരിക്കാൻ നാണമില്ലേ എന്ന് യുവതിയോട് സംഘത്തിലുള്ളവർ ചോദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ വ്യക്തമായി കാണുന്നുണ്ട്.

പരാതി ലഭിച്ചതനുസരിച്ച് കേസ് രജിസ്റ്റ‍ർ ചെയ്തതായും അന്വേഷണം തുടരുകയാണെന്നും അധികൃതർ പറഞ്ഞു. യുവാവും യുവതിയും സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു അപ്പോൾ അഞ്ച് പേർ അവിടെയെത്തി ചോദ്യം ചെയ്തുവെന്നാണ് ആരോപണം. സംഭവം അക്രമാസക്തമായിരുന്നില്ലെന്ന് പൊലീസ് പറയുമ്പോഴും യുവാവിനെ തടിപോലുള്ള വസ്തു കൊണ്ട് സംഘം ആക്രമിക്കുന്ന മറ്റൊരു ദൃശ്യവും പിന്നീട് പുറത്തുവന്നിട്ടുണ്ട്. യുവതി പരാതി നൽകിയ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും അവരിൽ ഒരാൾ പ്രായപൂർത്തിയാവാത്ത വ്യക്തിയാണെന്നും പോലീസ് പറയുന്നു. ഇതോടെ ഇത്തരം പ്രവർത്തികൾക്കെതിരെ വീണ്ടും സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ച നടക്കുകയാണ്.