തിരുവനന്തപുരം: മോഷണം നടത്തിയതിന് അറസ്റ്റിലായതിന് ശേഷം ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം നടത്തിയ പ്രതി പിടിയില്‍. നെയ്യാറ്റിന്‍കരയുടെ വിവിധ ഭാഗങ്ങളിലായി പൊതുനിരത്തിലടക്കം പാര്‍ക്ക് ചെയ്തിരിക്കുന്ന മോട്ടോര്‍ സൈക്കിളുകള്‍ സ്ഥിരമായി മോഷ്ടിക്കുന്ന ചെങ്കല്‍ മരിയാപുരം മേലമ്മാകം പുളിയറ വിജയാ ബംഗ്ലാവില്‍ ബിഭിജിത്താണ് (22) പിടിയിലായത്. നെയ്യാറ്റിന്‍ക്കര പോലീസാണ് ബിഭിജിത്തിനെ അറസ്റ്റ് ചെയ്തത്.

നെയ്യാറ്റിന്‍കര കെഎസ്എഫ്ഇ പാര്‍ക്കിങ് ഏരിയയില്‍ നിന്നും ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍ മോട്ടോര്‍ സൈക്കിള്‍ മോഷണം പോയത് സംബന്ധിച്ച് സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി പാര്‍ക്കിങ് ഏരിയയില്‍ നിന്നും ഒരു മോട്ടോര്‍ സൈക്കിള്‍ മോഷണം നടത്തിയതിന് ഇയാള്‍ നേരത്തെയും പിടിക്കപ്പെട്ടിട്ടുണ്ട്. പൂവാര്‍ പെട്രോള്‍ പമ്പില്‍ പിടിച്ചുപറി നടത്തിയതിന് ഇയാളുടെ പേരില്‍ കേസ് നിലവിലുണ്ട്.

നെയ്യാറ്റിന്‍കര എസ്.എച്ച്.ഒ എസ്.ബി പ്രവീണ്‍,സബ് ഇന്‍സ്‌പെക്ടര്‍ ആശിഷ്,ഗ്രേഡ് എസ്‌ഐ രവികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിനോയ് ജസ്റ്റിന്‍, ലെനിന്‍, ഷാഡോ പൊലീസ് ടീം അംഗം പത്മകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിന്‍കര ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.