കൊല്ലം: ചാത്തന്നൂർ ഊന്നിൻമൂട്ടിൽ അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് ഈ സംഭവം പുറത്തറിയുന്നത്. ഊന്നിൻമൂട് കരിമ്പാലൂർ 'നിധി ഭവനിൽ' ലൈന (43), മകൻ പോളിടെക്നിക് വിദ്യാർത്ഥിയായ പ്രണവ് (20) എന്നിവരാണ് മരിച്ചത്.

ലൈനയുടെ അടുത്ത ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതിനെത്തുടർന്ന് വീട്ടിലെത്തി നോക്കിയപ്പോഴാണ് ഗേറ്റും വീടും അടഞ്ഞുകിടക്കുന്നതായി കണ്ടത്. തുടർന്ന് അയൽവാസികളെ വിവരമറിയിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈനയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലും മകൻ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലെ ജനലിലും തൂങ്ങിമരിച്ച നിലയിലായിരുന്നു.

മരണസമയത്ത് ഇരുവരും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ലൈനയുടെ മറ്റൊരു മകൻ എറണാകുളത്ത് പഠിക്കുകയാണ്. സംഭവമറിഞ്ഞ് വിദേശത്തായിരുന്ന ഭർത്താവ് പ്രേംജി നാട്ടിലെത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ സംസ്കരിച്ചു.

മരണകാരണം സംബന്ധിച്ച് വ്യക്തമായ സൂചനകളൊന്നും ലഭ്യമല്ലാത്തതിനാൽ, പാരിപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.